കണ്ണൂര്‍ വരെയാക്കി പരിമിതപ്പെടുത്തിയതിനോട് യോജിപ്പില്ല: പി കരുണാകരന്‍
തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്ന് ആരംഭിച്ച് കണ്ണൂരില്‍ അവസാനിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത അതിവേഗ പാതയുടെ സാധ്യതാ പഠനം കണ്ണൂര്‍ വരെ മാത്രമായി പരിമിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് കാസര്‍കോട് എം.പി പി കരുണാകരന്‍ പറഞ്ഞു. അതിവേഗ പാതയുടെ സാധ്യതയെക്കുറിച്ചുള്ള പ്രാഥമിക പഠനം നടത്തിയവര്‍ കണ്ണൂരിനപ്പുറം ചെലവേറിയതാണെന്ന കാരണമാണ് തടസമായി പറഞ്ഞത്. അതു യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണ്.
അതിവേഗ പാത കാസര്‍കോടു വരെ നീട്ടുന്നത് ലാഭകരമല്ലെന്നും ചെലവേറിയതാണെന്നും യാത്രക്കാര്‍ കാണില്ലെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ റെയില്‍വെ സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല. ഇതിനു മുമ്പ് മാവേലി എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടുമ്പോഴും കണ്ണൂര്‍ എക്‌സ്പ്രസ് മംഗളൂരു വരെയായി ഉയര്‍ത്തുന്നതിനും മടി കാണിച്ചു കൊണ്ട് ഇതേ കാരണങ്ങളായിരുന്നു പറഞ്ഞിരുന്നത്. ശക്തമായി സമ്മര്‍ദം ചെലുത്തിയാണ് അന്നവ സാധ്യമാക്കിയത്.
ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ എക്‌സ്പ്രസുകളെല്ലാം കാസര്‍കോട് തൊട്ടേ ബുക്കിങ്ങ് പൂര്‍ണമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പണച്ചെലവിന്റെ കാര്യം പറഞ്ഞു വികസന മുരടിപ്പുണ്ടാക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും എം.പി പറഞ്ഞു. സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ഒരു ജില്ലയെ മാത്രം വകഞ്ഞു മാറ്റുന്നത് ശരിയല്ലെന്നും അതിവേഗ പാത മംഗളൂരു വരെ നീട്ടുകയെന്ന ആവശ്യത്തില്‍ ജനങ്ങളോടൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിവേഗ പാത പദ്ധതിയില്‍ കാസര്‍കോടിനെ അവഗണിച്ചതിലുള്ള വിഷമങ്ങളും പ്രതിഷേധവും പി.കരുണാകരന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അറിയിച്ചു. കാസര്‍കോട്ടെ ജനങ്ങള്‍ ഈ വിഷയത്തില്‍ അസ്വസ്ഥരാണെന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."