കശ്മിരില്‍ വീണ്ടും വിലക്ക്; പി.ഡി.പി നേതൃയോഗം തടഞ്ഞു
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഇന്നലെ ചേരാനിരുന്ന പി.ഡി.പി നേതൃയോഗം അധികൃതര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11നായിരുന്നു യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതു വിലക്കിയ അധികൃതര്‍ മുതിര്‍ന്ന നേതാക്കളോട് വീടിനു പുറത്തിറങ്ങരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തതായാണ് വിവരം.
കശ്മിരിന്റെ പ്രത്യേക പദവി തിരികെക്കിട്ടാനുള്ള ചര്‍ച്ചകള്‍, പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ ഒഴിവാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നലെ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായായിരുന്നു ഇത്തരത്തിലൊരു യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, യോഗം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ അനുമതി നിഷേധിച്ച് ജമ്മു കശ്മിര്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെത്തുകയായിരുന്നു.
വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് നേതാക്കളോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ യോഗം റദ്ദാക്കിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുലാംനബി ലോണ്‍ വ്യക്തമാക്കി. തങ്ങളെ വീട്ടില്‍ പൊലിസ് തടയുന്നതടക്കം ചിത്രീകരിച്ച് പല നേതാക്കളും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുമുണ്ട്.
നേതൃയോഗം ചേരുന്ന കാര്യം അധികൃതരെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും എന്നാല്‍ അവര്‍ പ്രതികരിച്ചിരുന്നില്ലെന്നും പി.ഡി.പി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, ബി.ജെ.പി അനുകൂല പാര്‍ട്ടികളുടെ പരിപാടികള്‍ക്കു വിലക്കില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."