ആയുധവ്യാപാര ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഒബാമ ഭരണകൂടം ഒപ്പിട്ട അന്താരാഷ്ട്ര ആയുധവ്യാപാര ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2013ലാണ് രാജ്യങ്ങള്‍ തമ്മില്‍ ആയുധങ്ങള്‍ വില്പന നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതിനായി ഈ കരാറില്‍ ബറാക് ഒബാമ ഒപ്പുവച്ചത്. ലോകരാജ്യങ്ങളില്‍ തോക്കു കൈവശംവയ്ക്കുന്നത് കുറയ്ക്കാനുള്ള ഈ കരാര്‍ ആയുധങ്ങള്‍ കൈവശംവയ്ക്കുന്നത് അനുവദിക്കുന്ന അമേരിക്കയുടെ രണ്ടാം ഭേദഗതിക്ക് ഭീഷണിയാണെന്ന് യു.എസ് ദേശീയ റൈഫിള്‍ അസോസിയേഷന് പറഞ്ഞു. കരാറിന് സമ്മതിച്ചുകൊടുക്കരുതെന്ന് യു.എസ് സെനറ്റിനോട് ആവശ്യപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി.
ലോകത്തെ ആയുധകയറ്റുമതിയില് മുന്നിലുള്ള രാജ്യമാണ് അമേരിക്ക. രണ്ടാമതുള്ള റഷ്യയെക്കാള്‍ 58 ശതമാനം കൂടുതല്‍ ആയുധവില്പന യു.എസ് നടത്തുന്നു. അന്താരാഷ്ട്ര ആയുധവ്യാപാര ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുന്നതു സംബന്ധിച്ച് യു.എന്നിന് ഉടന്‍ തന്നെ നോട്ടിസ് നല്‍കുമെന്നും ട്രംപ് അറിയിച്ചു. അതേസമയം മനുഷ്യാവകാശ സംഘടനകള്‍ ട്രംപിന്റെ നീക്കത്തെ അപലപിച്ചു. ട്രംപ് അദ്ദേഹത്തിന്റെ ഓഫിസിന് അപമാനമാണെന്ന് ബ്രിട്ടന്റെ ഷാഡോ വിദേശ സെക്രട്ടറി എമിലി തോണ്‍ബെറി ട്വിറ്ററില്‍ കുറിച്ചു.
ലോകത്തെ 130 രാജ്യങ്ങള്‍ അന്താരാഷ്ട്ര ആയുധവ്യാപാര ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."