സി.പി.എം നേതാവിന്റെ മകന്റെ മയക്കുമരുന്ന് മാഫിയാ ബന്ധം അന്വേഷിക്കണം: മുല്ലപ്പള്ളി
തിരുവനന്തപുരം: സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷരുടെയും നേതൃത്വത്തില്‍ നടത്തിയ ഉപവാസ സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പെരിയ ഇരട്ടക്കൊലയുടെ പൂര്‍ണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന കുറ്റസമ്മതമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്.
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പകരംവീട്ടലാണ് വെഞ്ഞാറമൂട് കൊലപതകമെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന. പെരിയ ഇരട്ടക്കൊല സി.പി.എം നടത്തിയതാണെന്ന കോടിയേരിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ യഥാര്‍ഥ പ്രതികളുടെ പേരും അദ്ദേഹം വെളിപ്പെടുത്തണം.
വെഞ്ഞാറമൂട് കൊലപാതക കാരണം രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പകയാണ്. ഇതില്‍ കോണ്‍ഗ്രസിന് എന്തുപങ്കാണുള്ളത്? പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കോണ്‍ഗ്രസിന് ഈ സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
രക്തസാക്ഷികളെ തിരക്കിനടക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഭരണത്തിന്റെ തണലില്‍ മയക്കുമരുന്ന് മാഫിയ അരങ്ങുതകര്‍ക്കുകയാണ്. കേരളം മയക്കുമരുന്നു മാഫിയയുടെ താവളമായി. ഉന്നത ബന്ധം മയക്കുമരുന്നു ലോബിക്കു പിന്നിലുണ്ട്. കേരള നാര്‍ക്കോട്ടിക് സെല്‍ കേസ് അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."