പട്ടം പോലെ പറന്ന്
ഫുട്‌ബോളും, ക്രിക്കറ്റും, വോളിബോളും നമ്മള്‍ക്ക് ഹരം പകരുന്നതാണ്. ലോകകപ്പ് എന്ന് കേള്‍ക്കുമ്പോ പിന്നെ പറയണ്ട, ഊണും ഉറക്കവും, തൊഴിലും, പഠനവുമൊക്കെ മാറ്റിവെച്ച് ദിവസങ്ങളോളം അതിന്റെ പുറകെ ആയിരിക്കും.... എന്നാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് പ്രത്യേകിച്ച് വലിയ താല്‍പര്യങ്ങളൊന്നും കാണിക്കാത്ത ഒട്ടനവധി രാജ്യങ്ങളുമുണ്ട്... അവര്‍ക്ക് താല്‍പര്യം മറ്റു പല കളികളിലുമായിരിക്കും.... നമ്മുടെ രാജ്യത്ത് അത്രക്കൊന്നും വലിയ രീതിയില്‍ പ്രചാരം നേടിയിട്ടില്ലാത്ത പട്ടം പറത്തലില്‍ ചൈനയും ന്യൂസിലന്റുമൊക്കെ മുന്‍ നിരയില്‍ നില്‍ക്കുന്നു.... ജര്‍മ്മനിയും, അമേരിക്കയും, മലേഷ്യയും വിയറ്റ്‌നാമുമടക്കമുള്ള രാജ്യങ്ങളിലെ പ്രധാനപ്പെട്ട കായിക വിനോദങ്ങളിലൊന്നാണ് പട്ടം പറത്തല്‍... പട്ടം പറത്തലിന്റെ നൂതന മത്സര ഇനങ്ങളായ സ്റ്റണ്ട് കൈറ്റ്, പവര്‍ കൈറ്റ്, റെവല്യൂഷന്‍ കൈറ്റ്, കൈറ്റ് സഫിങ് തുടങ്ങിയവ പുതിയ തലമുറക്ക് അനന്ത സാധ്യതകളുടെ വലിയ ആകാശം വിഭാവനം ചെയ്യും... ഞങ്ങളിപ്പോള്‍ ചൈനയില്‍ നടക്കുന്ന ലോകകപ്പ് പട്ടം പറത്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിക്കുമ്പോള്‍, നമ്മുടെ രാജ്യം നാളെകളില്‍ പട്ടം പറത്തല്‍ എന്ന കായിക വിനോദം നെഞ്ചേറ്റും എന്ന വലിയ സ്വപ്നം കൂടിയുണ്ട്.
ചൈനയിലെ വൈഫാങ്ങ് നഗരത്തില്‍ നടക്കുന്ന ലോക പട്ടംപറത്തല്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ അബ്ദുല്ല മാളിയേക്കല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണിത്.
എറണാകുളത്ത് ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന അബ്ദുല്ല മലേഷ്യയില്‍ നടന്ന ലോക പട്ടം പറത്തല്‍ മത്സരം കാണാന്‍ എത്തിയതാണ് ഈ രംഗത്തേക്കു കടന്നുവരാന്‍ പ്രേരണയായത്. പട്ടം നിര്‍മാണത്തിലും പറത്തലിലും ലോക പ്രശസ്തനായ ന്യൂസിലന്റ് സ്വദേശി പീറ്റര്‍ ലിനനാണ് അബ്ദുല്ലയെ പട്ടത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. കോഴിക്കോട് കുറ്റിച്ചിറ കടപ്പുറത്ത് നിന്ന് പട്ടം പറത്തി ലോകോത്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളികള്‍ക്കും രാജ്യത്തിനൊന്നാകെയും അഭിമാനമായ അബ്ദുല്ലക്ക് ആരോഗ്യത്തിനും മനസിലും ഉണര്‍വേകുന്ന പട്ടം പറത്തല്‍ എന്നും വെല്ലുവിളിയായിരുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇന്ന് ലോകമൊട്ടാകെ ഈ രംഗത്തെ അതികായനായി പട്ടംപോലെ പറന്നു നടക്കുകയാണ്.
