ഫോറന്‍സിക്സംഘം പരിശോധന നടത്തി
നായ്ക്കെട്ടി (വയനാട്): സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നായ്ക്കെട്ടിയില്‍ വീട്ടിനുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ടു പേര് മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. മാനന്തവാടി എ.എസ്.പി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ ബത്തേരി സി.ഐ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ കാലത്ത ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രക്തത്തിന്റെ സാംപിളുകളും മറ്റും വിദഗ്ധ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധന്‍ ഡോ. മുഹമ്മദ് ഹിസ്ഫുദ്ധീന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ ശേഖരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് വീട്ടിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ വീട്ടുടമ എളവന നാസറിന്റെ ഭാര്യ അമല്‍ (38), പ്രദേശവാസിയായ പെരിങ്ങാട്ടില്‍ ബെന്നി (48)എന്നിവരാണ് മരിച്ചത്.
ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ വച്ച് കെട്ടി നാസറിന്റെ വീട്ടിലെത്തിയ ബെന്നി അവിടെ വച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും ഉപയോഗിച്ചാണ് ബെന്നി സ്ഫോടനം നടത്തിയതെന്നാണ് സൂചന. അമലുമായുണ്ടായിരുന്ന സൗഹൃദത്തില്‍ വിള്ളല്‍ വീണതാണ് ബെന്നിയെ കൃത്യത്തിന് പ്രേരിപ്പിച്ചെന്നും പറയപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."