ആചാര്യന്‍
ഒരു അധ്യാപക ദിനം കൂടി. ഇന്ത്യയുടെ ഇതിഹാസ മനസിന്റെ സൂര്യതേജസായ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. ചുണ്ടില്‍ ചിരിയും വെളുത്ത കോട്ടില്‍ പനിനീര്‍പ്പൂവുമായി വന്ന ചാച്ചാജിയുടെ ഇഷ്ടതോഴന്‍, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്ട്രപതി, സ്വാമി വിവേകാനന്ദനേയും ടാഗോറിനേയും അനുഗമിച്ച മുനികുമാരന്‍, 1948ലും 1954ലും വിദ്യാഭ്യാസ കമ്മിഷനുകളുടെ തലവന്‍, വിദ്യാര്‍ഥികളുടെ പ്രിയ ഗുരു, ഭാരതരത്‌നം തേടിയെത്തിയ അതുല്യ പ്രതിഭ, ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി, രണ്ടാമത്തെ രാഷ്ട്രപതി അങ്ങനെ അണിയാനും അണിയിക്കാനുമായി ഈ ആചാര്യന് എത്രയെത്ര വിശേഷണങ്ങള്‍!
യഥാര്‍ഥ മനുഷ്യനെ രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പുറന്തോട് പൊട്ടിച്ച് ഉള്ളിലുള്ളതിനെ കാണിച്ചുകൊടുക്കുകയാണ് ഗുരുവിന്റെ യഥാര്‍ഥ കര്‍മമെന്ന് അരിസ്റ്റോട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗുരു എന്ന പദത്തിന് ''മനുഷ്യ മനസില്‍നിന്ന് അവിദ്യയാകുന്ന ഇരുട്ടിനെ അകറ്റി വിദ്യയാകുന്ന വെളിച്ചം പ്രദാനം ചെയ്യുന്നവന്‍'' എന്ന സാമാന്യ നിര്‍വചനം പ്രസിദ്ധമാണ്. ഗുരു എന്നാല്‍ അധ്യാപകന്‍ (ടീച്ചര്‍) എന്ന സങ്കുചിതമായി ചിന്തിക്കുന്നവരാണ് പുതുതലമുറയിലെ ബഹുഭൂരിപക്ഷവും.
1888 സെപ്റ്റംബര്‍ 5 ന് ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സര്‍വേപ്പള്ളി ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് സര്‍വേപ്പള്ളി വീരസ്വാമി (വീരശാമയ്യ), അമ്മ സീതാമ്മാള്‍. രാധാകൃഷ്ണന്റെ കുടുംബം പിന്നീട് തമിഴ്‌നാട്ടിലെ തിരുത്തണിയിലേക്ക് താമസം മാറ്റി. ദാരിദ്ര്യ ദുഃഖത്തിന്റെ പെരുമഴയില്‍ പെട്ടുപോയ ഒരു കുടുംബം. പ്രതികൂല ജീവിത സാഹചര്യങ്ങളെ ജീവിച്ചു തോല്‍പിച്ച താഴ്മയുടെ വിജയ ചരിതമാണ് ഡോക്ടര്‍ രാധാകൃഷ്ണന്റേത്. പുസ്തകങ്ങളായിരുന്നു ബാലന്റെ കളിച്ചെപ്പ്. പഠനത്തില്‍ സമര്‍ത്ഥനായിരുന്നതിനാല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അതിന്റെ തണലിലായിരുന്നു ആ കൊച്ചു കുടുംബം പുലര്‍ന്നത്. ട്യൂഷനെടുത്ത് സമ്പാദിച്ചിരുന്ന പണവും മേല്‍പ്പറഞ്ഞ പ്രകാരം വിനിയോഗിച്ചു. 1896-ല്‍ തിരുപ്പൂരിലുള്ള ഹെര്‍മാന്‍സ് ബര്‍ഗ് ഇവാഞ്ചലിക്കല്‍ ലൂഥര്‍മിഷന്‍ സ്‌കൂളില്‍ ചേര്‍ന്നു. ഉപരിപഠത്തിനായി വെല്ലൂര്‍ വുര്‍സ് കോളജില്‍ ചേര്‍ന്നെങ്കിലും പിന്നീട് അവിടെനിന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളജിലേക്ക് മാറി.
