കാരാപ്പുഴ-അമ്പലവയല്‍ പൊലിസ് സ്റ്റേഷന് റോഡില്‍ നടുവൊടിക്കും യാത്ര
അമ്പലവയല്‍: കാരാപ്പുഴ അമ്പലവയല്‍ പൊലിസ് സ്റ്റേഷന് റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണം.
റോഡ് തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാകുകയാണ്. റോഡിലൂടെയുള്ള നടുവൊടിക്കുന്ന യാത്രക്കെതിരെ പ്രദേശവാസികളുടെ പരാതികള്‍ വര്‍ധിക്കുന്നതല്ലാതെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടിയുമുണ്ടാവുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അമ്പലവയല്‍ മുതല്‍ അടിവാരം വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തി വെക്കേണ്ട അവസ്ഥയാണുള്ളത്. തകര്‍ന്ന റോഡിലൂടെ നിരന്തരമുള്ള യാത്ര ഈ റൂട്ടിലോടുന്ന രണ്ട് ബസ് സര്‍വീസുകളെയും ബാധിച്ചിരിക്കുകയാണ്.
ഓടിക്കിട്ടുന്ന തുക ബസിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനായി ചിലവഴിക്കേണ്ട അവസ്ഥയാണ്. അമ്പലവയല്‍ അടിവാരത്തെ കുത്തനെയുള്ള ഇറക്കത്തില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഒത്തു ചേര്‍ന്ന് റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ഇതും തകര്‍ന്ന് തുടങ്ങി. അമ്പലവയലില്‍ നിന്നും വാഹനങ്ങളില്‍ കാരാപ്പുഴ, വാഴവറ്റ എന്നിവിടങ്ങളിലേക്കെത്താന്‍ 10 മിനിറ്റ് മാത്രം വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു മണിക്കൂറോളമാണെടുക്കുന്നത്.
ഈ റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങള്‍ ഇത് വഴി സര്‍വീസിന് തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പണികള്‍ നടക്കാതെ ഇതേ അവസ്ഥ തുടര്‍ന്നാല്‍ ബസ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
രണ്ട് ബസുകള്‍ കൂടി സര്‍വീസ് നിര്‍ത്തിവെച്ചാല്‍ നിരവധി വിദ്യാര്‍ഥികളുടെയും പ്രദേശ വാസികളുടെയും ഏക ആശ്രയമാണ് ഇല്ലാതാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."