അന്തര്‍സംസ്ഥാന ബസുകള്‍ നല്‍കാനുള്ളത് കോടികളുടെ കുടിശ്ശിക
പിരിച്ചെടുക്കാതെ പൊലിസും മോട്ടോര്‍വാഹന വകുപ്പും
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് അന്തര്‍സംസ്ഥാന ബസുകള്‍ സര്‍ക്കാരിന് നല്‍കാനുള്ളത് കോടികള്‍. പൊലിസും, ഗതാഗതവകുപ്പും നോട്ടിസുകള്‍ അയക്കുകയല്ലാതെ പിരിച്ചെടുക്കാന്‍ നടപടിയില്ല.
സ്പീഡ് നിയന്ത്രണ കാമറയില്‍ കുരുങ്ങുന്ന മറ്റു വാഹനങ്ങള്‍ക്ക് നോട്ടിസയക്കുകയും വഴിയില്‍ തടഞ്ഞ് ഫൈന്‍ ഈടാക്കുകയും ചെയ്യുന്ന പൊലിസ് ഇവരുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. നിയമംലംഘിച്ച വകയില്‍ 2015 മുതല്‍ സുരേഷ് കല്ലട മാത്രം നല്‍കാനുള്ള പിഴ 3,97,200 രൂപയാണ്.
ചട്ടംലംഘിച്ച് ചീറിപ്പാഞ്ഞത് പൊലിസ് കാമറയില്‍ പതിഞ്ഞതിന് സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍ 45- 1142 എന്ന ടൂറിസ്റ്റ് ബസിന് അമിത വേഗത്തിന് പൊലിസ് നോട്ടിസ് നല്‍കിയത് 264 തവണയാണ്. കല്ലട സുരേഷിന്റെ 14 ബസുകള്‍ നിരന്തരമായി അമിത വേഗത്തിലോടിയതായും തെളിഞ്ഞിട്ടുണ്ട്. ഈ ഇനത്തില്‍ 2015 മുതല്‍ സുരേഷ് കല്ലടയുടെ 14 ബസുകള്‍ക്ക് ചുമത്തിയ പിഴയാണ് 3,97,200 രൂപ. നോട്ടിസുകളും മുന്നറിയിപ്പും നല്‍കിയെങ്കിലും ഇതുവരെ പിഴ അടച്ചില്ല.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് പിഴയായി നല്‍കാനുള്ളത് 73,200 രൂപയാണ്. കോഴിക്കോടുള്ള കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്കുമുണ്ട് പിഴയിനത്തില്‍ 3,40,400 രൂപ കുടിശ്ശിക. തൃശൂരുള്ള വിനായക ബസ് സര്‍വിസ് 88,000 രൂപയും, അമ്പലക്കര അനില്‍കുമാറിന്റെ അന്തര്‍സംസ്ഥാന ബസിന്റെ കുടിശ്ശിക 1,25,800 രൂപയും, കല്ലറ സ്വദേശി അന്‍വര്‍ജാന്റെ ഉടമസ്ഥതയിലെ രണ്ട് വോള്‍വോ ബസിന്റെ കുടിശ്ശിക 98,000 രൂപയുമാണ് പൊലിസിന് നല്‍കാനുള്ള പിഴ. ഇതുകൂടാതെ മോട്ടോര്‍വാഹന വകുപ്പിനും ഈ കമ്പനികള്‍ വന്‍തുകയുടെ കുടിശ്ശികയുണ്ട്. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കല്ലടയുടെ ബസുകള്‍ റോഡ് നികുതിയിനത്തില്‍ സംസ്ഥാനത്തിനു നല്‍കാനുള്ളത് 90,025,200 രൂപയാണ്. നികുതി വര്‍ധനവിനെതിരേ കോടതിയില്‍ പോയ സുരേഷ് കല്ലടയുടെ ഹരജി തള്ളിയതോടെ നികുതി അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കാന്‍ കല്ലട ബസ് ഉടമ തയാറായില്ല.
