ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ്
ഇന്ത്യയുടെ ആദ്യ പൊതുതെരെഞ്ഞെടുപ്പ് മുതല്‍ ഇന്നുവരെയുള്ള തെരെഞ്ഞെടുപ്പുകളെയെല്ലാം ഇഴകീറി പരിശോധിച്ച് വിശകലനം ചെയ്യുകയും 2019ലെ തെരെഞ്ഞെടുപ്പിന്റെ ഭാവി പ്രവചിക്കുകയും ചെയ്യുന്ന പുസ്തകമാണിത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എന്‍.ഡി.ടി.വി സ്ഥാപകരിലൊരാളുമായ പ്രാണോയ് റോയും, എന്‍.ഡി.ടി.വി അഡൈ്വസര്‍ കൂടിയായ സൊപ്‌റെവാലയും തികച്ചും ശാസ്ത്രീയമായാണ് പുസ്തകം എഴുതിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ നിരക്ഷരായ വോട്ടര്‍മാര്‍ ഇന്ന് ബുദ്ധിമാന്‍മാരായ വോട്ടര്‍മാരായി (ംശലെ ്ീലേൃ) എന്നും രാഷ്ട്രീയ നേതാക്കളെ വിലയിരുത്താനും പാഠം പഠിപ്പിക്കാനും കഴിവുള്ളവരായി വളര്‍ന്നുവെന്നും അവര്‍ നിരീക്ഷിക്കുന്നു.
1952 മുതല്‍ 2019 വരെയുള്ള ഇന്ത്യയിലെ തെരെഞ്ഞെടുപ്പുകളെ മൂന്നായി തിരിച്ചു കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. 1952- 1977 കാലഘട്ടം കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ഭരണവിരുദ്ധ തരംഗമില്ലായിരുന്നുവെന്നും മണ്ഡലത്തില്‍ ജയിച്ചു കഴിഞ്ഞാല്‍ മണ്ഡലത്തില്‍ കാണാത്ത എം.പി - എം.എല്‍.എമാരെ പോലും ജയിപ്പിക്കുന്ന പതിവാണുണ്ടായതെന്നും രണ്ടാം കാലഘട്ടത്തില്‍ (1977- 2002) ഭരണവിരുദ്ധ തരംഗത്തിന്റെയും എം.പി - എം.എല്‍.എമാരുടെ പ്രവര്‍ത്തനം നോക്കി വോട്ടു ചെയ്യുന്ന കാലമായിരുന്നുവെന്നും എന്നാല്‍ 2002- 2019 ലേക്ക് വരുമ്പോള്‍ ഇത് രണ്ടിന്റെയും സമ്മിശ്ര സ്വഭാവമാണ് കാണുന്നതെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നു.
80 വര്‍ഷം അടിയന്തരാവസ്ഥ
എല്ലാ കാലത്തും സംസ്ഥാനങ്ങളില്‍ രാഷട്രപതി ഭരണമേര്‍പ്പെടുത്താനുള്ള വകുപ്പ് ദുരുപയോഗം ചെയ്തു. എസ്.ആര്‍ ബൊമൈ കേസ് വിധിയൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യയില്‍ നാളിതുവരെയായി 133 തവണയാണ് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടതെന്ന് രചിയിതാക്കള്‍ വ്യക്തമാക്കുന്നു. ഇത് മൊത്തം ദിവസങ്ങളായി കണക്കു കൂട്ടിയാല്‍ 80 വര്‍ഷം ആകുമെന്ന് പുസ്തകം സൂചിപ്പിക്കുന്നു. 70 വര്‍ഷം പാരമ്പര്യമുള്ള ജനാധിപത്യത്തില്‍ 80 വര്‍ഷം അടിയന്താരവസ്ഥ എന്ന് പറയാം മറ്റൊരു തരത്തില്‍. ഇന്ത്യയില്‍ പഞ്ചാബിലും, ജമ്മു കാശ്മീരിലുമാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് (എട്ടു തവണ). എങ്കിലും പുസ്തകം ചില പ്രത്യാശകള്‍ നമുക്ക് തരുന്നുണ്ട്. രാഷ്ട്രപതി ഭരണത്തിന്റെ എണ്ണം വളരെയധികം കുറഞ്ഞു വരുന്നുവെന്നതാണത്. ഏറ്റവും കൂടുതല്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടത് 1977 നും 2002 നും ഇടയ്ക്കാണ് എന്നും (66 തവണ), എന്നാല്‍ 2002- 2019 കാലഘട്ടത്തിലേക്ക് വരുമ്പോള്‍ 22 തവണയായി ചുരുങ്ങിയെന്നുമുള്ള കാര്യം പോസിറ്റിവ് ആണെന്നു വേണം കരുതാന്‍.
