പാടങ്ങള്‍ ഉഴുതുമറിച്ച് കര്‍ഷകര്‍ ഒന്നാം വിളയ്ക്ക് ഒരുങ്ങി
ആലത്തൂര്‍: ഇടവിട്ട വേനല്‍ മഴ സജീവമായതോടെ ഒന്നാംവിള നെല്‍കൃഷിയ്ക്കായി കര്‍ഷകര്‍ നിലമൊരുക്കി തുടങ്ങി. വേനല്‍ മഴ ലഭിച്ചതോടെ പാടങ്ങളില്‍ ഒന്നാം വിളയ്ക്കായി ഇടയിളക്കല്‍ ആരംഭിച്ചു. രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞതിന്റെ കുറ്റികള്‍ ഇളക്കി മണ്ണിനോട് ചേര്‍ക്കാനും മണ്ണിനടിയിലുള്ള പുഴുക്കളും മറ്റും മുകളിലെത്തുന്നതോടെ അത് കൊറ്റികള്‍ ആഹാരമാക്കുന്നതും ഇടയിളക്കല്‍ സഹായകമാകുമെന്നതിനാലാണ് പാടങ്ങളില്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് പൂട്ടുപണികള്‍ തുടങ്ങിയത്.
ഇക്കുറി പലയിടങ്ങളിലും കൊയ്ത്ത് വൈകിയാണ് കഴിഞ്ഞത്. അവിടങ്ങളില്‍ അന്നുതന്നെ ഇടയിളക്കല്‍ നടത്തിയിരുന്നു. ബാക്കിയുള്ളിടങ്ങളില്‍ അതിന് സാധിക്കാത്തതിനാല്‍ മഴ ലഭിച്ചതോടെയാണ് പണികള്‍ ആരംഭിച്ചത്. വേനല്‍മഴ ഇക്കുറി വൈകിയാണ് ലഭിച്ചത്. ഇപ്പോള്‍ ഇടയിളക്കുന്നതോടെ രണ്ടാംവിളയില്‍ കൊഴിഞ്ഞുവീണ നെല്‍മണികളും കളകളും മുളച്ച് പൊന്തും.
ഇനി അടുത്ത മാസം ആദ്യം വേനല്‍മഴ ലഭിച്ചാല്‍ ഒന്നാം വിളയ്ക്ക് ഒരുക്കം തുടങ്ങും. അപ്പോള്‍ വീണ്ടും പാടങ്ങള്‍ പൂട്ടി മറിക്കുന്നതോടെ ഈ ചെടികള്‍ എല്ലാം ഒന്നാം വിളയ്ക്കുള്ള വളമായി തീരും. പിന്നീട് പൊടിവിത നടത്താനാണ് കര്‍ഷകരുടെ ലക്ഷ്യം. തൊഴിലാളികളുടെ ക്ഷാമവും കൂലി വര്‍ധനയും നടീല്‍ നടത്തുന്നതില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നു.
ഇടവപ്പാതി ആരംഭിക്കുന്നതോടെ ചെടികള്‍ വളര്‍ന്ന് ഒന്നാം ഘട്ടം കളപറിയും വളമിടാനും സമയമാവും എന്ന പ്രതീതിയുമുണ്ട്. എന്നാല്‍ ഒന്നാം വിളയ്ക്കുള്ള വിത്ത് വിത്തുല്‍പാദിപിച്ച കര്‍ഷകരില്‍ നിന്നും സീഡ് അതോറിറ്റി ഇനിയും സംഭരിച്ചിട്ടില്ല. ഇപ്പോള്‍ മുന്‍പ് സംഭരിച്ച വിത്തുകളും നാഷനല്‍ സീഡ് അതോറിറ്റിയില്‍ നിന്നും ശേഖരിച്ച വിത്തുകളുമാണ് വിതരണം ചെയ്യുന്നതെന്ന് വിത്തുല്‍പാദക കര്‍ഷകര്‍ ആരോപിക്കുന്നു.
ഹെക്ടറിന് 3000 കിലോ മാത്രമെ ശേഖരിക്കാന്‍ കഴിയുവെന്ന് സീഡ് അതോറിറ്റി പറയുമ്പോള്‍ 5000 കിലോ ശേഖരിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. ഇല്ലെങ്കില്‍ സീഡ് അതോറിറ്റിക്ക് വിത്ത് നല്‍കേണ്ടെന്നും തീരുമാനമെടുത്തിട്ടുണ്ട്. ജ്യോതി നെല്‍വിത്താണ് ലഭ്യമായിരിക്കുന്നത്. നാഷനല്‍ സീഡ് അതോറിറ്റിയില്‍ നിന്നുമുള്ള വിത്ത് ശേഖരണമാണ് പാടങ്ങളിലെ കോറക്കളക്കും ചാമപുല്ലിനും കാരണമാകുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."