ഹാദിയാ അശോകന്‍ വെളിപ്പെടുത്തുന്നത്
ഇസ്‌ലാമിനെക്കുറിച്ചു ഞാനെഴുതിയ 'ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ ഒരു ആധ്യാത്മിക നേതാവ് പറഞ്ഞ വാക്കുകള്‍ ആലോചനാമൃതമായിരുന്നു. ''ഒരേ കുടുംബത്തില്‍ പല മതത്തില്‍ വിശ്വസിക്കുന്നവര്‍ ഏറെ സ്‌നേഹത്തോടെ കഴിഞ്ഞുകൂടുന്ന അന്തരീക്ഷമുണ്ടാകുമെങ്കില്‍ ഈ നാട് അക്ഷരാര്‍ഥത്തില്‍ ദൈവത്തിന്റെ നാടായിത്തീരും.'' എന്നാണ് അദ്ദേഹം പറഞ്ഞത്.
ആ പുസ്തകപ്രകാശനം സര്‍വമതസമ്മേളന സ്വഭാവത്തില്‍ സംഘടിപ്പിച്ചതായതിനാല്‍ ആ ചടങ്ങില്‍ പ്രസംഗിച്ച മറ്റു മതപണ്ഡിതന്മാരും ആത്മീയനേതാക്കളും മതഭേദമില്ലാത്ത സാഹോദര്യത്തെയും സൗഹൃദത്തെയും കുറിച്ചാണു പറഞ്ഞിരുന്നത്. വിവിധമതങ്ങളില്‍ വിശ്വസിക്കുന്ന ഉറ്റവരും ഉടയവരും കൂട്ടായി ജീവിക്കുന്നതിന്റെ സൗന്ദര്യത്തെയും മഹത്വത്തെയും അവരില്‍ പലരും പ്രകീര്‍ത്തിച്ചു.
ആ വാക്കുകള്‍ മനസ്സില്‍ തട്ടിയ കാലത്താണ് അത്തരമൊരു കൂട്ടായ്മയ്ക്കു വഴിയൊരുക്കാന്‍ അവസരം ലഭിച്ചത്. എന്റെ ഉറ്റബന്ധുക്കളിലൊരു ചെറുപ്പക്കാരന്‍ മണിപ്പൂര്‍ നിന്നൊരു പെണ്‍കുട്ടിയെ പ്രേമിച്ചു. അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. ചെറുപ്പക്കാരനോടൊപ്പം പെണ്‍കുട്ടി കേരളത്തിലെത്തി.
തൃശൂരിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ഈ സംഭവം വീട്ടുകാരെ വിളിച്ചറിയിക്കുന്നത്. എന്തോ അത്യാഹിതം സംഭവിച്ച മട്ടിലായിരുന്നു ബന്ധുക്കള്‍. കുട്ടി മണിപ്പൂരുകാരിയായതിനാല്‍ ഇവിടത്തെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ കഴിയുമോ എന്നതായിരുന്നു വീട്ടുകാരെ അലട്ടിയ ഒരു പ്രശ്‌നം. അതിനേക്കാള്‍ ഗുരുതരമായി പലരും കണ്ടത് ആ കുട്ടി അന്യമതക്കാരിയാണ് എന്നതാണ്. അവള്‍ ക്രിസ്തുമതവിശ്വാസിയായിരുന്നു.
അവരുടെ വിവാഹം ഹിന്ദുമതആചാരപ്രകാരം നടത്തണമെന്ന ചിലരുടെ നിര്‍ബന്ധത്തിനു വരന്റെ മാതാപിതാക്കള്‍, അവര്‍ക്ക് അതിലൊന്നും അത്ര പിടിവാശിയില്ലെങ്കിലും വഴങ്ങിയിരുന്നു. തീരുമാനവും അതനുസരിച്ചുള്ള നടപടികളും കൈക്കൊണ്ടു കഴിഞ്ഞതിനാല്‍ അതു തടയാനായില്ല. എന്നാല്‍, പെണ്‍കുട്ടിയെ മതംമാറ്റിക്കണമെന്ന ആവശ്യത്തെ ശക്തിയുക്തം ചെറുത്തു.
പെണ്‍കുട്ടിക്കു മതംമാറ്റത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അവളുടെ ഇംഗിതം തന്നെ നടപ്പാക്കണമെന്നു നിര്‍ദേശിച്ചു. വരനും അയാളുടെ മാതാപിതാക്കളും അതിനെ അനുകൂലിച്ചു. വിവാഹം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. അടുത്ത ഞായറാഴ്ച മുതല്‍ വധു പള്ളിയില്‍ പോയി തുടങ്ങി.
ഇതിനിടയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മനസ്സിലുണ്ടായിരുന്ന കാര്‍മേഘങ്ങള്‍ പൂര്‍ണമായും ഒഴിഞ്ഞു. തങ്ങളുടെ മകള്‍ ക്രിസ്തുമത വിശ്വാസിയായി തന്നെയാണു ജീവിക്കുന്നതെന്നത് അവരില്‍ സന്തോഷമുളവാക്കി. അവര്‍ സകുടുംബം വരന്റെ വീട്ടിലെത്തി. ദിവസങ്ങളോളം അവിടെ തങ്ങി. അവരുടെ കൂടി സാന്നിധ്യത്തില്‍ നടന്ന വിവാഹസല്‍ക്കാരച്ചടങ്ങില്‍ മണവാട്ടി മണിപ്പൂരി ക്രിസ്ത്യന്‍ വധുവിന്റെ വേഷത്തിലാണു പങ്കെടുത്തത്.
വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ വീട് ശരിക്കും മതസംഗമത്തിന്റെ സന്തോഷഭൂമികയായാണ് അനുഭവപ്പെട്ടത്. ആരും തങ്ങളുടെ വിശ്വാസത്തില്‍ നിന്നു വ്യതിചലിച്ചിട്ടില്ല. അതേസമയം മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നു. അവരുടെ ആഘോഷങ്ങളില്‍ സന്തോഷത്തോടെ പങ്കാളികളാകുന്നു.
ഇക്കഥ കഴിഞ്ഞദിവസം ഓര്‍ക്കാനിടയായി. ഹാദിയയുടെ പുസ്തകപ്രകാശനച്ചടങ്ങായിരുന്നു അത്. അഖിലയെന്ന ഹിന്ദുമതക്കാരിയില്‍ നിന്നു ഹാദിയയെന്ന ഇസ്‌ലാംമത വിശ്വാസിയായി മാറുന്നതിനിടയില്‍ അനുഭവിക്കേണ്ടി വന്ന അതിരൂക്ഷമായ മാനസികപീഡനത്തിന്റെയും നീതിനിഷേധത്തിന്റെയും അനുഭവചരിത്രം ഹൃദയസ്പൃക്കായി വിവരിക്കുന്നതായിരുന്നു ഹാദിയ എഴുതിയ 'ഇത് എന്റെ കഥ' എന്ന പുസ്തകം.
ഹാദിയ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൃത്യമായി ശ്രദ്ധിച്ചിരുന്നതിനാല്‍ മനസ്സിലുയര്‍ന്ന ചില ചോദ്യങ്ങളുണ്ടായിരുന്നു. ഹിന്ദുമത വിശ്വാസിയായ അഖില സഹപാഠികളുടെ പ്രേരണയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങിയാണോ മതം മാറിയതെന്നതായിരുന്നു ചോദ്യങ്ങളില്‍ ഒന്ന്. ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഖിലയുടെ മതപരിവര്‍ത്തനത്തില്‍ അവളുടെ കൂട്ടുകാരി ജസ്സിയും ജസ്സിയുടെ പിതാവും മലപ്പുറത്തെ സൈനബ ടീച്ചറുമൊക്കെ കാര്യമായ പങ്കുവഹിച്ചിരുന്നുവെന്ന മട്ടിലായിരുന്നു വാര്‍ത്ത.
ഹാദിയയുടെ ആത്മകഥ വായിക്കാന്‍ തുടങ്ങിയത് ഈ വാര്‍ത്തകളുടെ നിജസ്ഥിതി അറിയുകയെന്ന താല്‍പ്പര്യത്തോടെയായിരുന്നു. സത്യം പറയട്ടെ, എന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു അതിലെ വെളിപ്പെടുത്തലുകള്‍. പുസ്തകത്തിലെ ചില വാചകങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.
'(ഹോസ്സ്റ്റല്‍) മുറിയില്‍ ഒരിക്കലും മതം പ്രശ്‌നമായിരുന്നില്ല.'
'ഒരു പെണ്‍കുട്ടി തനിച്ചു മതംമാറുന്നതു മൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം (ജെസ്സിയുടെ പിതാവ്) എന്നെ ബോധ്യപ്പെടുത്തി.'
'(സത്യസരണിയിലേയ്ക്കുള്ള യാത്രയില്‍) ജെസ്സിയെ ഞാന്‍ നിര്‍ബന്ധിച്ചാണ് ഒപ്പം കൂട്ടിയത്.'