വോട്ടിങ് മെഷീന്‍ അപാകത?
ഇലക്ട്രോണിക് വോട്ടിങ് മെഷിനു 100 ശതമാനം ഗ്യാരന്റി നല്‍കുകയും ആരോപണങള്‍ തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. അതിനുള്ള കാരണങ്ങളായി ഇവര്‍ പറയുന്നത് വോട്ടിങ് യന്ത്രങ്ങള്‍ വൈഫൈ വഴിയൊ ബ്ലുടൂത്ത് വഴിയൊ ഒന്നിനോടും ഘടിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ടെക്‌നോളജിയില്‍ പറയുന്ന ഹാക്കിങ് സാധ്യമല്ലെന്നതാണ്. രണ്ടാമതായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കനുകൂലമായി പ്രീ പ്രോഗ്രാമിങ് സാധ്യമല്ലെന്നതാണ്. അതിനുള്ള കാരണമായി പറയുന്നത് ഓരോ പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഒരേ ഓര്‍ഡറിലല്ല സെറ്റ് ചെയ്യുന്നതെന്നും. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളുടെ പട്ടിക അംഗീകരിക്കപ്പെടുന്നത് തന്നെ തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മുമ്പാണെന്നും അപ്പോഴേക്കും പൊതുമേഖലാ സ്ഥാപനത്തില്‍ നിര്‍മിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഫാക്ടറികളില്‍ നിന്ന് വന്നിട്ടുണ്ടാവുമെന്നും പിന്നീട് വിതരണം ചെയ്യുന്നത് റാണ്ടം ആയാണെന്നതും ഈ വാദം ശരിയല്ലെന്നും തെളിയിക്കുന്നു.
വോട്ടിങ് യന്ത്രത്തെ അനുകൂലിക്കാനുള്ള രണ്ടാമത്തെ കാരണമായി ഗ്രന്ഥകര്‍ത്താക്കള്‍ പറയുന്നത് വോട്ടിങ് യന്ത്രം സാര്‍വ്വത്രികമായതോടു കൂടി ബൂത്ത് പിടിത്തം എന്ന പ്രതിഭാസം ഏതാണ്ട് പൂര്‍ണ്ണമായില്ലാതായി എന്നാണ്. ഒരു കാലത്ത് ഇന്ത്യയില്‍ 6- 7 ശതമാനം ബൂത്ത് പിടിത്തങ്ങള്‍ നടന്നിരുന്നുവെന്ന് വിവരിക്കുന്നു. ഒരു കൂട്ടം ആളുകള്‍ പോളിങ് ബൂത്തില്‍ അതിക്രമിച്ച് കയറുകയും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബാലറ്റ് പേപ്പറുകള്‍ കൈയടക്കി തങ്ങളുടെ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന രീതിയാണിത്. വോട്ടിങ് യന്ത്രത്തില്‍ ഈ തന്ത്രം പറ്റില്ലെന്നും ഒരു ബട്ടന്‍ അമര്‍ത്തി 12 സെക്കണ്ട് കാത്തിരുന്നാല്‍ മാത്രമേ അടുത്ത വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്നും ഇങ്ങനെ വന്നാല്‍ ഈ ക്രിമിനല്‍ കുറ്റം ചെയ്യാന്‍ ഒരു ബൂത്തില്‍ തന്നെ മൂന്ന് മൂന്നര മണിക്കൂര്‍ വേണ്ടി വരുമെന്നും ഇവര്‍ സാധൂകരിക്കുന്നു.
