ആത്മവിശ്വാസത്തോടെ ബാംഗ്ലൂര്‍
ന്യൂഡല്‍ഹി: സീസണില്‍ പൂര്‍ണ പരാജയമായിരുന്നെങ്കിലും അവസാന മൂന്ന് മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നു. ഡല്‍ഹി കാപിറ്റല്‍സിനെ അവരുടെ തട്ടകത്തിലാണ് ബാംഗ്ലൂര്‍ നേരിടുന്നത്. അവസാന മത്സരത്തില്‍ പഞ്ചാബിനെ 17 റണ്‍സിനായിരുന്നു ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്.
അതിന് മുമ്പ് നടന്ന മത്സരങ്ങളില്‍ ചെന്നൈയെ ഒരു റണ്‍സിനും കൊല്‍ക്കത്തയെ പത്ത് റണ്‍സിനുമായിരുന്നു ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്. സീസണ് തുടങ്ങി ആറു മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ബാംഗ്ലൂര്‍ ആദ്യ ജയം കണ്ടെത്തിയത്. ഇതോടെ ടീം വിജയ വഴിയിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാല്‍ ടീം വിജയിച്ചു തുടങ്ങിയപ്പോഴേക്കും അല്പം വൈകിയിരുന്നു. നിലവില്‍ എട്ടു പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ് ബാംഗ്ലൂരുള്ളത്. ഇന്നത്തേതുള്‍പ്പെടെ സീസണില്‍ മൂന്ന് മത്സരം മാത്രമേ ബാംഗ്ലൂരിന് ബാക്കിയുള്ളു. ഇതില്‍ മൂന്നിലും ജയിച്ചാലും കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാകില്ലെങ്കിലും മെച്ചപ്പെട്ട രീതിയില്‍ സീസണ് അവസാനിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹി പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിച്ച മട്ടാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ വരുതിയിലാക്കി പ്ലേ ഓഫ് സ്വപ്നം മാത്രമാണ് ഇപ്പോള്‍ ഡല്‍ഹിയുടെ മനസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."