തൃക്കണ്ണന്റെ നോട്ടം
തെങ്ങില്‍ നിന്ന് പിടിവിട്ടു വീഴുന്ന അന്നേരം, കാര്‍ തട്ടി തെറിക്കുന്ന തൊട്ടടുത്ത നിമിഷം, ബൈക്കില്‍ ഷാള്‍ കുരുങ്ങി കഴുത്ത് മുറുകുന്ന രംഗം.. അങ്ങനെ യാദൃച്ഛികതകളുടെ വലിയ ലോകത്തെ സെറ്റിട്ട് ഒപ്പെയെടുക്കുന്ന മൂന്നാംകണ്ണ്, അതാണ് തൃക്കണ്ണന്‍. ഹാഫിസ് സജീവ് എന്ന ആലപ്പുഴക്കാരനായ പത്തൊന്‍പതുകാരന്റെ ക്യാമറ മിന്നുന്നത് വലിയ ലക്ഷ്യത്തോടെയും അര്‍പ്പണബോധത്തോടെയുമാണ്.
ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്ത് അമ്പരപ്പിക്കുക മാത്രമല്ല, അതിന്റെ പിന്നിലെ ട്രിക്‌സ് മറ്റുള്ളവരിലേക്ക് വീഡിയോയിലൂടെ കാണിച്ചുകൊടുക്കുന്നുമുണ്ട് തൃക്കണ്ണന്‍. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ ചെയ്തതും ബൈക്കില്‍ ഷാള്‍ കുരുങ്ങി അപകടത്തില്‍പ്പെടുന്നതിനെതിരായ ബോധവല്‍ക്കരണ ചിത്രവുമാണ് ഏറ്റവുമധികം ഹിറ്റായത്.
പെങ്ങള്‍ ഹസ്‌നയെ മോഡലാക്കി ഈയിടെ പകര്‍ത്തിയ, സാമൂഹികാവസ്ഥയെ തുറന്നുകാണിക്കുന്ന ചിത്രവും ഹിറ്റായി മാറി. ഒരു ഭാഗത്ത് സര്‍വ്വ സുഖവും ആസ്വദിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി കാണിക്കുകയാണ് ഈ ചിത്രത്തിലൂടെ.
തന്റെ ഇല്ലായ്മകളെക്കുറിച്ചോ നഷ്ടപ്പെടലുകളെക്കുറിച്ചോ വേവലാതിപ്പെടാതെ, ഉള്ളതു കൊണ്ട് എങ്ങനെ ഭംഗിയായി ചെയ്യാമെന്ന് കൂടി കാണിച്ചുതരികയാണ് തൃക്കണ്ണന്‍. എന്‍ട്രി ലെവല്‍ ക്യാമറയും തട്ടുപൊളിപ്പന്‍ ലാപ്‌ടോലും കാര്‍ഡ്‌ബോഡില്‍ ട്യൂബ്‌ലൈറ്റ് കെട്ടിയുണ്ടാക്കിയ ലൈറ്റിങ് സംവിധാനവും ഉപയോഗിച്ചാണ് ഇന്‍സ്റ്റഗ്രാമിലെ തന്റെ
100 സ യില്‍ കൂടുതല്‍ ഫോളോവര്‍മാരെ തൃക്കണ്ണന്‍ അമ്പരപ്പിക്കുന്നത്.
ഞാന്‍ പറയാം
പ്ലസ് ടു കഴിഞ്ഞ് എറണാകുളത്ത് ബി.എഫ്.എക്‌സ് ആനിമേഷന്‍ കോഴ്‌സ് ചെയ്യുകയാണിപ്പോള്‍. മൂന്നാമത്തെ കണ്ണ് എന്നര്‍ഥത്തില്‍ കാമുകിയാണ് തന്റെ ഫോട്ടോഗ്രഫിക്ക് തൃക്കണ്ണന്‍ എന്ന പേരു നിര്‍ദേശിച്ചത്. ചെറുപ്പത്തിലേ ഫോട്ടോഗ്രഫിയോട് കമ്പമുണ്ടായിരുന്നു. മൊബൈലില്‍ ഒരുപാട് ചിത്രങ്ങള്‍ എടുത്തിരുന്നു. പിന്നീട് ക്യാമറ വീട്ടുകാര്‍ വാങ്ങിത്തന്നു.
