സാക്ഷിമൊഴി നല്‍കാന്‍ എത്താത്ത ജയില്‍ ഡി.ഐ.ജിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: ജയിലാക്രമണക്കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകാത്തതിന് ജയില്‍ ഡി.ഐ.ജിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ടി.കെ സുരേഷിന്റേതാണ് ഉത്തരവ്. മുന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും നിലവില്‍ ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുമായ എസ്. സന്തോഷിനെ അറസ്റ്റ് ചെയ്ത് സെപ്റ്റംബര്‍ 4ന് ഹാജരാക്കാനാണ് ഉത്തരവ്.
വാറണ്ടുത്തരവ് നടപ്പിലാക്കാനായി പൂജപ്പുര പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി ഉത്തരവിട്ടു. ഇതോടൊപ്പം കേസ് വിചാരണക്കായി പ്രതിയെ ഹാജരാക്കാത്ത വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി അന്ത്യശാസനം നല്‍കി. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വത്തേയും നിഷ്‌ക്രിയത്വത്തേയും കോടതി നിശിതമായി വിമര്‍ശിച്ചു. ജയിലാക്രമണക്കേസിലെ പ്രതിയായ സാബു ഡാനിയേലിനെയാണ് ജയിലധികൃതര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാക്കാത്തത്.
2017 മെയ് മാസം 11ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം മറ്റൊരു കേസില്‍ വിചാരണ കഴിഞ്ഞ് കോടതിയില്‍ നിന്ന് തിരികെ ജയിലില്‍ എത്തിച്ച പ്രതിയാണ് അക്രമാസക്തനായി ജയില്‍ ജീവനക്കാര്‍ക്കു നേരെ തിരിഞ്ഞത്. ജീവനക്കാരെ ആക്രമിച്ചിട്ടും കലിയടങ്ങാത്ത പ്രതി ജയില്‍ വളപ്പിലെ കൃഷിസ്ഥലവും നശിപ്പിച്ചു. അന്നത്തെ ജയില്‍ സൂപ്രണ്ട് എസ്. സന്തോഷിന്റെ പരാതിയില്‍ പൂജപ്പുര പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ആറാം സാക്ഷിയാണ് ജയില്‍ സൂപ്രണ്ട്. ജയിലര്‍മാര്‍ അടക്കമുള്ള 5 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.
ജയിലില്‍ കിടന്ന് വിചാരണ നേരിടുന്ന പ്രതികളുടെ കേസ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കോടതിയില്‍ എത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഹൈക്കോടതി സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങടങ്ങിയ സര്‍ക്കുലര്‍ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."