പ്രളയക്കെടുതികള്‍ തടയാന്‍ ഡാം മാനേജ്‌മെന്റ് കുറ്റമറ്റതാക്കണം: മുസ്്‌ലിംലീഗ്
പാലക്കാട്: പ്രളയക്കെടുതികള്‍ തടയാന്‍ ഡാം മാനേജ്‌മെന്റ് കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണമെന്ന് ജില്ലാ മുസ്്‌ലിംലീഗ് യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ കെടുതിക്ക് കാരണം ഡാമുകള്‍ യഥാസമയം തുറക്കാതെ നീട്ടിക്കൊണ്ടുപോയി ഒടുവില്‍ മുന്നറിയിപ്പില്ലാതെ 33 ഡാമുകള്‍ ഒന്നിച്ചുതുറന്നതാണെന്നും വിദഗ്ധര്‍ വിലയിരുത്തിയിരിക്കുന്നു. കേരളം ഇന്നേവരെ കാണാത്ത പ്രളയക്കെടുതി രൂക്ഷമാക്കിയത് ഇക്കാരണത്താലാണെന്നും യോഗം വിലയിരുത്തി. കാലാവസ്ഥാ വിദഗ്ധരുടെയും ഏജന്‍സികളുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ച സംസ്ഥാന സര്‍ക്കാരിനും കേരളത്തിലെ ഡാം മാനേജ്‌മെന്റ് അതോറിറ്റിക്കും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയില്ല. പാലക്കാട് നഗരത്തിലും സമീപപ്രദേശങ്ങളിലും ഇത്തരത്തിലുണ്ടായ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച ഇക്കാരണംമൂലം ഉണ്ടായതാണ്. പ്രളയക്കെടുതിയില്‍ നഷ്ടമുണ്ടായ കര്‍ഷകരെയും സംരക്ഷിക്കാനുള്ള പാക്കേജുകള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ്പ്രസിഡന്റ് എം.എം ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകന്‍ സി.എച്ച് റഷീദ്, സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് ഹംസ, അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണിഹാജി, ജില്ലാ ഭാരവാഹികളായ പി.ടി കുഞ്ഞാനു മാസ്റ്റര്‍, യു.ഹൈദ്രോസ്്, കെ.ബി.എ സമദ്, അബ്ദുറഹീം, പി.ഇ സലാം മാസ്റ്റര്‍, റഷീദ് ആലായന്‍, അഡ്വ.മുഹമ്മദലി മറ്റാംതടം, എം.എസ് അലവി, എം.എസ് നാസര്‍, വി.മുഹമ്മദ് പട്ടാമ്പി, സി.എ സാജിത്, ഗഫൂര്‍ കോല്‍ക്കളത്തില്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി മരക്കാര്‍ മാരായമംഗലം സ്വാഗതവും ട്രഷറര്‍ പി.എ തങ്ങള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."