ഹൈക്കോടതിയിലെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം ജുഡിഷ്യല്‍ അന്വേഷണം നടത്തും
കൊച്ചി: ഹൈക്കോടതി അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച്്് ജുഡിഷ്യല്‍ അന്വേഷണം ശുപാര്‍ശ ചെയ്യാനും സംഭവവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തുവാനും തീരുമാനിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ സ്ത്രീയെ പൊതുവഴിയില്‍ കടന്നുപിടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എഴുതിയതിന്റെ പേരില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിനായി അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം പ്രഖ്യാപിച്ചത്്.
ഹൈക്കോടതിയിലെ മീഡിയ റൂം തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച തീരുമാനം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിടും. ഇന്ന് മുതല്‍ സാധാരണ രീതിയില്‍ സമാധാനപരമായി വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഹൈക്കോടതിയില്‍ സാഹചര്യം ഒരുക്കാന്‍ അഭിഭാഷക അസോസിയേഷന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് എസ്. യു നാസര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
തുടര്‍ച്ചയായ രണ്ട് ദിവസം മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം, മാധ്യമ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന പേരില്‍ ഇന്നലെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ സ്ത്രീയെ പെരുവഴിയില്‍ കടന്നുപിടിച്ചത് വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു വിഭാഗം അഭിഭാഷകര്‍ നടത്തിയ രോഷപ്രകടനം അതിരുവിട്ട സാഹചര്യത്തിലാണ് എ.ജിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ലഭ്യമാവുകയാണെങ്കില്‍ മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍. ഭാസ്‌കരനെയാവും അന്വേഷണത്തിനായി ശുപാര്‍ശ ചെയ്യുക.സംഭവങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ കൊച്ചി ഡെപ്യൂട്ടി സിറ്റി പൊലിസ് കമ്മിഷണര്‍ അരുള്‍ ബി. കൃഷ്ണ അന്വേഷിക്കും. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥയിലേക്കെത്തിയ കാര്യങ്ങളുള്‍പ്പെടെയാകും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക.
അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നവെ വൈകിട്ട് എറണാകുളം ഗസ്റ്റ് ഹൗസിലാണ്് ചര്‍ച്ച നടന്നത്. രാവിലെ ആക്ടിങ്്് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളുമായി ഹൈക്കോടതി രജിസ്ട്രാറും എ.ജിയും ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്്് വൈകിട്ട് ഇരുകക്ഷികളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്്.ചര്‍ച്ച തുടങ്ങിയ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനുള്ള തീരുമാനമെടുത്തതായി അഡ്വക്കറ്റ് ജനറല്‍ സി. പി സുധാകര പ്രസാദ് അറിയിക്കുകയായിരുന്നു. കോടതിക്ക് പുറത്ത് നടന്ന സംഭവങ്ങളാണ് അന്വേഷണ പരിധിക്കകത്ത് വരുന്നതെന്നും എ.ജി വ്യക്തമാക്കി. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാട് പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് കെ. രവികുമാറിന്റെ നേതൃത്വത്തിലുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംഘം സ്വീകരിച്ചു.
കോടതിക്കകത്ത് നടന്ന സംഭവങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുത്താനാവില്ലെന്നായിരുന്നു എ.ജി അറിയിച്ചത്. എന്നാല്‍, പുറത്തെ സംഘര്‍ഷവാസ്ഥയിലേക്ക് നയിച്ച അടിസ്ഥാന കാരണങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം അസി. സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷ് മുന്നോട്ട് വച്ചു. ഇതിലൂടെ കോടതിക്കകത്ത് മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവമുള്‍പ്പെടെ അന്വേഷണ പരിധിയില്‍ വരുമെന്നതിനാല്‍, ഈ നിര്‍ദേശം യോഗം അംഗീകരിച്ചു. തുടര്‍ന്നാണ് അക്രമ സംഭവങ്ങള്‍ എറണാകുളം ഡി.സി.പി അന്വേഷിക്കാനുള്ള തീരുമാനമെടുത്തത്. മാഞ്ഞൂരാന്‍ സംഭവവുമായി ബന്ധപ്പെട്ട അഭിഭാഷക അസോസിയേഷന്റെ ഔദ്യോഗിക നിലപാട് മാധ്യമ പ്രവര്‍ത്തകര്‍ ഭാരവാഹികളെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടതാണെങ്കിലും നല്‍കിയില്ലെന്നും ഇതിന്റെ പേരില്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചത് അംഗീകരിക്കാനാവില്ലെന്നും മാധ്യമ പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഹൈക്കോടതി കെട്ടിടത്തില്‍ അനുവദിച്ചിട്ടുള്ള മീഡിയാ റൂം സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇപ്പോള്‍ ഹൈക്കോടതി അധികൃതര്‍ താല്‍ക്കാലികമായി ഏറ്റെടുത്തിരിക്കുകയാണ്.
ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ തീരുമാനം അംഗീകരിക്കാമെന്ന്്് അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് എസ്. യു നാസര്‍ യോഗത്തെ അറിയിച്ചു. തുടര്‍ന്ന് ഇതിലെ തീരുമാനം ചീഫ് ജസ്റ്റിസിന് വിട്ടു. അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ന് മുതല്‍ സാധാരണ പോലെ സമാധാനപരമായി കോടതിയിലെത്തി വാര്‍ത്ത ശേഖരിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള നടപടിക്ക് ശ്രമിക്കാമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെ അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചതിനാല്‍ കേസുകള്‍ പരിഗണനയ്ക്ക് എടുത്തിരുന്നില്ല.
ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളായി കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് രവികുമാര്‍, സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍, എന്‍.എന്‍. പ്രീതി, മാഹിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."