വീട്ടമ്മയെയും മക്കളെയും തട്ടിക്കൊണ്ടുപോയി പീഡനം: വ്യാജ സിദ്ധന്‍ അറസ്റ്റില്‍
കൊണ്ടോട്ടി: വീട്ടമ്മയേയും മൂന്നു മക്കളെയും 20 ദിവസത്തോളം കാണാതായ സംഭവത്തില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം.കെ അബ്ദുറഹ്മാന്‍ തങ്ങള്‍(36)ആണ് പൊലിസ് പിടിയിലായത്. പുളിയംപറമ്പിലുള്ള വീട്ടമ്മയേയും 17, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ കാണാതായ കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരേ സ്ത്രീ പീഡനം,ബലാത്സംഗം,തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, പോക്‌സോ നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: പുളിയംപറമ്പില്‍ ഭാര്യയും അഞ്ചു കുട്ടികളും മാതാവും ഒന്നിച്ചാണ് അബ്ദുറഹ്മാന്‍ തങ്ങള്‍ താമസിക്കുന്നത്. വീട്ടില്‍ ഇയാള്‍ ആത്മീയ ചികിത്സയും പ്രാര്‍ഥനാ യോഗങ്ങളും നടത്തിയിരുന്നു. ഈ കാലയളവിലാണ് വയറുവേദനയ്ക്ക് ചികിത്സ തേടി വീട്ടമ്മ ഇയാളെ സമീപിക്കുന്നത്. ആത്മീയ സിദ്ധി പറഞ്ഞു വിശ്വസിപ്പിച്ച ഇയാള്‍ പിന്നീട് യുവതിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി.
യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 30ന് യുവതിയെയും കുട്ടികളെയും വശീകരിച്ച് വീട്ടില്‍നിന്ന് കൊണ്ടുപോയത്.യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. ഒളിവില്‍ താമസിപ്പിച്ച കാലയളവില്‍ സിദ്ധനും അനുയായിയും യുവതിയെയും മകളെയും പീഡിപ്പിക്കുകയും ചെയ്തു.
ഇവരെ കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ മെയ് 21ന് യുവതിയെയും മക്കളെയും ട്രെയിനില്‍ കോഴിക്കോട് എത്തിക്കുകയായിരുന്നു.
ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."