സാധാരണ ചിത്രങ്ങള്‍ എടുക്കുന്നതിനു പകരം, കാര്യങ്ങള്‍ നിരീക്ഷിച്ച് വ്യത്യസ്തമായി എടുക്കാനാണ് അന്നു മുതലേ ശ്രമിച്ചത്. യൂട്യൂബില്‍ നോക്കിയാണ് ഫോട്ടോഗ്രഫി ട്രിക്‌സ് അധികവും പഠിച്ചത്. പിന്നെ, കുറേ ചേട്ടന്മാര്‍ സഹായിച്ചു.
ആലപ്പാട് വിഷയത്തിലുള്ള ചിത്രം, ബൈക്ക് ഷാള്‍, ഹെല്‍മറ്റ് ചിത്രങ്ങളാണ് ഹിറ്റായത്. ആളുകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന തലത്തിലുള്ളതാണ് ഈ ചിത്രങ്ങള്‍. ആ രീതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് പുതിയ ഐഡിയകള്‍ വന്നത്. ചെറിയ കാര്യങ്ങളെന്നു പറഞ്ഞ് തള്ളിക്കളയുന്ന ഇത്തരം വലിയ അപകടങ്ങളെ തുറന്നുകാണിക്കുകയായിരുന്നു ലക്ഷ്യം.
സുഹൃത്ത് അനസാണ് എന്റെ മോഡല്‍. അവന്‍ അഭിനയിക്കാനും ആഗ്രഹമുണ്ടെന്നു പറഞ്ഞു. അഭിനയിക്കാന്‍ ആളെ കിട്ടിയതോടെ, ഫോട്ടോയിലെ സന്ദേശം വീഡിയോയില്‍ കൂടി പകര്‍ത്താന്‍ തുടങ്ങി. പെങ്ങള്‍ ഹസ്‌നയാണ് മറ്റൊരു മോഡല്‍. വീഡിയോ, ഫോട്ടോ എഡിറ്റ് ചെയ്യുന്നത് ഞാന്‍ തന്നെ. തൃക്കണ്ണന്‍ എന്ന പേരില്‍ വിശ്വല്‍ എഫക്ട്‌സ്, ഫോട്ടോഗ്രഫി, പ്രൊഡക്ഷന്‍ കമ്പനി ഒക്കെയായി വലിയൊരു സാമ്രാജ്യമുണ്ടാക്കണമെന്നാണ് ആഗ്രഹം. അതിനു വേണ്ടിയുള്ള ശ്രമത്തിലാണിപ്പോള്‍.
ഫോട്ടോഗ്രഫി താല്‍പര്യക്കാരോട്
ചിലര്‍ പറയാറുണ്ട്, തന്റെ കയ്യില്‍ നല്ല എക്യുപ്‌മെന്റ്‌സ് ഇല്ല, അതില്ല ഇതില്ല എന്നൊക്കെ. അവരോട് പറയാനുള്ളത്, നമ്മുടെ പരിമിതിക്കുള്ളില്‍ തന്നെയിരുന്ന് എല്ലാം ചെയ്യാനാവുമെന്നാണ്. എന്റെ ക്യാമറ നിക്കോണ്‍ ഡി 5300, എന്‍ട്രി ലെവല്‍ ക്യാമറയാണ്. ആ ഒരു ക്യാമറയും പിന്നെ തട്ടിയാലും മുട്ടിയാലും ഓടുന്നൊരു ലാപ്‌ടോപുമുണ്ട്. അതുവച്ചിട്ടാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത്. അത്രയും കഷ്ടപ്പാടാണെങ്കിലും അതിനോടൊരു ഇഷ്ടമുണ്ടെങ്കില്‍ പിന്നെ എല്ലാം എളുപ്പമായിക്കോളും.
വലിയ ഫോണെടുക്കുന്നതിലോ ക്യാമറ എടുക്കുന്നതിലോ അല്ല കാര്യം. മനസാണ് എല്ലാം. മനസറിഞ്ഞ് ചെയ്യുകയാണെങ്കില്‍ കാര്യം നടന്നിരിക്കും. കൂടെ ക്രിയേറ്റിവിറ്റിയും വൈവിധ്യവും കൂട്ടിച്ചേര്‍ത്താല്‍ കാര്യം ഉഷാറാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."