ഫാനി: അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.വി തോമസ്
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്ക് രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റ് അടുത്ത ദിവസങ്ങളില്‍ തെക്കന്‍ തമിഴ്‌നാട്ടിലും തുടര്‍ന്ന് കേരളത്തിലും എത്തുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തു നല്‍കിയതായി കെ.വി തോമസ് എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കനത്തമഴയും കൊടുങ്കാറ്റും മൂലം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കും വലിയ നാശനഷ്ടങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇവരെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ എടുക്കണം.
കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങി എല്ലാ ഏജന്‍സികളുടെ സഹായവും തേടണം. ദുരന്തമുണ്ടായാല്‍ ജനങ്ങളെ സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം.
ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ള ഇടങ്ങളില്‍ ജില്ലാഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ പൊതുസമൂഹത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂട്ടി നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."