ജൂനിയര്‍ ഡോക്ടര്‍മാരോട് ചെയ്തത് കൊടിയദ്രോഹം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അധിക ജോലി ചെയ്തുകൊണ്ടിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ കൈയിട്ട് വാരിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 868 ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നു രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. അധിക ജോലിക്ക് അധിക വേതനം വേണമെന്ന ഡോക്ടര്‍മാരുടെ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചുവെന്ന് മാത്രമല്ല നല്‍കിക്കൊണ്ടിരിക്കുന്ന ഇവരുടെ തുച്ഛമായ ശമ്പളത്തില്‍നിന്ന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സാലറി കട്ട് എന്ന പേരില്‍ ഒരു വിഹിതം പിടിച്ചുവാങ്ങുകയുമായിരുന്നു. ഈ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധങ്ങള്‍ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചില്ല.
ഇപ്പോഴിതാ അവര്‍ കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മ മൂലം രോഗം ഗുരുതരമാം വിധം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ 868 ജൂനിയര്‍ ഡോക്ടര്‍മാരുടെ നീക്കം സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക. സെപ്റ്റംബര്‍ മാസത്തില്‍ ഭീതിദമാം വിധം സംസ്ഥാനത്ത് രോഗ പകര്‍ച്ചയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ ഒരു സന്ദര്‍ഭവും കൂടിയാണിത്. സെപ്റ്റംബര്‍ മാസത്തില്‍ ദിനംപ്രതി പതിനായിരവും ഇരുപതിനായിരവും വരെ കൊവിഡ് ബാധിതര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത് ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ്. അങ്ങനെയുള്ള ഒരു മാസത്തില്‍ എണ്ണൂറിലധികം ഡോക്ടര്‍മാര്‍ സേവനം മതിയാക്കി പിരിഞ്ഞു പോകുന്ന സാഹചര്യമുണ്ടായാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് ഭയാശങ്കകളോടെ മാത്രമേ കാണാനാകൂ.
യഥാര്‍ഥ രോഗികളുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. രോഗത്തിന്റെ തുടക്കത്തില്‍ നൂറ്റിപ്പത്ത് ദിവസത്തിനുള്ളില്‍ ആയിരം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീടത് പ്രതിദിനം എണ്ണൂറോളമായി. രോഗം പടര്‍ന്നുകൊണ്ടിരുന്ന ഈ അവസരത്തില്‍ കേരളം കൊറോണാ വൈറസിനെ പിടിച്ചുകെട്ടി എന്ന രീതിയിലാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് വാര്‍ത്ത വന്നുകൊണ്ടിരുന്നത്. കേരള മോഡല്‍ എന്നുവരെ വിദേശത്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത്തരം വാര്‍ത്തകള്‍ സര്‍ക്കാര്‍ പി.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്നും വസ്തുത അതല്ലെന്നും യഥാര്‍ഥ രോഗികളുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളിലൂടെ നിത്യവും പുറത്തുവിടുന്ന രോഗികളുടെ വിവരം രണ്ടു ദിവസം പഴക്കമുള്ളതാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങളെ പരിഹസിച്ച് തള്ളുകയായിരുന്നു. യഥാര്‍ഥ വിവരം ബി.ബി.സി പുറത്തുവിട്ടതിലൂടെയാണ് സര്‍ക്കാര്‍ മേനിപറച്ചില്‍ അവസാനിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബി.ബി.സി പുറത്തുവിട്ടത്. 'ഹൗ കേരളാസ് കൊവിഡ് 'സക്‌സസ് സ്‌റ്റോറി' കെയിം അണ്‍ഡണ്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍, രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലും രോഗ പരിശോധനയിലും രോഗ നിര്‍ണയത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നിലാണ് കേരളം എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേ അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായിരുന്നു സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടിയിരുന്നത്. ദിനംപ്രതി നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് രോഗബാധിതരായിത്തീരുന്നത്. ഇവരുടെ ജോലി ഭാരമാകട്ടെ കനത്തതുമാണ്. വായു കടക്കാത്ത പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ടുള്ള ഇവരുടെ ഇരുപത്തിനാല് മണിക്കൂറും കടന്നുള്ള ജോലി അക്ഷരാര്‍ഥത്തില്‍ തന്നെ മഹാത്യാഗമാണ്. അങ്ങനെയുള്ളവര്‍ക്ക് അധിക ജോലിക്ക് അധിക വേതനം കൊടുക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്.
അനാവശ്യ കാര്യങ്ങള്‍ക്ക് എത്രയെത്ര ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഒരംശം മതിയാകുമായിരുന്നില്ലേ താല്‍ക്കാലികാടിസ്ഥാനത്തില്‍ കഠിനമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കാന്‍. ഇത് നല്‍കുന്നില്ലെന്ന് മാത്രമല്ല തുച്ഛമായ അവരുടെ ശമ്പളത്തില്‍ നിന്ന് സാലറി കട്ടിലൂടെ ഒരു സംഖ്യ പിടിച്ചെടുക്കുകയും ചെയ്യുന്നു. എല്ലാ പിടുത്തവും കഴിഞ്ഞാല്‍ അവര്‍ക്ക് കിട്ടുന്നത് 27,000 രൂപയാണ്. ഒരു കൂലിത്തൊഴിലാളിക്ക് കിട്ടും പ്രതിമാസം ഇതിലുമധികം. പൊതുവാഹനമില്ലാത്തതിനാല്‍ സ്വയം വാഹനം ഏര്‍പ്പാട് ചെയ്യേണ്ടി വരുന്നതിനാലും വീട്ടുകാര്‍ക്ക് ക്വാറന്റൈന്‍ സുരക്ഷയ്ക്കും ഭക്ഷണത്തിനുമായി 27,000ത്തില്‍ നിന്ന് ചെലവാക്കിയാല്‍ എന്ത് മിച്ചമാണ് ഇവര്‍ക്കുണ്ടാവുക. ഇവരുടെ അധിക ജോലിക്ക് അധിക വേതനം കൊടുക്കാതിരിക്കുന്നതിനും സാലറി കട്ടിനും വിചിത്ര ന്യായങ്ങളാണ് സര്‍ക്കാര്‍ നിരത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല മറ്റു വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തിട്ടുണ്ടെന്ന പരിഹാസ്യമായ ന്യായമാണ് ധനകാര്യ വകുപ്പ് നിരത്തുന്നത്.
രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണ്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരല്ല. അതിനാലാണ് ഓരോ ദിവസം കഴിയുംതോറും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. താല്‍ക്കാലികമായ നിയമനവും അപകടകരമായ ജോലി നിര്‍വഹണവും കൈയില്‍ കിട്ടുന്ന തുച്ഛമായ ശമ്പളവും പരിഗണിച്ച് തങ്ങളെ സാലറി കട്ടില്‍ നിന്നൊഴിവാക്കണമെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സര്‍ക്കാരിനോടുള്ള അപേക്ഷ അന്യായമായിരുന്നുവെന്ന് ചിന്തിക്കുന്ന ഒരാളും ഉണ്ടായിരിക്കില്ല. അതിനാല്‍ അന്യായമായി ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം പിടിച്ചുവെക്കുന്ന നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. മാത്രമല്ല അവരുടെ അധിക ജോലിക്ക് അധിക വേതനം നല്‍കുകയും വേണം. അല്ലാത്തപക്ഷം ആരോഗ്യ മന്ത്രി തന്നെ പറഞ്ഞ ഈ മാസത്തെ കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധന പതിനായിരത്തിലും ഇരുപതിനായിരത്തിലുമായിരിക്കില്ല അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."