പരിസ്ഥിതി ലോല പ്രദേശം; ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
താമരശ്ശേരി: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ജനവാസ കേന്ദ്രങ്ങളെ പരിസിഥിതി ലോല പ്രദേശമാക്കി ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നതിനെതിരേ കട്ടിപ്പാറ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്തേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചതോടെ പൊലിസ് തടഞ്ഞു. ഇത് സംഘര്‍ഷാവസ്ഥത്തിനിടയാക്കി.
നേതാക്കളുടെ പ്രസംഗം കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഇതോടെ സംസ്ഥാനപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തുടര്‍ന്ന് പൊലിസ് ബലം പ്രയോഗിച്ച് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പഞ്ചായത്തംഗവും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ നജീബ് കാന്തപുരം, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബിന്‍ യു.കെ, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ ചമല്‍ തുടങ്ങി പത്തോളം പേരെയാണ്് അറസ്റ്റ് ചെയ്തു നീക്കിയത്.
ഇതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡില്‍ കുത്തിയിരുന്നു. ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടതോടെ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ റോഡില്‍ നിന്ന് നീക്കി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ താമരശ്ശേരി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇതോടെ പോലീസ് അറസ്റ്റിലായവരെ വിട്ടയച്ചു. പുറത്തിറങ്ങിയ നേതാക്കളെയും കൊണ്ട് പ്രവര്‍ത്തകര്‍ വീണ്ടും താമരശ്ശേരി ടൗണില്‍ പ്രകടനം നടത്തി.
മാര്‍ച്ച് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.എ. റസ്സാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ മോയത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."