ബഹിഷ്കരണത്തിനു മുന്നില്‍ പതറി: കര്‍ഷകര്‍ക്കെതിരായ കേസ് ഒത്തുതീര്‍ക്കാന്‍ ലയ്സ്, ഒപ്പം കര്‍ഷകര്‍ക്ക് നല്ലൊരു ഓഫറും
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സിക്കോ ഉല്പന്നമായ ലയ്സ് നല്കിയ ഹരജിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ, അനുനയ നീക്കവുമായി കമ്പനി രംഗത്ത്. കര്‍ഷകര്‍ക്കെതിരായ കേസ് കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പിന് തയ്യാറാണെന്നും കര്‍ഷകരെ തങ്ങളുടെ പരിശീലന പരിപാടിയുടെ ഭാഗമാക്കാമെന്നും പെപ്സികോ ഓഫര്‍ മുന്നോട്ടു വച്ചു.
ചിപ്സ് ഉണ്ടാക്കാനുപയോഗിക്കുന്ന പ്രത്യേക വര്‍ഗം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ 9 കര്‍ഷകര്‍ക്കെതിരെ 1.05 കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്് പെപ്സികോയുടെ ലയ്സ് കമ്പനി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് കമ്പനിയ്ക്കെതിരേ ബഹിഷ്ക്കരണാഹ്വാനം ശക്തമായി. തുടക്കത്തില്‍ വിളയും വിത്തുകളും മുഴുവനായി നശിപ്പിച്ചാല്‍ മാത്രം കേസ് പിന്‍വലിക്കാമെന്ന് ഉപാധിവച്ച കമ്പനി ബഹിഷ്ക്കരണാഹ്വാനത്തിന് പിന്നാലെ അനുനയത്തിന് തയ്യാറാവുകയായിരുന്നു.
ഒത്തുതീര്‍ക്കാന്‍ കര്‍ഷകര്‍ക്കു മുന്നില്‍ ഓഫര്‍
തങ്ങളുമായി സഹകരിച്ച് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന പദ്ധതിയില്‍ കര്‍ഷകര്‍ക്ക് വേണമെങ്കില്‍ അംഗമാകാമെന്നാണ് പെപ്സിയുടെ ഓഫര്‍. കാര്‍ഷികോത്പാദനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് തങ്ങള്‍ക്കുള്ളത്. പദ്ധതിയില്‍ അംഗമാകാന്‍ അവര്‍ക്ക് താല്പര്യമില്ലെങ്കില് അവര്‍ക്ക് തങ്ങളുമായി കരാറിലാവുകയും മറ്റു തരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ ഉദ്പാദിപ്പിക്കുകയും ചെയ്യാമെന്നും തങ്ങള്‍ നല്ല വില നല്കി വാങ്ങുമെന്നും പെപ്സികോ ഓഫര്‍ ചെയ്തു.
മുന്‍ നിലപാട് മയപ്പെടുത്തി
കര്‍ഷകര്‍ കൃഷി ചെയ്യുന്നത് തങ്ങള്‍ പേറ്റന്റ് നേടിയ വിത്താണെന്നും അത് തങ്ങളുടെ അനുമതിയില്ലാതെ കൃഷി ചെയ്യാനാവില്ലെന്നും പറഞ്ഞാണ് പപ്്സികോയുടെ കേസ് ഫയല്‍ ചെയ്തത്. നിലവില്‍ നിരവധി കര്‍ഷകര്‍ തങ്ങളുടെ പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ട്. അവരുടെ ജീവിതത്തെ ബാധിക്കുന്നുവെന്നതിനാല്‍ വേറെ വഴിയില്ലാത്തതിനാലാണ് തങ്ങള്‍ കോടതിയെ സമീപിച്ചത്. ഈ പ്രശ്നം കോടതിയ്ക്ക് പുറത്ത തീര്‍പ്പാക്കാന്‍ താല്പര്യമുണ്ടെന്നും പെപ്സികോ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബഹിഷ്കരണവും പ്രതിഷേധവും
രജിസ്റ്റര്‍ ചെയ്ത കേസ് നിരുപാധികം പിന്‍വലിക്കുന്നത് വരെ ലയ്സ് ഉള്‍പ്പടെയുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് കഴിഞ്ഞ ദിവംസ ആള് ഇന്ത്യാ കിസാന്‍ സഭ ആഹ്വാനം ചെയ്തിരുന്നു. കര്‍ഷകരുടെ അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടിരുന്നു. വിള വകഭേദങ്ങളും കര്‍ഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നിയമത്തിന്റെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായ കേസാണ് പെപ്സി കമ്പനി കര്‍ഷകര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നതെന്നും കിസാന്‍ സഭ ആരോപിച്ചു. കേസ് പരിഗണിച്ച കോടതി പെപ്സിക്കോയുടെതായ അഞ്ചു തരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്യരുതെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."