എടക്കഴിയൂരില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു
ചാവക്കാട്: എടക്കഴിയൂരില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. 80 അടിയിലേറെ നീളവും ആഫ്രിക്കന്‍ ആനകളുടേത് പോലെ വലിയ കൊമ്പുകളുമുള്ള നീലത്തിമിംഗലത്തിന്റെ ജഡമാണ് കരക്കടിഞ്ഞത്. തലഭാഗവും വാല്‍ഭാഗവും നഷ്ടപ്പെട്ട നിലയിലാണ്. ബാലീന്‍ എന്ന വിഭാഗത്തില്‍പ്പെട്ട തിമിംഗലമാണിതെന്നാണ് സമുദ്രശാസ്ത്രജ്ഞനായ ഡോ. സുജിത് സുന്ദരത്തിന്റെ അഭിപ്രായം. കൂട്ടമായി സഞ്ചരിക്കുന്ന ക്രില്ലകളും മറ്റുമാണ് ഇവയുടെ പ്രധാന ഭക്ഷണമെന്നു പറയുന്നു. കടലില്‍ അപകടത്തില്‍പ്പെട്ടായിരിക്കണം ചത്തതെന്നാണ് നിഗമനം. തിമിംഗല വേട്ട ഇന്ത്യയില്‍ നിരോധിച്ചതാണ്. ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി (ഐ.യു.സി.എന്‍)ന്റെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ട ജീവിയാണ് ബാലീന്‍ തിമിംഗലം. വെള്ളിയാഴ്ച്ച രാത്രി 10 ഓടെയാണ് എടക്കഴിയൂര്‍ തെക്കേ മദ്രസക്കു പടിഞ്ഞാറ് ബീച്ചില്‍ ജഡം കണ്ടെത്തിയത്. നാളുകള്‍ക്കു മുമ്പേ ചത്തതിനാല്‍ അസഹ്യമായ ദുര്‍ഗന്ധം പരന്നതോടെയാണ് നാട്ടുകാര്‍ കടപ്പുറത്തിറങ്ങിയത്. ഇന്നലെ വിവരം പുറത്തറിഞ്ഞതോടെ നിരവധിയാളുകളാണ് കടപ്പുറത്ത് തിമിംഗലത്തിന്റെ ജഡം കാണാനെത്തിയത്. പുന്നയൂര്‍ പഞ്ചായത്ത് അംഗം എം.കെ. ഷഹര്‍ബാന്‍, ആരോഗ്യവകുപ്പ് ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി എട്ടോടെയാണ് കടപ്പുറത്ത് തന്നെ വലിയ കുഴിയെടുത്താണ് തിംമിംഗലത്തെ കുഴിച്ചിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."