ആര്‍ട്ട് ഗാലറിയില്‍ വര്‍ണങ്ങളുടെ പുലിക്കളി
കോഴിക്കോട്: കേരള ലളിത കലാ ആര്‍ട്ട് ഗാലറിയില്‍ വര്‍ണങ്ങളുടെ പുലിക്കളിക്ക് തുടക്കമായി. കലാകാരനായ പി.ജി ദിനേഷിന്റെ വിമര്‍ശനാത്മക ഏകാങ്ക ചിത്രശില്പ പ്രദര്‍ശനത്തിനാണ് തുടക്കമായത്. തന്റെ നാടായ തൃശൂരിന്റെ സ്വന്തം പുലിക്കളിയും തനിക്ക് പ്രിയപ്പെട്ട പൂച്ചയും തന്നെയാണ് പ്രദര്‍ശനത്തിലെ താരം. കുടുംബപുരാണം, യുനിഫോം എന്നീ സീരീസുകളിലായി വിവിധ വേഷങ്ങളിലാണ് പൂച്ച അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. കൂടാതെ വിവിധ പക്ഷികളും പൂമ്പാറ്റകളും പഴങ്ങളും ദിനേഷിന്റെ വര്‍ണങ്ങളില്‍ വിരിഞ്ഞിട്ടുണ്ട്.
പാരമ്പര്യ ശില്പിയായ ദിനേഷിന്റെ ചിരിക്കുന്ന പൂച്ചയും മൂങ്ങയും കാണികളെ ആകര്‍ഷിക്കുന്നവയാണ്. മരത്തില്‍ കൊത്തിയെടുത്തതും മണ്ണ് കൊണ്ട് ഉണ്ടാക്കിയതുമായ 40ഓളം ശില്‍പ്പങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ശില്പ്പങ്ങളില് മറ്റൊരു ആകര്‍ഷണമാണ് തൂങ്ങുന്ന ശില്പ്പങ്ങള്. കൂട്ടമായി തൂങ്ങി കിടക്കുന്ന കശുവണ്ടിയും മീനുകളും ശില്‍പ്പ കലയിലെ വേറിട്ട കാഴ്ചയാണ്. കേരള ലളിത കലാ അക്കാദമിയുടെയും കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം അടുത്ത മാസം 3 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."