സെര്‍വര്‍ തകരാര്‍: എയര്‍ ഇന്ത്യ സര്‍വിസുകള്‍ താളംതെറ്റി
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 13 സര്‍വിസുകളെ ബാധിച്ചു
നെടുമ്പാശ്ശേരി/ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ നെറ്റ് വര്‍ക്ക് സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ താളംതെറ്റി. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് എയര്‍ ഇന്ത്യയുടെ 'സിറ്റ' എന്ന സെര്‍വര്‍ തകരാറിലായത്. ഇതോടെ രാജ്യാന്തര തലത്തില്‍ തന്നെ സര്‍വിസുകള്‍ മുടങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് ആയിരക്കണക്കിന് എയര്‍ ഇന്ത്യ യാത്രക്കാരാണ് ലോകമെമ്പാടുമുള്ള വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. അഞ്ച് മണിക്കൂറിന് ശേഷമാണ് തകരാര്‍ പരിഹരിക്കാനായത്. യാത്രക്കാരുടെ ബോഡിങ് പാസെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടത്. 155 സര്‍വിസുകളെയാണ് ഇത് ബാധിച്ചത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 13 സര്‍വിസുകള്‍ ആണ് ഇന്നലെ താളംതെറ്റിയാണ്. അന്താരാഷ്ട്ര ആഭ്യന്തര സര്‍വിസുകളാണ് താളംതെറ്റിയത്. രാവിലെ 7.40ന് മുംബൈയില്‍ നിന്നും എത്തേണ്ട വിമാനം ഉച്ചയ്ക്ക് 12.40നാണ് എത്തിയത്. ഡല്‍ഹിയില്‍ നിന്നും 8.50ന് എത്തേണ്ട വിമാനം ഉച്ചയ്ക്ക് 1.45നാണ് എത്തിയത്. രാത്രി 9.10ന് എത്തേണ്ട ഡല്‍ഹി വിമാനവും അര്‍ധരാത്രിക്ക് ശേഷമാണ് എത്തിയത്. ചെന്നൈയില്‍ നിന്നും രാവിലെ 9.25ന് എത്തേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് ശേഷം 3നാണ് എത്തിയത്. ഉച്ചയ്ക്ക് 11.50ന് എത്തേണ്ടിയിരുന്ന അഗത്തി വിമാനം ഉച്ചയ്ക്ക് 3.20നാണ് എത്തിയത്. വൈകിട്ട് 5.10ന് എത്തേണ്ട ഡല്‍ഹി വിമാനം രാത്രി 10.30നാണ് എത്തിയത്. ഇതേതുടര്‍ന്ന് ഈ വിമാനങ്ങളുടെ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള മടക്കയാത്രയും വൈകി. ഇന്നത്തോടെ സര്‍വിസുകള്‍ സാധാരണ നിലയിലാകുമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ഇന്നലെ രാവിലെ എയര്‍ ഇന്ത്യ സര്‍വിസുകള്‍ താളംതെറ്റിയതോടെ യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ ബഹളം വച്ചു. യാത്രക്കാരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും വിമാനത്താവളങ്ങളില്‍ കുടുങ്ങി. കഴിഞ്ഞ വര്‍ഷം ജൂണിലും ഇതേ രീതിയില്‍ സെര്‍വര്‍ തകരാറിലായി എയര്‍ ഇന്ത്യ സര്‍വിസുകളെ ബാധിച്ചിരുന്നു. അന്ന് 25 വിമാന സര്‍വിസുകളാണ് താളം തെറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."