'പ്രഗ്യയുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുന്നില്ല; ഭീകരതക്ക് മതമില്ലെന്നാണ് പിതാവ് ഞങ്ങളെ പഠിപ്പിച്ചത്'-മൗനം വെടിഞ്ഞ് കര്‍ക്കരെയുടെ മകള്‍
വാഷിങ്ടണ്‍: പ്രഗ്യ സിങ് ഠാക്കൂറിന്റെ വാക്കുകള്‍ക്ക് തങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്ന് ഹേമന്ത് ഹര്‍ക്കരെയുടെ മകള്‍. പിതാവിന്റെ മരണശേഷം ആദ്യമായാണ് അവര്‍ പ്രതികരിക്കുന്നത്.
തന്റെ യൂനിഫോമിന് തന്നേക്കാളും കുടുംബത്തേക്കാളും പ്രാധാന്യം നല്‍കിയ ആളാണ് കര്‍ക്കരെയെന്ന് മകള്‍ ജൂയി നവാരെ ഓര്‍മിച്ചു. അദ്ദേഹത്തിന്റെ മരണം പോലും രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ആയിരുന്നുവെന്ന് എല്ലാവരേയും ഓര്‍മിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
'പിതാവിന്റെ മരണത്തെ കുറിച്ച് മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വായിച്ചു. ഞാന്‍ അവര്‍ക്കോ അവരുടെ വാക്കുകള്‍ക്കോ ഒരു വിലയും കല്‍പിക്കുന്നില്ല. ഞാന്‍ കര്‍ക്കരെയെ കുറിച്ച് മാത്രം സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ഒരു മാതൃകാ പുരുഷനായിരുന്നു. അദ്ദേഹത്തിന്റെ പേര് ബഹുമാനത്തോടെ ഉച്ചരിക്കണം'- നവാരെ പറഞ്ഞു.
'ഭീകരതക്ക് മതമില്ലെന്നാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. പരസ്പരം കൊല്ലാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല. ആ ആശയം പരാജയപ്പെടുത്തേണ്ടതാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലും 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലും അദ്ദേഹം എല്ലാവരേയും സഹായിച്ചു. മരണത്തില്‍ പോലും അദ്ദേഹം രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം തന്റെ യൂനിഫോമിനെ സ്‌നേഹിച്ചു. ഞങ്ങളേക്കാളും സ്വന്തം ജീവിതത്തേക്കാളും അദ്ദേഹം അതിനെയാണ് സ്‌നേഹിച്ചത്. അത് എല്ലാവരേയും ഓര്‍മിപ്പിക്കുകയാണ്'- അവര്‍ പറഞ്ഞു.
പിതാവ് മലേഗാവ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്ന സമയത്ത് മാതാവിന് നല്ല ആശങ്കയുണ്ടായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും അപകടം പറ്റുമോ എന്ന്് അവര്‍ ഭയപ്പെട്ടിരുന്നു. തലച്ചോറിലെ രക്തസ്രാവം മൂലം 2014ലാണ് കര്‍ക്കരെയുടെ ഭാര്യ മരിക്കുന്നത്.
തന്റെ പിതാവ് ചെയ്തതെല്ലാം ശരിയായിരുന്നുവെന്ന് നവാരെ ഉറച്ചു വിശ്വസിക്കുന്നു. ' ഒരു മകളെന്ന നിലക്ക് അദ്ദേഹത്തെ എനിക്ക് നന്നായറിയാം. അദ്ദേഹത്തെ പോല ഒരാള്‍ക്ക് നീതിക്കു വേണ്ടി നിലകൊള്ളാനേ കഴിയൂ'- അവര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ക്കരെയുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് നവാരെ. ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമൊത്ത് യു.എസില്‍ സ്ഥിരതാമസമാണ് നവാരെ.
തന്റെ ശാപം മൂലമാണ് കര്‍ക്കരെ മരിച്ചതെന്ന് കഴിഞ്ഞ ദിവസം പ്രഗ്യാസിങ് പറഞ്ഞിരുന്നു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ എല്ലാവരും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."