കൊവിഡ് അധിക ജോലി ചെയ്തിട്ടും സാലറി കട്ട്; 868 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് അതിവ്യാപനത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രതിരോധ ഡ്യൂട്ടിയിലുണ്ടായിരുന്ന 868 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു. കൊവിഡ് പ്രതിരോധ ദൗത്യത്തില്‍ അധിക ജോലി ചെയ്യുന്നവരായതിനാല്‍ സാലറി കട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുള്ള പ്രതിസന്ധി നേരിടാന്‍ മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ ജൂനിയര്‍ ഡോക്ടര്‍മാരെ താല്‍ക്കാലിക മെഡിക്കല്‍ ഓഫിസര്‍മാരായി നിയമിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ വഴി ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ മെഡിക്കല്‍ ഓഫിസര്‍മാരായും ഫീല്‍ഡ് പ്രവര്‍ത്തനത്തിലും ഇവര്‍ സേവനം ചെയ്തു വരികയായിരുന്നു. കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരായിരുന്നു ഇവര്‍. ഈ അപകട സാധ്യതയും താല്‍ക്കാലികമായി മൂന്നു മാസത്തേക്ക് മാത്രം നിയമിച്ചതാണെന്ന കാര്യവും ചൂണ്ടിക്കാട്ടി തങ്ങളെ സാലറി കട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ജൂനിയര്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കൊവിഡ് ഡ്യൂട്ടിയില്‍ നിന്നും രാജി വയ്ക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അധിക ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ആറു ദിവസത്തെ ശമ്പളം കട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ആരോഗ്യ വകുപ്പിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും സാലറി കട്ടില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഒഴിവാക്കിയില്ല. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധിക ശമ്പളം നല്‍കണമെന്ന് കൊവിഡ് വിദഗ്ധസമിതി ഉന്നതതല യോഗത്തില്‍ അഭിപ്രായപ്പെട്ടപ്പോള്‍, സാധ്യമല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. അധിക ജോലിക്ക് അധിക ശമ്പളമെന്ന വാദം തെറ്റാണെന്നും അന്ന് അദ്ദേഹം നിലപാടെടുത്തു. തുടര്‍ന്ന് കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും നിര്‍ബന്ധമായി സാലറി കട്ട് ചെയ്യാന്‍ ധന വകുപ്പ് തീരുമാനിക്കുകയായിരുന്നു.
കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമല്ല, മറ്റു വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തിട്ടുണ്ടെന്നും അവര്‍ക്കൊന്നുമില്ലാത്ത ഇളവ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്‍കാനാകില്ലെന്നുമാണ് ധന വകുപ്പിന്റെ വിശദീകരണം. അതേ സമയം, ജൂനിയര്‍ ഡേക്ടര്‍മാരുടെ കൂട്ട രാജി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
കൂടുതല്‍ ജോലി, കുറഞ്ഞ വേതനം
കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് എട്ടും പത്തും മണിക്കൂര്‍ പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്താല്‍ പ്രതിമാസ ശമ്പളമായി കിട്ടുന്നത് 42,000 രൂപയാണ്.
സാലറി കട്ടും ടാക്‌സും കുറച്ചാല്‍ ഇവര്‍ക്ക് ഇപ്പോള്‍ പ്രതിമാസം കിട്ടുന്നത് 27,000 രൂപ മാത്രം.
താല്‍ക്കാലിക അടിസ്ഥാനത്തിലാണ് മൂന്നു മാസത്തേക്ക് മെഡിക്കല്‍ ഓഫിസര്‍മാരായി ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചത്.
സുപ്രിംകോടതിയെ സമീപിക്കാന്‍
ആരോഗ്യപ്രവര്‍ത്തകര്‍
സാലറി കട്ടില്‍ നിന്നു പിന്നോട്ട് പോകില്ലെന്നു തീരുമാനമെടുത്തതോടെ സര്‍ക്കാരിനെതിരേ സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മറ്റു ആരോഗ്യപ്രവര്‍ത്തകര്‍. പൊതു യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന ലോക്ക് ഡൗണ്‍ കാലത്തു പോലും വാടക വാഹനങ്ങളില്‍ യാത്ര ചെയ്തതിനു മാത്രം 10,000 രൂപയ്ക്കു മേല്‍ ചെലവായെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ പറയുന്നത്. കൂടാതെ കുടുംബാംഗങ്ങള്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയതും ജീവനക്കാരുടെ സ്വന്തം ചെലവിലായിരുന്നു.
മിക്ക സംസ്ഥാനങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍സന്റീവ് നല്‍കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം കട്ട് ചെയ്യരുതെന്ന് സുപ്രിം കോടതി വിധിയും നിലവിലുണ്ട്. ഇതെല്ലാം തള്ളിയാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം കട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."