'ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സുരക്ഷാ വാള്‍വ്'; മനുഷ്യാവകാശ പ്രവര്‍ത്തകർക്ക് സുപ്രിംകോടതിയുടെ ഇളവ്
ന്യൂഡല്‍ഹി: ചൊവ്വാഴ്ച അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരേയും സെപ്റ്റംബര്‍ അഞ്ചു വരെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ സുപ്രിംകോടതി നിര്‍ദേശം.
വിപ്ലവ കവി വരവര റാവു, മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്‌ലഖ (ഹരിയാന), അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധ ഭരദ്വാജ് (ഹരിയാന), അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ വേനോണ്‍ ഗൊണ്‍സാലസ് (മുംബൈ), അരുണ്‍ ഫെരേര എന്നിവരെയാണ് ചൊവ്വാഴ്ച പല സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ഇതിനെതിരെ റോമിലാ ഥാപ്പര്‍, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ തുടങ്ങിയ അക്കാദമിക് വിദഗ്ധരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച കോടതി, സുപ്രധാന നിരീക്ഷണം നടത്തിയാണ് വീട്ടുതടങ്കലിലാക്കാന്‍ നിര്‍ദേശിച്ചത്.
'ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സുരക്ഷാ വാള്‍വാണ്. ഭിന്നാഭിപ്രായം അനുവദിച്ചില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കും'- സുപ്രിംകോടതി നിരീക്ഷിച്ചു.
എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സുപ്രിംകോടതി തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചെങ്കിലും സെപ്റ്റംബര്‍ അഞ്ചു വരെ വീട്ടുതടങ്കലില്‍ വയ്ക്കാനാണ് നിര്‍ദേശം നല്‍കിയത്.
മാവോവാദി ബന്ധം ആരോപിച്ചുള്ള അറസ്റ്റിനെതിരേ രൂക്ഷമായ എതിര്‍പ്പാണ് ഉയര്‍ന്നിട്ടുള്ളത്. അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ആക്ടിവിസ്റ്റുകളുടെയും വീടുകള്‍ റെയ്ഡ് ചെയ്ത നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.
അറസ്റ്റിനെതിരേ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേത്രിയുമായ അരുന്ധതി റോയിയും രംഗത്തെത്തി. ആക്ടിവിസ്റ്റുകളുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത് രാജ്യം അടിയന്തരാവസ്ഥയുടെ അടുത്തേക്ക് നീങ്ങുന്നുവെന്നതാണെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."