അന്യസംസ്ഥാനത്തുനിന്നു കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് മൂന്നു മാസത്തിലൊരിക്കലുള്ള റോഡ് നികുതി 2014ല്‍ വര്‍ധിപ്പിച്ചിരുന്നു. വര്‍ധന ചോദ്യംചെയ്ത് സുരേഷ് കല്ലട ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. പിന്നീട് കേരളസര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവച്ചെങ്കിലും കേസ് നടന്ന കാലാവധിയിലെ കുടിശ്ശിക ഇനിയും സുരേഷ് കല്ലട അടച്ചിട്ടില്ല. കൂടാതെ നിയമലംഘനം നടത്തി സര്‍വിസ് നടത്തിയതിന് മോട്ടോര്‍വാഹന വകുപ്പ് എടുത്ത കേസുകളുടെ എണ്ണത്തിലും കല്ലടയാണ് മുന്നില്‍. ഏതാണ്ട് 2,108 കേസുകളാണ് എടുത്തിട്ടുള്ളത്. എസ്.ആര്‍.എസ് ട്രാവല്‍സിന് 558 കേസും, അറ്റ്‌ലസ് ട്രാവല്‍സിന് 238 കേസും, ഗോള്‍ഡണ്‍ ട്രാവല്‍സിന് 107 കേസും, എസ്.ആര്‍.എം ട്രാവല്‍സിന് 58 കേസും, സുഗമ ട്രാവല്‍സിന് 72 കേസും, കല്‍പക ട്രാവല്‍സിന് 59 കേസും, ശലഭം ട്രാവല്‍സിന് 32 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള
നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: ബംഗളൂരുവിലേക്ക് പോവുന്നതിനിടെ കല്ലട ബസിലെ യാത്രക്കാരെ മര്‍ദിക്കുകയും പണം അപഹരിക്കുകയും ചെയ്ത സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്.
നേരിട്ട് ഹാജരാവാനും വിശദീകരണം നല്‍കാനുമാവശ്യപ്പെട്ട് ബസുടമക്കും ഡ്രൈവര്‍മാര്‍ക്കുമെതിരേ എറണാകുളം ആര്‍.ടി.ഒ നോട്ടിസയച്ചു. ഉടമ കല്ലട സുരേഷ്, കേസിലെ പ്രതികളും ബസ് ഡ്രൈവര്‍മാരുമായ തമിഴ്‌നാട് കോയമ്പത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാര്‍, പോണ്ടിച്ചേരി സ്വദേശി അന്‍വര്‍ എന്നിവര്‍ക്കാണ് നോട്ടിസ്. അഞ്ചു ദിവസത്തിനകം ഹാജരാവണമെന്നും പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നുമാണ് സുരേഷിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ടാണ് നോട്ടിസയച്ചത്.
ഏഴ് പ്രതികളെയാണ് ഇതുവരെ കേസില്‍ പിടികൂടിയിട്ടുള്ളത്. ഉടമയും ഡ്രൈവര്‍മാരും ഹാജരായി വിശദീകരണം നല്‍കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളെയും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നമ്പര്‍ 8 കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ദിവസം വൈറ്റിലയില്‍ വച്ച് യാത്രക്കാരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളെയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. 30ന് പൊലിസ് കസ്റ്റഡി പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.