'എന്റെ ശരിയായ നിലപാട് അറിയാനായിരിക്കണം അവര്‍ (സൈനബ ടീച്ചര്‍) എന്നോട് വീട്ടിലേയ്ക്കു തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടത്. '
അഖിലയെ ഹാദിയയാക്കി മാറ്റാന്‍ അവളുടെ കൂട്ടുകാരികളില്‍ ആരും ശ്രമിച്ചതായി ഈ ആത്മകഥയിലൊരിടത്തും പറയുന്നില്ല. അവര്‍ക്കിടയില്‍ ആരുടെയും മതം പരസ്പരം തടസ്സമായിരുന്നില്ല. ഒരു ഘട്ടത്തില്‍ ഹാദിയ മതപരമായ തീവ്രനിലപാടുകളുള്ള ഒരു സ്ത്രീയുടെ പ്രേരണയില്‍പ്പെട്ടുപോകുന്നുണ്ട്. എന്നാല്‍, '(തെറ്റായ ചിന്താധാരകളിലേയ്ക്കും വികലമായ വീക്ഷണങ്ങളിലേയ്ക്കും നയിക്കുന്ന) ഷെറിനുമായുള്ള ബന്ധം തുടരുന്നത് അഭികാമ്യമല്ലെന്നു' ഹാദിയയെ ഉപദേശിക്കുകയാണ് ജെസ്സിയും അവളുടെ പിതാവും ചെയ്യുന്നത്. അവരുടെ ഉപദേശത്തിന്റെ കൂടി ബലത്തിലാണു ഹാദിയ തെറ്റായ ചിന്താധാരയില്‍ നിന്നു വ്യതിചലിക്കുന്നത്.
ഹാദിയ തന്റെ പുസ്തകത്തില്‍ ആവര്‍ത്തിച്ചു ഉന്നയിക്കുന്ന ഒരു സംശയമുണ്ട്. എന്തുകൊണ്ടാണ്, നിരീശ്വരവാദിയായ തന്റെ പിതാവ് തന്റെ മതംമാറ്റത്തെ എതിര്‍ക്കുന്നത്. അവളുടെ മാതാവും മതംമാറ്റം എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവരുടെ വിശ്വാസരീതികളെക്കുറിച്ചു ഹാദിയ വിവരിക്കുന്നതില്‍ നിന്നു വ്യക്തമാകും.
എല്ലാ ഹിന്ദുദൈവങ്ങളെയും അവര്‍ ആരാധിച്ചിരുന്നു. എല്ലാ ക്ഷേത്രത്തിലും പോകുമായിരുന്നു. അതോടൊപ്പം ക്രിസ്ത്യന്‍ പള്ളികളിലും അവര്‍ ആരാധനയ്ക്കു പോകുമായിരുന്നു. ഒന്നിലേറെ മതങ്ങളുടെ ആരാധനാലയങ്ങളില്‍ പോകുന്നയാള്‍ മതകാര്യത്തില്‍ നിര്‍ബന്ധബുദ്ധിയാകേണ്ടതില്ലല്ലോ.
കാര്യലാഭത്തിനുവേണ്ടിയുള്ള ദൈവവിശ്വാസവും പ്രാര്‍ത്ഥനയും കണ്ടു വളര്‍ന്ന പെണ്‍കുട്ടി പിന്നീടു കാണുന്നത് സ്വാര്‍ത്ഥതാല്‍പ്പര്യത്തോടെയല്ലാത്ത, മനഃസംതൃപ്തിക്കു മാത്രമായ പ്രാര്‍ത്ഥനയാണ്. അതവളെ ആകര്‍ഷിച്ചെങ്കില്‍ അത്ഭുതമില്ലല്ലോ.
ഇവിടെ പറഞ്ഞുവരുന്ന കാര്യം അതല്ല. മതംമാറിയ അഖില തന്റെ മാതാപിതാക്കളെ കൈവെടിയാന്‍ ഒരുക്കമായിരുന്നില്ല, ഇപ്പോഴും ഒരുക്കമല്ല എന്നതാണ്. ഹാദിയ എഴുതുന്നു, 'ഞാന്‍ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചിട്ടില്ല. എന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അച്ഛനെക്കൂടി ഉള്‍പ്പെടുത്തണമെന്നതുകൊണ്ടാണ് അവരെല്ലാം അച്ഛനെ വിളിച്ചിരുന്നത്. പക്ഷേ, അച്ഛന്‍ വന്നില്ല.'
താന്‍ സ്വയം തിരഞ്ഞെടുത്ത വിശ്വാസത്തിന്റെ പേരില്‍, തനിക്കിഷ്ടപ്പെട്ട പുരുഷനെ ജീവിതകൂട്ടാളിയാക്കിയതിന്റെ പേരില്‍ നിലവിലുള്ള എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി സമൂഹവും അധികാരിവര്‍ഗവും ദീര്‍ഘകാലം ആ പെണ്‍കുട്ടിയെ വേട്ടയാടി. എന്നിട്ടും അവള്‍ പോരാടി ജയിച്ചു.
ജയം നേടിയ ഹാദിയ എഴുതിയ ആത്മകഥയാണിത്.
അതിലെ ഗ്രന്ഥകാരിയുടെ പേര് ഏറെ ആകര്‍ഷിച്ചു. 'ഹാദിയ അശോകന്‍'.
ആ പേരിലൂടെ ഹാദിയ വെളിപ്പെടുത്തുന്നത് ഇതാണ്, ഞാന്‍ തികഞ്ഞ ഇസ്‌ലാം മതവിശ്വാസിയായ ഹാദിയയാണ്. ഹിന്ദുമതത്തില്‍പ്പെട്ട അശോകന്റെ മകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."