നടുക്കം മാറാതെ...
കൊണ്ടോട്ടി: പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ പുനരുദ്ധാരണം നടത്തുന്നതിലെ ആശ്വാസത്തില്‍ നി ല്‍ക്കുമ്പോള്‍ കുമ്മിണിപ്പറമ്പ് അമ്പട്ടംകുഴി കോണോത്തും മല പ്രദേശത്തെ നടുക്കി ദുരന്തം. റോഡ് പുനരുദ്ധാരണത്തിനിടെ ജെ.സി.ബിക്കു മുകളില്‍ കല്ലും മണ്ണും പതിച്ച് ഡ്രൈവര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് ഗ്രാമം.
പ്രളയ കാലത്താണ് ഈ റോഡ് നടുപിളര്‍ന്ന് താഴേക്കു കൂപ്പുകുത്തിയിരുന്നത്. അന്ന് ആളപായങ്ങളുണ്ടായിരുന്നില്ല. ഇന്നലെ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുളള നിര്‍മാണത്തിനിടെയാണ് റോഡിന്റെ ഇടിഞ്ഞ ഭാഗത്തു മധ്യത്തില്‍നിന്നു കൂറ്റന്‍ കല്ലും മണ്ണും ജെ.സി.ബിക്കു മുകളില്‍ വീണത്. ജെ.സി.ബി ഡ്രൈവറായ തമിഴ്‌നാട് ധര്‍മപുരി സ്വദേശി സുജില്‍ കുമാറാ (30) ണ് ദുരന്തത്തില്‍ തല്‍ക്ഷണം മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. റോഡിന്റെ താഴെ ഭാഗം കോണ്‍ഗ്രീറ്റ് ചെയ്യാന്‍ നിരപ്പാക്കുന്ന പ്രവൃത്തിയിലായിരുന്നു ജെ.സി.ബി ഡ്രൈവര്‍. ഇന്നു കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടത്തേണ്ടതായിരുന്നു. പ്രവൃത്തി നടക്കുന്നതിനിടയിലാണ് കൂറ്റന്‍ കല്ലും മണ്ണു ഇളകി ജെ.സി.ബിക്കു മുകളില്‍ വീണത്. സംഭവ സമയം പ്രവൃത്തികള്‍ നടക്കുന്നയിടത്ത് മറ്റാരും ഉണ്ടായിരുന്നില്ല. വലിയ ശബ്ദംകേട്ട് സമീപത്തെ സ്ത്രീകളടക്കം ബഹളംവച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തിയത്. എന്നാല്‍, ജെ.സി.ബിക്ക് മുകളില്‍ കുടുങ്ങിയ കൂറ്റന്‍ കല്ല് മാറ്റാനായില്ല. തുടര്‍ന്നു ഫയര്‍ഫോഴ്‌സിന്റെ സേവനം തേടുകയായിരുന്നു. ജെ.സി.ബിക്കും കല്ലിനും ഇടയില്‍ കുടുങ്ങിയ സുജില്‍ കുമാറിനെ ഒരു മണിക്കൂറിലേറെ നടത്തിയ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിനു കാരണമായത്. പ്രളയ ദിവസത്തിലുണ്ടായ അപകടത്തില്‍ ഒരു ഓട്ടോറിക്ഷ റോഡില്‍നിന്നു താഴേക്കു പതിച്ചിരുന്നു. എന്നാല്‍, ഓട്ടോയില്‍ ആളുണ്ടായിരുന്നില്ല. ഇന്നലെ സംഭവസമയത്ത് അപകട സ്ഥലത്തും റോഡിലും ആളുകളില്ലാത്തതും കൂടുതല്‍ അത്യാഹിതം ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."