കള്ളവോട്ട്; സി.പി.എം പ്രതിരോധത്തില്‍
കോഴിക്കോട്: വ്യാപകമായ കള്ളവോട്ടിലൂടെ സി.പി.എം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ജനഹിതം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നത് പകല്‍പോലെ വ്യക്തമായതായി മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ആവശ്യമായിടങ്ങളില്‍ റീപോളിങ്ങും കള്ളവോട്ടു ചെയ്തവര്‍ക്കെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ച് ഇക്കാര്യത്തില്‍ വിശ്വാസ്യത വീണ്ടെടുക്കണമെന്നും കെ.പി.എ മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജനദ്രോഹത്തില്‍ മത്സരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എതിരായ പൊതുവികാരമാണ് സംസ്ഥാനത്തുള്ളത്. അക്രമ രാഷ്ട്രീയവും ചില എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവുമെല്ലാം സജീവ ചര്‍ച്ചയായതോടെ വ്യക്തിഹത്യ, അക്രമം, കള്ളവോട്ട് തുടങ്ങിയ ഹീനമായ മാര്‍ഗങ്ങള്‍ അവലംബിച്ചാണ് ജനാധിപത്യത്തെ സി.പി.എം വെല്ലുവിളിച്ചത്.സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന കള്ളവോട്ടുകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വലിയ ഞെട്ടലിലും നടുക്കത്തിലുമാണ് ജനാധിപത്യ വിശ്വാസികള്‍. മുന്‍പും കള്ളവോട്ടിലൂടെ ജനവിധി അട്ടിമറിച്ചതായി ആരോപിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയവര്‍ കയ്യോടെ പിടിയിലായിരിക്കുന്നു.
കാസര്‍കോട്, കണ്ണൂര്‍, വയനാട് മണ്ഡലങ്ങലില്‍ വ്യാപകമായും മറ്റു സി.പി.എം ശക്തി കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ടും കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്.സി.പി.എം കള്ളവോട്ടിന് ശ്രമിക്കുമെന്നും ഇതു തടയാന്‍ കര്‍ശന നടപടികള്‍ ഉണ്ടാവണമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് പല പ്രാവശ്യം യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍കരുതലോ നടപടികളോ ഉണ്ടായില്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ ഏതാനും കള്ളവോട്ടുകളാണ് വെളിച്ചത്തായത്. കാമറ സ്ഥാപിക്കാത്തതും അത്തരം സംവിധാനങ്ങളെ കബളിപ്പിച്ചും നടന്ന കള്ളവോട്ടുകള്‍ കാസര്‍കോട്ടും കണ്ണൂരും വടകരയിലും ഒട്ടേറെയുണ്ട്.
ഭീഷണിയും കൊലവിളിയും ഭരണത്തണലില്‍ പൊലിസിനെ ഉപയോഗിച്ചുമാണ് എതിരാളികളെ ബന്ധികളാക്കി കള്ളവോട്ടുകള്‍ ചെയ്തത്. കള്ളവോട്ടു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കയ്യോടെ പിടികൂടി നല്‍കിയിട്ടും അവരെ രക്ഷപ്പെടുത്തുന്ന സമീപനമാണ് ചിലയിടങ്ങളിലെങ്കിലും പൊലിസ് സ്വീകരിച്ച നിലപാട്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷനും ചീഫ് ഓഫിസറും തയാറാവണം. യു.ഡി.എഫ് നിയമപരമായി നീതിക്കായി പോരാടുമെന്നും കെ.പി.എ മജീദ് പ്രസ്താനയില്‍ അറിയിച്ചു.
കള്ളവോട്ടുകാര്‍ക്കെതിരേ
വിട്ടുവീഴ്ചയില്ല: എം.കെ മുനീര്‍
കോഴിക്കോട്: ഉത്തര കേരളത്തില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് വ്യക്തമായ സ്ഥിതിക്ക് ഇതിനു കൂട്ടു നിന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
സംശയാസ്പദ ബൂത്തുകളില്‍ റീപോളിങ്ങ് നടത്തി ജനഹിതം ഉറപ്പാക്കണം. കാസര്‍ക്കോട്ടും കണ്ണൂരും വടകരയിലും കോഴിക്കോട്ടും സമാന സംഭവങ്ങള്‍ സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ജനഹിതം അട്ടിമറിച്ചില്ലെന്ന് ഉറപ്പുവരുത്തണം.ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വോട്ടുകള്‍ ഒന്നാകെ സി.പി.എമ്മുകാര്‍ ചെയ്തത് കയ്യോടെ പിടികൂടിയിരിക്കുന്നു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരായ വികാരവും രാഹുല്‍ തരംഗവും അലയടിച്ച തെരഞ്ഞെടുപ്പിനെ കള്ളവോട്ടിലൂടെ അട്ടിമറിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. സി.പി.എം നേതാക്കളും ജനപ്രതിനിധികളും കള്ളവോട്ടില്‍ പങ്കെടുത്തെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ നിയമവും ചട്ടവും മറികടന്ന് അതിനു കൂട്ടുനിന്നെന്നുമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടാണ് പുറത്തായത്.
