മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് കോണ്‍സല്‍ ജനറല്‍
ദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുതിയ നിബന്ധന കാരണം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നത്തിനു ഉടന്‍ പരിഹാരം കാണുമെന്ന് ദുബൈ കോണ്‍സല്‍ ജനറല്‍ അമന്‍പുരി നേരിട്ട് ഉറപ്പുനല്‍കിയതായി കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.
പ്രതിസന്ധിക്കു കാരണമായ മുദ്രപത്രവുമായി ബന്ധപ്പെട്ട നിബന്ധനയിലെ അപാകത കോണ്‍സുല്‍ ജനറലിനെ രേഖാമൂലം ധരിപ്പിച്ചെന്നും അദ്ദേഹം ഉടനെ തന്നെ പ്രതിസന്ധി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതായും യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു.
മൃതദേഹം കൊണ്ടുപോകാന്‍ നാട്ടിലെ അവകാശികള്‍ അനുമതി നല്‍കുന്ന മുദ്രപത്രത്തിലെ തിയതിയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണയാണ് മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകുന്നതു വൈകാന്‍ കാരണമായത്. മരിച്ചവരുടെ ബന്ധുക്കള്‍ സത്യവാങ്മൂലം ഒപ്പിട്ടുനല്‍കുന്ന മുദ്രപത്രത്തിലെ തിയതി മരണം നടന്ന ശേഷമുള്ളതാകണമെന്ന കോണ്‍സുലേറ്റിന്റെ നിബന്ധനയാണ് പ്രതിസന്ധിക്കു കാരണമായത്. കേരളത്തില്‍ മുദ്രപത്രങ്ങള്‍ നേരത്തെ വാങ്ങിവച്ച വെണ്ടര്‍മാരില്‍നിന്നാണ് ജനങ്ങള്‍ക്കു ലഭ്യമാകുക. അതിലെ തിയതി പഴയതായിരിക്കും. അതുകൊണ്ട് പഴയ തിയതിയില്‍ ഉള്ള മുദ്രപത്രത്തിലെ സത്യവാങ്മൂലം പരിഗണിക്കാതിരിക്കുന്നത് മരിച്ചവരുടെ ബന്ധുക്കളെ കൂടുതല്‍ പ്രയാസത്തിലാക്കും. മുദ്രപത്രത്തിലെ ഒപ്പിട്ട തിയതി പരിഗണിച്ച് സത്യവാങ്മൂലം സ്വീകരിക്കാനുള്ള ഇളവുനല്‍കി ഈ പ്രതിസന്ധി പരിഹരിക്കണം. ഗള്‍ഫില്‍ മരണം സംഭവിച്ചശേഷം വാങ്ങിയ മുദ്രപത്രത്തില്‍ സത്യവാങ്മൂലം വേണമെന്ന നിബന്ധന അപ്രായോഗികമാണെന്ന് കോണ്‍സുല്‍ ജനറലിനെ ധരിപ്പിക്കാനായി കെ.എം.സി.സി നേതാക്കള്‍ എഴുതിയ കത്തില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിരുന്നു.
കേരളത്തില്‍ വിതരണം ചെയ്യുന്ന മുദ്രപത്രങ്ങളിലെ തിയതിയുമായി ബന്ധപ്പെട്ട നിജസ്ഥിതി മനസിലായതായും ഇപ്പോള്‍ വൈകിയ നാലുമലയാളികളുടെ മൃതദേഹങ്ങള്‍ ഉടനെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഉടനെ ഉണ്ടാവുമെന്നും കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കിയതായി കോണ്‍സുല്‍ ജനറലിനു കത്തെഴുതിയ പുത്തൂര്‍ റഹ്മാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."