അവിടെനിന്ന് ഫിലോസഫി ഐശ്ചികവിഷയമായി എടുത്ത് ബി.എ ഒന്നാം ക്ലാസോടെ ജയിച്ചു. ബിരുദാനന്ത ബിരുദത്തിന് ഫിലോസഫി തന്നെയാണ് തെരഞ്ഞെടുത്തത്. വലിയ കൂട്ടുകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മുഴുവന്‍ ബാധ്യതയും രാധാകൃഷ്ണന്റെ ചുമതലയിലായിരുന്നു. അതിനാല്‍ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നിട്ടും കുടുംബത്തെ വിട്ട് ഓക്‌സ്‌ഫെഡ് സര്‍വകലാശാലയില്‍ ചെന്ന് പഠിക്കാന്‍ സാധിച്ചില്ല. 1909 ല്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1918-ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. 1921-ല്‍ കല്‍ക്കത്ത സര്‍വകലാശാലയില്‍ ഫിലോസഫി പ്രൊഫസറായി ചേര്‍ന്നു. 1926 ജൂണില്‍ ഹാവാഡ് സര്‍വകലാശാലയില്‍ നടന്ന ഇന്റര്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഫിലോസഫി സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.
1929 ല്‍ ഓക്‌സ്‌ഫെഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനം ലഭിച്ചു. 1931-ല്‍ ബ്രട്ടീഷ് സര്‍ക്കാര്‍ നൈറ്റ് ബഹുമതി നല്‍കി. അതോടെ സര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ പടവുകള്‍ കയറുന്തോറും ധിഷണാ വൈഭവം കൊണ്ട് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. 1931-ല്‍ ആന്ധ്ര സര്‍വകലാശാല രൂപം കൊണ്ടപ്പോള്‍ വൈസ് ചാന്‍സലറായി. 1936-ല്‍ ഓക്‌സ്‌ഫെഡ് സര്‍വകലാശാലയില്‍ ചെയര്‍ അധ്യക്ഷനായി. 1939 ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വഹിച്ച അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ യുനസ്‌കോയുടെ പ്രതിനിധിയാക്കി. തുടര്‍ന്ന് സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി. പിന്നീട് അദ്ദേഹം നമ്മുടെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി. വി.സി. ആയിരുന്നപ്പോഴും ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ നേരം വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
ധന്യനിമിഷം
വിദ്യാര്‍ഥികള്‍ ഉള്ളുതുറന്നു സ്‌നേഹിച്ച അധ്യാപകനായിരുന്നു ഡോ. രാധാകൃഷ്ണന്‍. അവരുടെ സ്‌നേഹവായ്പിനെ തെളിയിക്കുന്ന ഒരു സംഭവമുണ്ട്. കേവലം രണ്ടു വര്‍ഷവും എട്ടു മാസവും മൈസൂര്‍ സര്‍വകലാശാലയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ച രാധാകൃഷ്ണന് 1921-ല്‍ നല്‍കിയ യാത്രയയപ്പ് ചരിത്രത്തിലെ എണ്ണപ്പെട്ട സംഭവമായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് കുതിരിവണ്ടിയിലാണ് അദ്ദേഹം യാത്രചെയ്യാനൊരുങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ കുതിരകളെ അഴിച്ചുമാറ്റി. ഗുരുനാഥന്‍ കയറിയ വണ്ടി പുഷ്പാലങ്കാരം ചെയ്തു വലിച്ചുകൊണ്ടുപോയി. പ്ലാറ്റ്‌ഫോമിലുടനീളം പൂക്കള്‍ വിതറി. അദ്ദേഹം കയറിയ കംപാര്‍ട്ടുമെന്റ് പനിനീര്‍പ്പൂക്കള്‍ കൊണ്ട് നിറച്ചു. ആയിരക്കണക്കിന് ശിഷ്യന്മാരും പൗരപ്രമാണിമാരും ചേര്‍ന്ന് യാത്രയയച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏതൊരധ്യാപകന്റെ ജീവിതത്തിലാണ് ഇത്തരം അനര്‍ഹ നിമിഷങ്ങള്‍ ഉണ്ടാവുക?
ജീവിതരേഖ
1988 സെപ്റ്റംബര്‍ 5 ന് ജനനം. 1896-ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നു. 16-ാം വയസ്സിലായിരുന്നു വിവാഹം. മകന്‍ സര്‍വേപ്പള്ളി ഗോപാല്‍ അറിയപ്പെടുന്ന ചരിത്രകാരനാണ്. 1909 ല്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി. 1925-ല്‍ ആപ്ടണ്‍ പ്രഭാഷണം. 1929-ല്‍ ഓക്‌സ്‌ഫെഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനം. 1931-ല്‍ ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍. 1939-ല്‍ ബനാറസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍. 1948-ല്‍ യുനസ്‌കോ ചെയര്‍മാന്‍, സര്‍വകലാശാല കമ്മിഷന്‍ ചെയര്‍മാന്‍. 1949 റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍. 1952-ല്‍ ഉപരാഷ്ട്രപതി. 1954-ല്‍ ഭാരതരത്‌നം. 1962-ല്‍ രാഷ്ട്രപതി. 1967-ല്‍ രാഷ്ട്രപതിപദം ഒഴിയുന്നു. 1975 ഏപ്രില്‍ 17 ന് അന്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."