കോഴിക്കോട് ഒളവണ്ണയില്‍ സി.പി.എം നേതാവിന്റെ കള്ളവോട്ട് തടഞ്ഞ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ അക്രമിച്ചപ്പോള്‍ നോക്കുകുത്തിയായി നിന്ന പൊലിസ് കളളവോട്ടു ചെയ്യാനെത്തിയ വ്യക്തിയെ രക്ഷപ്പെടുത്തിയതും ഗുരുതരമാണ്.കള്ളവോട്ടുകാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ യു.ഡി.എഫ് നിയമപരമായി പോരാടും. സംശയമുള്ള ബൂത്തുകളില്‍ റീപോളിങ്ങിനും കള്ളവോട്ടു ചെയ്യാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് കേസെടുക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാവണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
കള്ളവോട്ടിനെതിരേ ആത്യന്തികമായി
നിയമ യുദ്ധത്തിലേക്കു പോകാനാണ് തീരുമാനം; കെ. സുധാകരന്‍
കണ്ണൂര്‍: 2001ല്‍ എടക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ടിനെതിരേയുള്ള പോരാട്ടം താന്‍ ഇപ്പോഴും തുടരുകയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍.
കണ്ണൂരില്‍ പുറത്തുവന്ന കള്ളവോട്ടിനെതിരേ ആത്യന്തികമായി നിയമ യുദ്ധത്തിലേക്കു പോകാനാണു തീരുമാനം. ജനഹിതത്തെ അട്ടിമറിക്കാനുള്ള രീതിയാണു സി.പി.എമ്മിന്റേതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനാധിപത്യരീതിയില്‍ കള്ളവോട്ടില്ലാതെ തെരഞ്ഞെടുപ്പ് നടന്നാല്‍ ജില്ലയില്‍ രണ്ടു നിയമസഭാ സീറ്റേ സി.പി.എമ്മിനു ലഭിക്കൂ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ 6566 വോട്ടിനാണു തോറ്റത്. എന്നാല്‍ യു.ഡി.എഫ് ബൂത്ത് ഏജന്റുമാരില്‍ നിന്നും കണക്കെടുത്തപ്പോള്‍ 17403 കള്ളവോട്ട് സി.പി.എം നടത്തിയെന്നു വ്യക്തമായി. അക്രമം കൊണ്ട് ജനഹിതത്തെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. അക്രമം നടത്തി സമൂഹത്തില്‍ ഭയപ്പാടുണ്ടാക്കുകയാണു ലക്ഷ്യം. അരുംകൊല രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാത്തവരായി സമൂഹത്തെ മാറ്റിയെടുക്കാനും ഇവര്‍ പദ്ധതിയിടുന്നു. യു.ഡി.എഫിനു വോട്ടു ചെയ്തവരെ പോലും സി.പി.എം ഭീഷണിപ്പെടുത്തുകയാണ്.
ഇത്രയും അനാഥമായ രീതിയില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സി.പി.എമ്മിനെ സഹായിക്കല്‍ ജോലി മാത്രമാണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. കണ്ണൂരില്‍ കള്ളവോട്ട് പരാതി ഉന്നയിച്ചപ്പോള്‍ വരാണാധികാരിയായ കലക്ടര്‍ നിസാഹയതയോടെ നോക്കിനില്‍ക്കുകയായിരുന്നു. സി.പി.എം ഭീകരത ചൂണ്ടിക്കാട്ടുമ്പോള്‍ ഉദ്യോഗസ്ഥര്‍ പരിഹാസത്തോടെയാണു കേള്‍ക്കുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."