നിറഞ്ഞ് ഷോളയാര്‍; അര്‍ഹതപ്പെട്ട തമിഴ്‌നാട് ജലം പാഴാക്കി കേരളം
തൊടുപുഴ: പറമ്പിക്കുളം- ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട ജലം പാഴാക്കി കേരളം. തമിഴ്‌നാട് ജലം എത്താതെതന്നെ ഷോളയാര്‍ ഡാം നിറഞ്ഞുകവിഞ്ഞു. ഇന്നലെ രാവിലത്തെ കണക്കുപ്രകാരം 2,662.95 അടിയാണ് ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 100 ശതമാനമാണ്.
പറമ്പിക്കുളം- ആളിയാര്‍ കരാര്‍പ്രകാരം 12.3 ടി.എം.സി ജലം കേരളത്തിന്റെ ഷോളയാര്‍ അണക്കെട്ടിന് അവകാശപ്പെട്ടതാണ്. ഇത് ഷോളയാര്‍ പവര്‍ഹൗസില്‍ നിന്ന് അളന്നു പുറത്തുവിടണം.
ഷോളയാര്‍ റിസര്‍വോയറിലെ ജലനിരപ്പ് ഫെബ്രുവരി ഒന്നിനും സെപ്റ്റംബര്‍ ഒന്നിനും പൂര്‍ണ സംഭരണശേഷിയായ 2,663 അടിയില്‍ നിലനിര്‍ത്തണമെന്നും സെപ്റ്റംബര്‍ രണ്ടു മുതല്‍ ജനുവരി 31 വരെ പൂര്‍ണ ജലനിരപ്പില്‍ നിന്ന് അഞ്ച് അടി താഴെ, 2,658 അടിയില്‍ നിലനിര്‍ത്തണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഷോളയാര്‍ പവര്‍ഹൗസില്‍ ഉല്‍പാദനം ഉയര്‍ത്തിക്കൊണ്ട് തമിഴ്‌നാട് ജലം സ്വീകരിക്കുന്ന രീതിയാണ് കേരളം പിന്തുടര്‍ന്നിരുന്നത്.
എന്നാല്‍, ഇക്കുറി ഉല്‍പാദനം ഉയര്‍ത്തിയില്ലെന്ന് മാത്രമല്ല, ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 20 വരെയുള്ള രണ്ടുമാസം ഷോളയാര്‍ പവര്‍ഹൗസില്‍ ഉല്‍പാദനം നടന്നിട്ടേയില്ല.
ജൂലൈ ഒന്നു മുതലാണ് ഷോളയാര്‍ അണക്കെട്ട് നിറയ്ക്കാന്‍ തമിഴ്‌നാട് വെള്ളം നല്‍കിവരുന്നത്. 54 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ഷോളയാര്‍ പവര്‍ഹൗസില്‍ 18 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഒരു ജനറേറ്റര്‍ പുനരുദ്ധാരണ പ്രവര്‍ത്തനത്തിലാണ്. 8.67 ലക്ഷം യൂനിറ്റായിരുന്നു ഷോളയാര്‍ പവര്‍ഹൗസില്‍ ഇന്നലത്തെ ഉല്‍പാദനം. നീരൊഴുക്ക് ഇനിയും ശക്തമായാല്‍ ഷോളയാര്‍ അണക്കെട്ട് തുറന്നുവിടേണ്ടിവരും. ആവശ്യമെങ്കില്‍ അണക്കെട്ട് തുറന്നുവിടാനുള്ള അനുമതിക്കായി വൈദ്യുതി ബോര്‍ഡ് തൃശൂര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. ഷോളയാര്‍ അണക്കെട്ട് തുറന്നുവിട്ടാല്‍ വെള്ളം പെരിങ്ങല്‍കുത്ത് അണക്കെട്ടിലേക്കാണ് എത്തുന്നത്. എന്നാല്‍, വിഷയത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് വൈദ്യുതി ബോര്‍ഡ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."