സമഗ്രാന്വേഷണം നടത്തണം: മുസ്ലിം ലീഗ്
കണ്ണൂര്‍: ഇരിട്ടിയിലെ കെട്ടിടത്തില്‍ സ്ഫോടനം നടന്ന സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്. ലീഗ് ഇരിട്ടി ശാഖാ കമ്മിറ്റി ഓഫിസില്‍ നിന്ന് ബോബും മറ്റ് ആയുധങ്ങളും കണ്ടെടുത്തെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ എന്നിവര്‍ അറിയിച്ചു. ലീഗിന് നേരെ സി.പി.എം നടത്തുന്ന പ്രചാരണം ആസൂത്രിതമാണ്.
ഓഫിസിനു സമീപമുള്ള കെട്ടിടത്തില്‍ സ്ഥാപിച്ച എ.സി കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ശബ്ദം കേട്ടെത്തിയവര്‍ കരുതിയത്. ബോംബ് സ്ക്വാഡാണ് ഓഫിസിലേക്ക് പോകുന്ന വഴിയില്‍ കെട്ടിടത്തിന് പുറത്ത് സ്ഫോടനമുണ്ടായതായി സ്ഥിരീകരിച്ചത്. എന്നാല്‍ പിന്നീട് സ്ഥലത്തെത്തിയ പൊലിസ് ലീഗ് ഓഫിസിലാണ് സ്ഫോടനമെന്ന് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സി.പി.എം നേതാക്കളെ പ്രീണിപ്പെടുത്താന്‍ ഉണ്ടാക്കിയ ഈ കള്ളക്കഥ പൊളിഞ്ഞതോടെയാണ് ഓഫിസില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തുവെന്ന കിംവദന്തി ഉണ്ടാക്കിയത്. പൂട്ടിക്കിടക്കുകയായിരുന്ന ലീഗ് ഓഫിസിന്റെ പൂട്ട് പൊളിച്ചാണ് പൊലിസ് അകത്തുകടന്നത്. നേതാക്കളോ പ്രവര്‍ത്തകരോ ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ല.
ഇത് മുതലെടുത്താണ് ഓഫിസില്‍ നിന്നു മാരാകായുധങ്ങള്‍ കണ്ടെടുത്തെന്ന കുപ്രചരണം പൊലിസ് നടത്തുന്നതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവമറിഞ്ഞ് ലീഗ് നേതാക്കളായ ഇബ്രാഹിം മുണ്ടേരി, കെ.പി താഹിര്‍, കെ. മുഹമ്മദലി, സി. അബ്ദുല്ല, പി.എം അബൂട്ടി, എം.കെ മുഹമ്മദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."