ഒപ്പ് വ്യാജമല്ലെന്നു മുഖ്യമന്ത്രി: ബി.ജെ.പിക്കാരുടെ ആരോപണം അറിവില്ലായ്മകൊണ്ട്, ലീഗെന്തിനതു വാശിയോടെ ഏറ്റെടുക്കണം
തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലിരിക്കെ സര്‍ക്കാര്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒപ്പ് തന്റേതു തന്നെയാണെന്നും വ്യാജമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രയില്‍ ഐപ്പാഡ് ഒപ്പം കരുതാറുണ്ട്. അന്നേ ദിവസം താന്‍ ഒപ്പിട്ടത് ഈ ഒറ്റ ഫയലില്ല, 39 ഫയലുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് ബി.ജെ.പിക്കാര്‍ ആരോപണം ഉന്നയിക്കുന്നത്. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഫയല്‍ ഇലക്ട്രോണിക് സംവിധാനംവഴി അയച്ചുതരികയായിരുന്നു. ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കിയായിരുന്നു അയച്ചിരുന്നത്. ഇതിനുള്ള ഉത്തരവ് നേരത്തെ തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളതാണ്.
എന്നാല്‍ ബി.ജെ.പിക്കാരുടെ വാക്കുകള്‍കേട്ട് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെപോലുള്ളവര്‍ പ്രതികരിക്കുന്നതിന്റെ കാരണം വ്യക്തമാകുന്നില്ല. വര്‍ഷങ്ങളോളം മന്ത്രിയായിരുന്ന അദ്ദേഹത്തിന് ഇത്തരമൊരുസംവിധാനത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ ബി.ജെ.പി പറയുന്നത് മുസ് ലിം ലീഗും വാശിയോടെ ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അമേരിക്കയിലിരിക്കെ അദ്ദേഹത്തിന്റെ കൈഒപ്പിട്ടത് സ്വപ്ന സുരേഷാണോ അല്ലെങ്കില്‍ ശിവശങ്കറാണോ എന്ന് നേരത്തെ ബി.ജെ.പി വക്താവ് ചോദിച്ചിരുന്നു.
2018 സെപ്തംബറില്‍ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോള്‍ ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിട്ടാണ് ബി.ജെ.പി രംഗത്തെത്തിയിരുന്നത്.
എന്നാല്‍ ഈ രേഖ രഹസ്യമല്ലെന്നും പരസ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതെങ്ങനെ ബി.ജെ.പിക്കാരുടെ പക്കലെത്തിയെന്നകാര്യം അന്വേഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."