ഹജ്ജിനിടെ സാറ്റലൈറ്റ് ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു വിലക്ക്
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനിടെ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളില്‍ സാറ്റലൈറ്റ് ചാനലുകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹജ്ജ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.
മതകാര്യങ്ങളില്‍ തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്നതിനും ഹജ്ജ് കര്‍മങ്ങളെക്കുറിച്ചു പ്രചരിപ്പിക്കുന്നതിനും ഓരോ ഹജ്ജ് സര്‍വിസ് കമ്പനിക്കും സ്ഥാപനത്തിനും കീഴില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഒരു പ്രബോധകനെ നിയമിക്കണം.
വനിതാ തീര്‍ഥാടകര്‍ക്കു ക്ലാസുകളെടുക്കേണ്ടത് വനിതാ പ്രബോധകരാകണം. തീര്‍ഥാടകരുടെ തമ്പുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല. ഓരോ സര്‍വിസ് കമ്പനിക്കും സ്ഥാപനത്തിനും കീഴില്‍ പുണ്യസ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ പേരുവിവരങ്ങള്‍ ദുല്‍ഹജ്ജ് ഏഴിനു മുന്‍പായി ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
മിനായില്‍ 271 തമ്പുകളാണ് ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇവയില്‍ 1,84,000 തീര്‍ഥാടകരെ പാര്‍പ്പിക്കുന്നതിനു സാധിക്കും.
ഓരോ സര്‍വിസ് കമ്പനിക്കും സ്ഥാപനങ്ങള്‍ക്കും മൂന്നു തമ്പുകള്‍വീതം സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഓരോന്ന് ഓഫിസ്, ക്ലിനിക്, പൊതുസേവനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാം.
വാഹനങ്ങള്‍ക്കു നിയന്ത്രണം
ജിദ്ദ: ഹജ്ജ് വേളയില്‍ വാഹനങ്ങള്‍ക്കു നിന്ത്രണമേര്‍പ്പെടുത്തും. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജ് സീസണില്‍ സാധാരണ സ്വീകരിക്കാറുള്ള നടപടികള്‍ തുടങ്ങാന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് നിര്‍ദേശം നല്‍കി.
തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസുകളില്‍ ഹാജിമാരെ ഡ്രൈവര്‍മാരാക്കുന്നതു തടയണം, അനുമതിപത്രമില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളിലേക്കു കടത്തിവിടരുത്.
25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്വകാര്യവാഹനങ്ങള്‍ ഹജ്ജ് യാത്രക്ക് അനുമത്രിപത്രം നേടിയിരിക്കണം, കാല്‍നടക്കാര്‍ക്കു നിശ്ചയിച്ച സ്ഥലങ്ങളിലേക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ക്കു പ്രവേശനാനുമതി നല്‍കരുത് എന്നിവയാണ് നിര്‍ദേശങ്ങള്‍.
ഹജ്ജ്: ആരോഗ്യ സേവനരംഗത്ത്
സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി മക്കയിലും പരിസരങ്ങളിലും ആരോഗ്യ സേവന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് വിപുലമായ സംവിധാനങ്ങളൊരുക്കുന്നത്. വിവിധ കാംപയിനുകളും ഉദ്‌ബോധനങ്ങളും ടി.വി ചാനലുകള്‍വഴി ശക്തിപ്പെടുത്തും. ഇതിനുള്ള പദ്ധതികള്‍ക്ക് ആരോഗ്യമന്ത്രാലയ ഹജ്ജ് ഉംറ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ ഗന്നാമിന്റെ നേതൃത്വത്തില്‍ റിയാദിലെ ആസ്ഥാനത്തു ചേര്‍ന്ന യോഗം രൂപം നല്‍കി.
ഹജ്ജ് വകുപ്പ്, മക്കയിലെയും മദീനയിലെയും ഹജ്ജ് സെന്‍ട്രല്‍ കമ്മിറ്റി, കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. സൂര്യാഘാതം, മെര്‍സ് കൊറോണ വൈറസ്, വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് നടത്തുക.
ഈ വര്‍ഷം മക്കയിലെ മൂന്നു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അത്യാഹിത കമ്മിറ്റി രൂപീകരിക്കും. സെന്‍ട്രല്‍ റീജിയന്‍, അറഫ, മിന, മുസ്ദലിഫ എന്നീ കേന്ദ്രങ്ങള്‍ സംയോജിപ്പിച്ച് മക്ക എന്നീ മൂന്നു കേന്ദ്രങ്ങളാക്കി തിരിച്ചാണ് പ്രത്യേക കമ്മിറ്റി. ഇവിടങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."