തടവുകാരിയുടെ ആത്മഹത്യ: ജയില്‍ അധികൃതര്‍ക്കു ഗുരുതര വീഴ്ചയെന്ന് എെ.ജി
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരിയായ സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചതായി ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ്. സംഭവത്തില്‍ ജയില്‍ മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും. അന്വേഷണ റിപ്പോര്‍ട്ട് ഇന്നു ജയില്‍ മേധാവി ആര്. ശ്രീലേഖയ്ക്കു കൈമാറും. സൗമ്യ വിദഗ്ധമായി നടപ്പാക്കിയ പദ്ധതി ജയില്‍ ഉദ്യോഗസ്ഥര്‍ക്കു മനസിലാക്കാന്‍ പറ്റിയില്ലെന്നും ഡി.ഐ.ജി വ്യക്തമാക്കി.
പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വണ്ണത്താംവീട്ടില്‍ സൗമ്യയെ (30) ആണ് കഴിഞ്ഞ 24നു രാവിലെ വനിതാ ജയിലിനോടു തൊട്ടുചേര്‍ന്ന് ശൗചാലയത്തിനടുത്ത കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പതിനൊന്നോടെ കണ്ണൂര്‍ വനിതാ ജയിലിലെത്തിയ ഡി.ഐ.ജി സംഭവദിവസം മേല്‍നോട്ടത്തിനു ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അന്തേവാസികളില്‍ നിന്നും വിശദമായ മൊഴിയെടുത്തു. അന്തേവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകളും രജിസ്റ്ററുകളും പരിശോധിച്ചു. സൗമ്യ ജയില്‍ സെല്ലില്‍ കഴിഞ്ഞിരുന്ന വേളയിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും ഡി.ഐ.ജി പരിശോധിച്ചു. ഇതിനായി സി.സി.ടി.വി സ്ഥാപിച്ച കെല്‍ട്രോണ്‍ ഉദ്യോഗസ്ഥനും എത്തിയിരുന്നു. സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റീജ്യനല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി മുകേഷ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."