അഭിപ്രായ സര്‍വെ
ഇന്ത്യയിലാദ്യമായി അഭിപ്രായ സര്‍വെ നടത്തുന്നത് 1957 ല്‍ രണ്ടാം ലോക്‌സഭ തിരെഞ്ഞെടുപ്പില്‍ എറിക് ഡി കാസ്റ്റ യുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഒപ്പീനിയന്‍ ആണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയില്‍ അഭിപ്രായ സര്‍വെയുടെ പിതാവായി അദ്ദേഹത്തെ കണക്കാക്കാമെന്നും എന്നിരുന്നാലും വ്യാപകമായ അഭിപ്രായ സര്‍വെയ്ക്ക് നാലു പതിറ്റാണ്ട് പഴക്കമേയുള്ളൂവെന്നും കൂടി പുസ്തകം സൂചിപ്പിക്കുന്നു. അഭിപ്രായ സര്‍വെയെ വളരെ വിദഗ്ധമായി ഉപയോഗിച്ചത് കര്‍ണാടക മുഖ്യമന്ത്രി സന്തോഷ് ഹെഗ്‌ഡെ ആയിരുന്നു. ഇത്തരം സര്‍വെകളെ തൃണവല്‍ക്കരിക്കുകയും സര്‍വെ നടത്തിയ ലേഖകര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി ദേഷ്യപ്പെട്ട ജനതാ നേതാക്കളില്‍ ഒരാളായിരുന്ന ഇദ്ദേഹം 1984 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം തന്റെ മുഖ്യമന്ത്രി പദം നിലനിര്‍ത്താനായി രചിയിതാവുള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെടുകയായിരുന്നു. സര്‍വെയില്‍ സത്രീകള്‍ ഇദ്ദേഹത്തിന്റെ സര്‍ക്കാറിനെതിരാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് സ്ത്രീകളെ സ്വാധീനിക്കാന്‍ വാഗ്ദാന പെരുമഴ നടത്തുകയും ഹെഗ്ഡയുടെ പ്രസംഗത്തിന്റെ തുടക്കം തന്നെ സ്ത്രീകളോട് മുന്നിലോട്ട് കടന്നിരിക്കാനും സാരിയുള്‍പ്പടെ നല്‍കുകയാണുണ്ടായതെന്നും തുടര്‍ന്ന് കോണ്‍ഗ്രസിനനുകൂലമായുണ്ടായ തരംഗം ഇതോട് കൂടി ഇല്ലാതാവുകയും രാമകൃഷ്ണ ഹെഗ്ഡ തന്നെ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തതും വിവരിക്കുന്നുണ്ട്.
പ്രതിപക്ഷ അനൈക്യവും
വിജയവും
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്താണ് എളുപ്പവഴി, പോപ്പുലര്‍ വോട്ടുകള്‍ ഉറപ്പു വരുത്തുകയോ? അതോ പ്രതിപക്ഷത്തെ വിഭജിച്ചു നിര്‍ത്തലോ? ഈ പുസ്തകം ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം ഇതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആദ്യ 50 വര്‍ഷങ്ങളില്‍ പോപ്പുലര്‍ വോട്ടുകളാണ് വിധി നിര്‍ണയച്ചതെങ്കില്‍ ഇന്നിത് മാറ്റം വന്നിരിക്കുന്നുവെന്നും പ്രതിപക്ഷ അനൈക്യം ഉറപ്പുവരുത്തുകയും പാര്‍ട്ടികളെ പിളര്‍ത്തുന്നതുമാണ് 2002 മുതല്‍ ഒരു പാര്‍ട്ടിയുടെ വിജയം, പ്രത്യേകിച്ച് ലോക്‌സഭയിലേക്ക് ഉറപ്പു വരുത്തുന്നതെന്നും പുസ്തകം വിലയിരുത്തുന്നു. ആദ്യ കാലയളവില്‍ 75 ശതമാനം വിജയവും പോപ്പുലര്‍ വോട്ടുകള്‍ കൊണ്ടു മാത്രമായിരുന്നുവെങ്കില്‍ ഇന്നിത് 55 ശതമാനമായി ചുരുങ്ങുകയും ഭൂരിപക്ഷത്തിലും കുറവ് വരുന്നതുമായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുസ്‌ലിം പ്രാതിനിധ്യം
കുറയുന്നു
പ്രാതിനിധ്യ ജനാധിപത്യം പിന്തുടരുന്ന ഇന്ത്യയിലെ ജനപ്രതിനിധി സഭയാണ് ലോകസഭ. അത് കുറച്ചു കൂടി പ്രാതിനിധ്യമാക്കേണ്ടതുണ്ടെന്നു കൂടി പുസ്തകം വിലയിരുത്തുന്നുണ്ട്. ജനസംഖ്യയുടെ 14 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം ലോകസഭയില്‍ കുറഞ്ഞു വരുന്നതായും, ചരിത്രത്തിലാദ്യമായി ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു മുസ്‌ലിം പ്രതിനിധിയില്ലാത്തതും ഒരു വസ്തുതയായി തന്നെ പുസ്തകം വിലയിരുത്തുന്നുണ്ട്. മുസ്‌ലിം പ്രാതിനിധ്യം 1952- 1977 കാലഘട്ടത്തില്‍ ശരാശരി 25 ആയിരുന്നു. 1977- 2002 കാലത്തത് 35 ആയി വര്‍ധിച്ചുവെങ്കിലും 2002- 2019 കാലത്ത് അത് ശരാശരി 29 ആയി കുറഞ്ഞുവെന്നും വ്യക്തമാക്കുന്നു. ജനസംഖ്യപ്രകാരമാണെങ്കിലത് ശരാശരി 74 ആവണമെന്നാണ് കണക്ക്.
