ആശങ്കകള്‍ പങ്കുവച്ച് എസ്.കെ.എസ്.എസ്.എഫ് ടേബിള്‍ടോക്ക്
കണ്ണൂര്‍: പ്രളയസാഹചര്യത്തില്‍ ഭക്ഷണം, ശുചിത്വം, വ്യായാമം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കയും നിര്‍ദേശവും പങ്കുവച്ച് എസ്.കെ.എസ്.എസ്.എഫ് ടേബിള്‍ടോക്ക്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലയിലുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് നടത്തിയ ആരോഗ്യസെമിനാറാണ് ആശയങ്ങളുടെ പുതുചുവടുകള്‍ മുന്നോട്ടുവച്ചത്. കണ്ണൂര്‍ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജിത് കൊടേരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പ്രളയത്തിലായവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്നത് കേരളത്തിന്റെ പ്രത്യേകതയാണെന്നും മതമോ ജാതിയോ ഇവിടെ പ്രശ്‌നമായില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ്മ തുടര്‍ന്നും കാത്തുസൂക്ഷിക്കണം. പ്രളയത്തിന്റെ അവസ്ഥയില്‍ രണ്ടാഴ്ചയ്ക്കിടെ കളവ് കേസ് പോലും കുറഞ്ഞെന്നും എസ്.ഐ വ്യക്തമാക്കി.
കേരളത്തിലുള്ളവര്‍ക്ക് കാര്‍ഷിക വിളവെടുപ്പ് എങ്ങനെ നടത്തുന്നുവെന്ന് അറിയില്ലെന്നും ജൈവപച്ചക്കറികള്‍ നമുക്ക് ലഭിക്കാനാവാത്ത അവസ്ഥയാണെന്നും കൃഷി ഓഫിസര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൂര്‍വികരുടെ പാതയിലേക്കു നാം മടങ്ങണമെന്നും നിലവിലെ ഭക്ഷണരീതിയില്‍ അസുഖങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇതു ബോധവല്‍കരിക്കാന്‍ യുവാക്കള്‍ക്കു സാധിക്കുമെന്നും ഭക്ഷ്യസുരക്ഷാ ഇന്‍സ്‌പെക്ടര്‍ കെ.പി മുസ്തഫ വ്യക്തമാക്കി.
ബിസ്‌കറ്റ് പോലുള്ള പലഹാരങ്ങള്‍ കുട്ടികള്‍ക്കു നല്‍കുമ്പോള്‍ കഴിച്ചതിനുശേഷം അവര്‍ വായ വൃത്തിയാക്കുന്നുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണമെന്നു ഡോ. സി.പി ഫൈസല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ശ്രദ്ധിച്ചാല്‍ ഓറല്‍ കാന്‍സര്‍ പോലുള്ളവ തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രോഗപരിചരണവും ജീവിതശൈലിയെയും കുറിച്ച് റജിനോള്‍ഡും ഡോ. അനൂപും വിശദീകരിച്ചു. ഡോ. പി.ടി അബ്ദുല്‍ കബിര്‍ മോഡറേറ്ററായി. ജില്ലാ പ്രസിഡന്റ് അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ അധ്യക്ഷനായി. വ്യാപാരി റിയാസ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.പി മുഹമ്മദലി, അഡ്വ. മുഹമ്മദ് ഹനീഫ്, ബഷീര്‍ അസ്അദി നമ്പ്രം സംസാരിച്ചു. ഷഹീര്‍ പാപ്പിനിശേരി, ജലീല്‍ ഹസനി കുപ്പം, അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്, സുറൂര്‍ പാപ്പിനിശേരി, സഹദ് വാരംകടവ്, റിയാസ് പാമ്പുരുത്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."