അന്താരാഷ്ട്രതലത്തില്‍ ഇതിനോടകം തന്നെ 25 രാജ്യങ്ങളിലായി അബ്ദുല്ല ഇന്ത്യയെ പ്രതിനിധീകരിച്ച് പട്ടം പറത്തിയിട്ടുണ്ട്. ലോക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ അഞ്ചു തവണ പ്രതിനിധീകരിക്കാനും അതില്‍ മൂന്നു തവണ സമ്മാനം നോടാനും കഴിഞ്ഞിട്ടുണ്ട്. 2013, 14, 15 വര്‍ഷങ്ങളില്‍ ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി നടന്ന ലോക പട്ടംപറത്തല്‍ മത്സരത്തില്‍ മൂന്നു തവണ തുടര്‍ച്ചയായി മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള സമ്മാനം അബ്ദുല്ലക്കായിരുന്നു. കഥകളി പട്ടവുമായി 2013 ല്‍ മലേഷ്യയില്‍ ഏഷ്യന്‍ കൈറ്റ് ഫെസ്റ്റിവലില്‍ മത്സരിച്ച് പരമ്പരാഗത പട്ടത്തിനുള്ള പുരസ്‌കാരവും പിന്നീട് ദുബായ് കൈറ്റ് ഫെസ്റ്റിവലില്‍ സര്‍ക്കിള്‍ പട്ടവുമായി പോപ്പുലര്‍ കൈറ്റിനുള്ള സമ്മാനവും അബ്ദുല്ല നേടിയിട്ടുണ്ട്. കൂടാതെ 2018 ല്‍ ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദോഹയിലെ സീ ലൈന്‍ ബീച്ചില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ചിത്രമുള്ള പട്ടം പറത്തി ലോക ശ്രദ്ധ നേടിയിരുന്നു. 34 അടി നീളവും 26 അടി വീതിയും എട്ടര കിലോഗ്രാം ഭാരവുമുള്ള പട്ടമാണ് അന്ന് വാനില്‍ പറത്തിയത്. കൂടാതെ യു.എ.ഇയില്‍ ദുബായ് പൊലിസുമായി സഹകരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ പട്ടം പറത്തല്‍ നടത്തി വിജയിപ്പിക്കാന്‍ ഇദ്ദേഹത്തിനായിട്ടുണ്ട്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെഡറേഷനിലെ ഏക ഇന്ത്യന്‍ പ്രതിനിധിയാണ് അബ്ദുല്ല.
ഇന്ത്യയില്‍ ഗുജറാത്താണ് പട്ടം പറത്തലില്‍ മുന്നില്‍. അതു കഴിഞ്ഞാല്‍ കേരളമാണ്. ലോകത്ത് ഏറ്റവുമധികം പട്ടം പറത്തലിനെ സ്‌നേഹിക്കുന്നത് ചൈനയാണ്. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനയില്‍ പട്ടം പറത്തല്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. ചൈനയെ കൂടാതെ അഫ്ഗാനിസ്ഥാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലും പട്ടം പറത്തല്‍ കായിക ഇനമാണ്. ജപ്പാനില്‍ പുതുവത്സര അവധി ദിനത്തില്‍ ബോയ്‌സ് ഫെസ്റ്റിവലിനാണ് പട്ടം പറത്താറുള്ളത്. ബ്രസീലിലും കൊളംബിയയിലും കുട്ടികളുടെ കളിയാണ് പട്ടം പറത്തല്‍. ചിലിയില്‍ സ്വാതന്ത്ര്യ ദിനത്തിലും ഘാനയില്‍ ഈസ്റ്റര്‍ സമയത്തുമാണ് പട്ടം പറത്താറുള്ളത്. ലോകത്ത് പത്ത് പട്ടം പറത്തല്‍ ഫെസ്റ്റിവലാണ് നടക്കുന്നത്. ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, ഫെസ്റ്റിവല്‍ ഓഫ് ദ വിന്റ്‌സ് ഓസ്‌ട്രേലിയ, ഹമാമറ്റ്‌സു ഗയന്റ് കൈറ്റ് ഫെസ്റ്റിവല്‍ ജപ്പാന്‍, പോര്‍ട്ട്‌സ്മൗത്ത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ യു.കെ, ഗ്വാട്ടിമലയിലെ ദ കൈറ്റ് ഓഫ് സുംപാന്‍ഗോ, ഇന്തോനേഷ്യയില്‍ നടക്കുന്ന ബാലി കൈറ്റ് ഫെസ്റ്റിവല്‍, ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍, വെയ്ഫിങ്ങ് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍, യു.എസില്‍ നടക്കുന്ന സില്‍കെര്‍ കൈറ്റ് ഫെസ്റ്റിവല്‍, ഇറ്റലിയിലെ സെര്‍വിയയില്‍ നടക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരം എന്നിവയാണ് ഇതില്‍ പ്രധാനം. ഇവയിലെല്ലാം പങ്കെടുത്ത് ഇന്ത്യയുടെ യശസ് വാനിലുയര്‍ത്തുകയെന്നതാണ് അബ്ദുല്ലയുടെ സ്വപ്നം.
75 ലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചൈനയില്‍ നടക്കുന്ന ലോക പട്ടംപറത്തല്‍ മത്സരത്തില്‍ അബ്ദുല്ലയ്‌ക്കൊപ്പം നിദേഷ് ലക് (വൈസ് ക്യാപ്റ്റന്‍), ശ്രീജിത് കുമാര്‍, എം. ഫഹീം, എല്‍. ഭവാനി കെ. മീത്തല്‍ എന്നിവരുമുണ്ട്. മാനേജര്‍ നിതേഷ് എസ്. നായരാണ് ടീമിനെ നയിക്കുന്നത്. പരമ്പരാഗത പട്ടം വിഭാഗത്തിലും നൂതന പട്ടം വിഭാഗത്തിലുമാണ് ഇന്ത്യന്‍ ടീം പങ്കെടുക്കുന്നത്. 24 അടി വലിപ്പമുള്ള പറക്കുന്ന കുതിരയുടെ രൂപമാണ് ഇന്ത്യന്‍ സംഘം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."