മംഗളഗിരി-മാര്‍മല അരുവി റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി പരാതി
ഈരാറ്റുപേട്ട :തീക്കോയി പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ മാര്‍മല അരുവിയിലേയ്ക്ക് പ്രധാനമന്ത്രി ഗ്രാമീണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മ്മിച്ച റോഡ് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി പരാതി.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 429.05 ലക്ഷം രൂപ ഉപയോഗിച്ച് അഞ്ച് കിലോമീറ്ററോളം നിര്‍മ്മിച്ച റോഡാണ് ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്നിരിക്കുന്നത്. റോഡിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടന്ന് തുടക്കത്തില്‍ തന്നെ നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കരാറുകാരനൊപ്പം ചേരുകയായിരുന്നു. നിര്‍മാണത്തിലെ പോരായ്മകള്‍ നാട്ടുകാരില്‍ ചിലര്‍ കരാറുകാരനോട് പറഞ്ഞപ്പോള്‍ തനിക്ക് ഈ വര്‍ക്ക് നഷ്ടം ആണെന്നും താന്‍ ഇത് ഇട്ടേച്ച് പോകുവാണെന്നും നാട്ടുകാരില്‍ ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നു.
റോഡ് നിര്‍മ്മാണത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയും റോഡില്‍ ആവശ്യത്തിന് വീതിയില്ലാതെയുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.റോഡ് ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സംരക്ഷണഭിത്തി ഇല്ലാത്തതുമൂലം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ ബൈക്ക് യാത്രികന്‍ സമീപത്തുള്ള കുഴിയിലേയ്ക്ക് വീണ് ഗുരുതര പരിക്കേറ്റിരുന്നു. റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം ടൂറിസ്റ്റ് വാഹനങ്ങള്‍ സ്ഥിരമായി ഇവിടെ അപകടത്തില്‍പ്പെടുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞ് വാഹനങ്ങള്‍ കടന്നു പോകാനാവാത്ത അവസ്ഥയിലായിരുന്നു.കനത്ത മഴയില്‍ ശക്തമായ വെള്ളമൊഴുക്കുള്ള ഇവിടങ്ങളില്‍ കലുങ്കുകള്‍ക്ക് കോണ്‍ക്രീറ്റ് പൈപ്പുകളാണ് ഇട്ടിരുന്നത്. പൈപ്പുകളുടെ ദ്വാരങ്ങള്‍ വളരെ ചെറുതായതും ഇതുമൂലം ഇവിടെ വെള്ളവും മണ്ണും കെട്ടി കിടന്നതും റോഡ് ഇടിയാന്‍ കാരണമായി. ശക്തമായ വെള്ളത്തില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ തെറിച്ച് പോവുകയും ചെയ്തു.
റോഡിന്റെ തുടക്കത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ കലുങ്കുകള്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നു. എന്നാല്‍ എല്ലാ ഭാഗങ്ങളിലും കോണ്‍ക്രീറ്റ് പൈപ്പുകളിട്ടാണ് വെള്ളം ഒഴുക്കുന്നത്.മാത്രമല്ല തുടക്കത്തില്‍ തീരുമാനിച്ച പ്രദേശത്ത് കൂടെയല്ല ഇപ്പോള്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. സമീപത്തുള്ള എസ്റ്റേറ്റ് മുതലാളിമാരുടെ സ്വാധീനത്തില്‍ അവരുടെ സ്ഥലത്തിനകത്തു കൂടിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഇതു മൂലം വെള്ളച്ചാട്ടത്തിന് അടുത്ത് എത്താന്‍ ഒന്നര കിലോമീറ്ററോളം കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."