'സുതാര്യത കാത്തു സൂക്ഷിക്കും' -മൂന്നര മണിക്കൂര്‍ നീണ്ട ഹിയറിങ്ങിനൊടുവില്‍ ഐ.ടി പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ ഫേസ്ബുക്കിന്റെ ഏറ്റു പറച്ചില്‍
ന്യൂഡല്‍ഹി: സുതാര്യത കാത്തു സൂക്ഷിക്കുമെന്ന ഉറപ്പുമായി ഫേസ്ബുക്ക്. ഐ.ടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്നിലാണ് സോഷ്യല്‍ മീഡിയാ രംഗത്തെ ഭമന്റെ ഏറ്റു പറച്ചില്‍. മൂന്നര മണിക്കൂര്‍ നീണ്ട ഹിയറിങ്ങിലാണ് സുതാര്യമായ ഒരു വേദിയാകാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫേസ്ബുക്ക് എം.ഡി അജിത് മോഹന്‍ സമിതിയെ അറിയിച്ചത്.
ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച യോഗം ചേര്‍ന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയോട് ഐ.ടി സമിതി ചോദ്യങ്ങള്‍ ചോദിച്ചത്. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍
സംഭവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങളാണ് കമ്മറ്റി ഫേസ്ബുക്ക് എക്‌സ്‌ക്യൂട്ടീവിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുതാര്യമായ ഒരു വേദിയാകാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധമാണ് എന്നാണ് അജിത് മോഹന്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ലെന്നും ഫേസ്ബുക്ക് മേധാവി പറഞ്ഞു.
പാര്‍ലമെന്ററി കമ്മിറ്റിയുടെ സമയത്തിന് തങ്ങള്‍ നന്ദി പറയുന്നു. തുറന്നതും സുതാര്യവുമായ ഒരു വേദിയാകാനും ആളുകള്‍ക്ക് സ്വതന്ത്രമായി സ്വയംപ്രകടിപ്പിക്കാനും അവസരം അനുവദിക്കാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു.
ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയുമായി മൂന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നും ഫേസ്ബുക്ക് പ്രതിനിധികളുള്‍പ്പെടെ ചര്‍ച്ച പിന്നീട് പുനരാരംഭിക്കാന്‍ ഏകകണ്ഠമായി സമ്മതിച്ചെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം, ഫേസ് ബുക്കിന്റെ വിശദീകരണത്തില്‍ സമിതി തൃപ്തരല്ലെന്നാണ് സൂചനകള്‍.
വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ടൈംസ് മാഗസിനിലും റിപ്പോര്‍ട്ട് വന്നത് ഫേസ്ബുക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്നാണ് ടൈം മാഗസിന്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ടത്.
ഫേസ്ബുക്കിനെതിരെയുള്ള ആരോപണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ ഐ.ടി പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."