ഭിത്തി നിര്‍മാണം പൂര്‍ത്തിയായി; ചെറിയ ചരക്കു ലോറികള്‍ക്കുള്ള നിരോധനം നീക്കി
തെന്മല: കനത്ത മഴയെത്തുടര്‍ന്ന് വിള്ളല്‍ വീണ് ഗതാഗതം നിരോധിച്ച ആര്യങ്കാവ് തെന്മല പാതയിലെ പാര്‍ശ്വഭിത്തി നിര്‍മാണം പൂര്‍ത്തിയായി.
പാതയോരത്ത് താല്‍കാലികമായി പാര്‍ശ്വഭിത്തി നിര്‍മിച്ചതിനെത്തുടര്‍ന്ന് പത്ത് ടണ്‍ വരെയുള്ള ലോറികള്‍ക്കുള്ള നിരോധനം നീക്കി. എന്നാല്‍ പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റി വരുന്ന ലോറിക്കുള്ള നിരോധനം തുടരുമെന്ന് പുനലൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് ചെറിയ ചരക്ക് ലോറികള്‍ കടത്തി വിടാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ ഉത്തരവിട്ടത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി ചരക്ക് ലോറികള്‍ നിരോധനത്തെ തുടര്‍ന്ന് തെന്മലയില്‍ പൊലിസ് തടഞ്ഞിട്ടിരുന്നു, ഇവയെല്ലാം ഉടന്‍ തന്നെ കടത്തിവിടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കുകയാരുന്നു.
ഇതിന് പുറമേ തമിഴ്‌നാട്ടില്‍ നിന്ന് പത്ത് ടണ്ണോ അതില്‍ കുറവോ ഭാരവുമായി ആര്യങ്കാവ് വഴി കേരളത്തിലേക്ക് ചരക്കുലോറികളെയും കടത്തി വിടണമെന്ന് തിരുനെല്‍വേലി ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് സൂപ്രണ്ട് എന്നിവരോട് കൊല്ലം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധനം നീക്കിയതോടെ വൈക്കോലുമായി എത്തിയ നിരവധി ലോറികള്‍ ഇന്നലെ തന്നെ കേരളത്തിലേക്ക് കടത്തിവിട്ടു.
എം.എസ്.എല്‍ റോഡില്‍ വിള്ളല്‍ ഉണ്ടായ സാഹചര്യത്തില്‍ നിരവധി ചരക്കുലോറികളാണ് ചെങ്കോട്ട മുതല്‍ ആര്യങ്കാവ് വരെ പാതയോരത്ത് ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്നത്.
അതുകൊണ്ട് സിമന്റ്, കമ്പി, തടി തുടങ്ങിയ കെട്ടിട നിര്‍മാണ സാമഗ്രികളൊന്നും ദിവസങ്ങളായിട്ടും വിപണിയില്‍ എത്തിക്കാനായിരുന്നില്ല. റോഡിലെ വിള്ളലും പ്രളയം ഉണ്ടായതും റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌കരവുമാക്കി.
ചരക്കുനീക്കം ഇല്ലാത്തതുകൊണ്ട് ലൈഫ്പാര്‍പ്പിട പദ്ധതിക്കായുള്ള നിര്‍മാണസാമഗ്രികള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാന്‍ സാധിക്കാതെ വന്നാല്‍ വിപണിയില്‍ അമിത വില കൊടുക്കേണ്ടി വരുമെന്ന അവസ്ഥയിലായിരുന്നു.
സാധനങ്ങള്‍ കിട്ടാതെ കെട്ടിട മേഖല സ്തംഭനാവസ്ഥയിലേക്ക് മാറിയിരുന്നു. അതുപോലെ തന്നെ തമിഴ്‌നാട്ടില്‍നിന്നും ലോറികള്‍ എത്താത്തതിനാല്‍ ഓണക്കാലത്ത് പച്ചക്കറിക്കള്‍ക്കും വില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ഇനി എല്ലാത്തിനും മാറ്റം വരുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."