വിദ്യാര്‍ഥിനിയെ ശല്യംചെയ്ത യുവാവിനെതിരേ കേസെടുക്കാന്‍ വിമുഖത കാട്ടുന്നതായി ആക്ഷേപം
ആറ്റിങ്ങല്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ ശല്യംചെയ്ത അയല്‍വാസിയായ യുവാവിനെതിരേ പൊലിസ് കേസെടുക്കാന്‍ വിമുഖത കാട്ടുന്നതായി ആക്ഷേപം. കിളിമാനൂരില്‍ പ്ലസ്ടുവിന് പഠിക്കുന്ന ആറ്റിങ്ങല്‍ സ്വദേശിയായ വിദ്യാര്‍ഥിനിയോട് പ്രേമാഭ്യര്‍ധന നടത്തി ശല്യപ്പെടുത്തുകയും മൂന്നുദിവസത്തിനുള്ളില്‍ മറുപടി പറഞ്ഞില്ലെങ്കില്‍ മുഖം ആസിഡ് ഒഴിച്ചു വികൃതമാക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിനെതിരേയാണ് പൊലിസ് കേസെടുക്കാന്‍ വിമുഖത കാട്ടുന്നത്.
അയല്‍വാസിയായ യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് കൂലിപ്പണിക്കാരനായ പിതാവാണ് കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകുന്നത്. വിവരമറിഞ്ഞു പൊതുപ്രവര്‍ത്തകരുടെ സഹായത്താല്‍ കുട്ടിയുടെ രക്ഷിതാക്കളുമായി തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുമ്പാകെ മൊഴി നല്‍കിയിരുന്നു. അവിടെനിന്ന് ആറ്റിങ്ങല്‍ പൊലിസില്‍ കേസെടുത്തു തുടര്‍നടപടികള്‍ക്കായി റഫര്‍ ചെയ്തു. വനിതാ പൊലിസിന് മുന്നില്‍ മാത്രമേ മൊഴി നല്‍കാന്‍ പാടുള്ളുവെന്ന നിര്‍ദ്ദേശവും കമ്മിറ്റി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും കുട്ടിയുടെ അമ്മയുടെ ഫോണില്‍ വിളിച്ചു പുരുഷ പൊലിസ് വിവരങ്ങള്‍ തിരക്കാന്‍ ശ്രമിച്ചു.
അവരോട് കുട്ടിയുമായി സ്റ്റേഷനില്‍ എത്താനും നിര്‍ദേശിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ വനിതാ പൊലിസ് ഇല്ലാതെ മൊഴി എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു കുട്ടിയുമായി മടങ്ങി. അടുത്ത ദിവസം രണ്ടു പേര്‍ വനിതാ പൊലിസ് ഇല്ലാതെ ഇവരുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ശ്രമിച്ചു. ഉടന്‍തന്നെ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈനില്‍ നിന്ന് പൊലിസിനെ വിളിച്ചു വനിതാ പൊലിസ് മൊഴി എടുത്താല്‍ മതിയെന്നു നിര്‍ദേശം നല്‍കി. ഇതില്‍ പ്രകോപിതരായി ഇനിയുള്ളത് ചൈല്‍ഡ് ലൈന്‍ ചെയ്യുമെന്നും രാഷ്ട്രീയകളിയാണെന്നുമൊക്കെ നാട്ടുകാര്‍ കേള്‍ക്കെ അട്ടഹസിച്ച ശേഷം പരാതിയിലുള്ള യുവാവിനെ ഫോണില്‍ വിളിച്ചു എല്ലാസഹായവും ഉണ്ടാകുമെന്നു ഉറപ്പുനല്‍കിയും മടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. ഇതേപ്പറ്റി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി, റൂറല്‍ എസ്.പി എന്നിവര്‍ക്ക് പരാതിയും നല്‍കി. ഇത്തരത്തില്‍ പരാതി ഉള്ളപ്പോള്‍ പെണ്‍കുട്ടികളെ പൊലിസ് സ്റ്റേഷനില്‍ വരുത്താതെ വീട്ടില്‍ തന്നെ പോയി വനിതാ കോണ്‍സ്റ്റബിള്‍ മൊഴിയെടുക്കണമെന്ന നിയമം നിലനില്‍ക്കവേയാണ് പൊലിസിന്റെ ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."