അട്ടപ്പാടിയില്‍ വീണ്ടും ചന്ദന വേട്ട, 11 കിലോ ചന്ദനവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ചന്ദന വേട്ട. പതിനൊന്ന് കിലോ ചന്ദനവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പെരിന്തല്‍മണ്ണ കടുങ്ങപുരം ഓടുപറമ്പില് വീട്ടില്‍ റഷീദ് (46), പാണ്ടിക്കാട് മുഴക്കല്ല് പട്ടാണി വീട്ടില്‍ അബ്ദുല്‍ അസീസ് എന്ന ബാവ (41) എന്നിവരാണ് അട്ടപ്പാടിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. അഗളി എ.എസ്്.പി സുജിത്ത് ദാസ് ഐ.പി.എസും, സ്ക്വാഡും ചേര്‍ന്ന് തന്ത്രപൂര്‍വമാണ് പ്രതികളെ വലയിലാക്കിയത്.
ഈ മാസം ആദ്യം 19 കിലോ ചന്ദനം അട്ടപ്പാടിയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇതിന്റ തുടര്‍ അന്വേഷണത്തില്‍ അട്ടപ്പാടിയില്‍ നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വ്യാപകമായി ചന്ദനം കടത്തുന്നതായി പൊലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ ഒരാഴ്ചയായി പോലീസ് നിരീക്ഷണത്തിലായിരിന്നു. സംഭവത്തില്‍ രണ്ട് പ്രതികളെയും ചന്ദനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇരുവരും. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണസംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."