സെന്റ് ആന്‍ഡ്രൂസ് പാലം അപകടാവസ്ഥയില്‍
കഠിനംകുളം: ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന സെന്റ് ആന്‍ഡ്രൂസ് പാലം അപകടാവസ്ഥയില്‍. ഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തിലൂടെ കടന്ന് പോകുന്നത് തുടര്‍ന്നാല്‍ പാലം ഏതു നിമിഷവും തകര്‍ന്നുവീഴാമെന്ന അവസ്ഥയിലാണ്.
നേരത്തെ അപകടാവസ്ഥയിലായ പുത്തന്‍തോപ്പ് പാലം പുനര്‍ നിര്‍മിക്കുന്നതിനാല്‍ പുത്തന്‍തോപ്പ് പാലം വഴിയുള്ള ഗതാഗതം വര്‍ഷങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. ഇത് കാരണം നിലവില്‍ സെന്റ് ആന്‍ഡ്രൂസ് പാലം വഴിയാണ് പുത്തന്‍തോപ്പ് പാലം വഴി പോകേണ്ട വാഹനങ്ങളും കടന്ന് പോകുന്നത്.
തീരദേശ നിവാസികളുടെയും കണിയാപുരം കഴക്കൂട്ടം ഭാഗത്തുനിന്നും സെന്റ് ആന്‍ഡ്രൂസ് പുത്തന്‍തോപ്പ് എന്നിവിടങ്ങളിലേയ്ക്കു പോകുന്നവരുടേയും ഏക ആശ്രയം ഇപ്പോള്‍ സെന്റ് ആന്‍ഡ്രൂസ് പാലമാണ്. ഏതാണ്ട്അരനൂറ്റാണ്ടുമുമ്പ് നിര്‍മിച്ച ഈ പാലം വഴി കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നുപോകുന്നതിനുള്ള വീതിയേ ഉള്ളൂ.പാലത്തിന്റെ മുകള്‍ ഭാഗത്തെ റോഡില്‍ കുണ്ടും കുഴിയും രൂപപ്പെടുമ്പോള്‍ അത് അടക്കുമെന്നല്ലാതെ പാലത്തിന്റെ ബലക്ഷയം ബന്ധപ്പെട്ടവര്‍ പരിശോധിക്കാറില്ല. പാര്‍വ്വതീപുത്തനാറിനു കുറുകേ നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ അടിഭാഗം നോക്കിയാല്‍ അറിയാം അപകടസാദ്ധ്യത എത്രത്തോളമുണ്ടെന്ന്.
തൂണുകളുടെ കോണ്‍ക്രീറ്റുകള്‍ പലതും പൊളിളിഞ്ഞ് കമ്പികള്‍ തുരുമ്പെടുത്ത അവസ്ഥയിലാണ്. പാലത്തിന്റെ പല ഭാഗങ്ങളിലും തൂണുകളിലും വിള്ളലുകള്‍ കാണാം. തറനിരപ്പില്‍ നിന്നും ഏതാണ്ട് മുപ്പതടിയെങ്കിലും പൊക്കത്തിലാണ് പാലം.
സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റിപോകുന്ന മിനിബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് അതുവഴി പോകുന്നത്. വന്‍ ദുരന്തം ഉണ്ടാകുന്നതിനുമുമ്പ് പൊതുമരാമത്തുവകുപ്പ് പരിശോധിച്ച് പുതിയ പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന്റെ ബലക്ഷയം എം.എല്‍.എ കൂടിയായ ഡപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നാളിത് വരെ ഇതിന് ഒരു തീരുമാനമായിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇത് വഴി തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് പെരുമാതുറയിലേക്ക് സര്‍വിസ് ന്നടത്തിയിരുന്നു.
ഏറെ വര്‍ഷങ്ങളായി പാലത്തിന്റെ അപകടമസ്ഥ കണക്കിലെടുത്താണ് നിലവില്‍ ഈ പാലം വഴി കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് അറിയുന്നത്. എന്നാല്‍ നിലവില്‍ ഈ പാലം വഴി നിരവധി സ്‌കൂള്‍ ബസുകള്‍ കടന്ന് പോകുന്നുണ്ട്.
ദിവസം കടന്ന് പോകുംതോറും പാലം കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. മഴ പെയ്താല്‍ പാലത്തിന് മുകളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."