ഫീല്‍ഡ് അനുഭവങ്ങളുടെ പശ്ചാത്തിലെഴുതിയ പുസ്തകം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് എല്ലാ കാലത്തും ഒരു റഫറന്‍സ് ഗ്രന്ഥമായിരിക്കും. പുസ്തകം ചര്‍ച്ച ചെയ്യാതെ പോയത് തെരഞ്ഞെടുപ്പുകളില്‍ വര്‍ധിച്ചു വരുന്ന പണത്തിന്റെ സ്വാധീനമാണ്. വെല്ലൂരിലെ തെരഞ്ഞെടുപ്പ് തന്നെ മാറ്റി വയ്‌ക്കേണ്ടി വന്നു. അതുപോലെ വോട്ടര്‍മാരെ കൂടുതല്‍ ജാതിമത സത്വ ബോധത്തിന്റെയടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങളും കൂടി വരുന്നുണ്ട്. അത്തരം ചില സൂചകങ്ങള്‍ എത്രത്തോളം തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്നുണ്ടെന്ന് അവലോകനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന് തോന്നിയിട്ടില്ല. പുസ്തകം, തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യേണ്ട പുതിയ രീതികള്‍ വായനക്കാര്‍ക്ക് തരുമ്പോഴും ചിലത് വിശദീകരിക്കാന്‍ എടുത്ത രീതി ശാസ്ത്രം പൂര്‍ണമല്ല എന്നു വേണം കരുതാന്‍. ഉദാഹരണത്തിനു രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരിക്കുന്ന സീറ്റുകളും അതില്‍ നല്‍കുന്ന പ്രാതിനിധ്യവും ശതമാനത്തിലാക്കുകയാണ് ചെയ്യുന്നത്. ദേശീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പരിഗണിക്കേണ്ടതായി വരും. പ്രാദേശിക പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആ പ്രദേശത്തെ ജനസംഖ്യയെ സ്വാധീക്കുന്ന കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പരിഗണിച്ചാല്‍ മതി. ഇവിടെ പറഞ്ഞു വരുന്നത് കോണ്‍ഗ്രസ് കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുമ്പോള്‍ തന്നെ പുസത്കത്തിലൊരു ഭാഗത്ത് മൊത്തം സ്ഥാനാര്‍ഥികളില്‍ ഏഴു ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം എന്നു വിലയിരുത്തുന്നുണ്ട്. മുസ്‌ലിം പ്രാതിനിധ്യം ഏറ്റവും കൂടുതല്‍ ആര്‍.ജെ.ഡി (17%), എസ്.പി ( 16%) എന്നീ പാര്‍ട്ടികളിലാണ് എന്നാണ് പ്രണയ്‌റോയും സൊപ്‌റെവാലയും പറയുന്നത്. ഇതേ പുസ്തകത്തില്‍ മറ്റൊരു ഭാഗത്ത് പരാമര്‍ശിക്കുന്നത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്നത് ബീഹാര്‍, യു.പി പോലുള്ള സംസ്ഥാനങ്ങളിലാണെന്നാണ്. മേല്‍പ്പറഞ്ഞ രണ്ടു പാര്‍ട്ടികള്‍ക്കും ആ സംസ്ഥാനത്തു മാത്രമാണ് സ്വാധീനം കൂടുതല്‍. വിജയസാധ്യത ഉറപ്പുവരുത്താനുള്ള ഒന്നായി മാത്രമേ അതിനെ കാണാന്‍ പറ്റുള്ളൂ. അതുകൊണ്ട് അതു വിശകലനം ചെയ്യാന്‍ സ്വീകരിച്ച മാനദണ്ഡം ശരിയല്ലെന്നു വേണം കരുതാന്‍. ഇത്തരം ചില അപാകതകള്‍ മാറ്റി വച്ചാല്‍ 284 പേജുള്ള പുസ്തകം ഭാവിയില്‍ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു മുതല്‍കൂട്ടാകും. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനു വഴിമരുന്നിടുന്ന ഒന്നു തന്നെയാണ് പുസ്തകം.
(ലേഖകന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റംഗവും, തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനുമാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."