ജോസ്.കെ മാണി വിഭാഗം എല്‍.ഡി.എഫിലേക്ക്: പച്ചക്കൊടി വീശി സി.പി.ഐയും
തിരുവനന്തപുരം:സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളുടെ ചര്‍ച്ചകള്‍ പുരോഗമിക്കവേ ജോസ്.കെ മാണി വിഭാഗം എല്‍.ഡി.എഫിലെത്തുന്നു. യു.ഡി.എഫിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ഇതുവരേ ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയിരുന്നില്ല.
അതിനിടെ യു.ഡി.എഫ് വിട്ടാല്‍ ജോസ് വിഭാഗം അനാഥരാകില്ലെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഇടഞ്ഞുനിന്നിരുന്നത്. എന്നാല്‍ കാനവും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നാണറിയുന്നത്.
കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്ണന്‍ അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. ജോസിനെ കൂടെ കൂട്ടുന്നതിലൂടെ മധ്യതിരുവിതാംകൂറില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. അതേസമയം കുട്ടനാട്ടില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്ന് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.
കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് യു.ഡിഎഫിന് തലവേദനയാകുന്നത്. കേരള കോണ്‍ഗ്രസിന്റെ സീറ്റായ കുട്ടനാട്ടില്‍ മല്‍സരിക്കുമെന്ന് പി.ജെ ജോസഫ് പക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്‍സിപി നേതൃത്വം തീരുമാനിച്ചാല്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് തോമസ് കെ. തോമസും വ്യക്തമാക്കിയിട്ടുണ്ട്്. തോമസ് ചാണ്ടിയുടെ കുടുംബത്തിനും തന്നോടാണ് താല്‍പ്പര്യം. സിപിഎം നേതൃത്വവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് തോമസ് കെ തോമസ് പറഞ്ഞു. ചവറയില്‍ ആര്‍എസ്പി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് വിജയന്‍പിള്ള വിജയിച്ചത്. ആ സീറ്റ് സി.പി.എം ഏറ്റെടുക്കുമോ, വിജയന്‍പിള്ളയുടെ കുടുംബാംഗങ്ങളെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ല.
അതേ സമയം ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാനുള്ള യു.ഡി.എഫ് നീക്കത്തില്‍ കടുത്ത എതിര്‍പ്പിലാണ് പി.ജെ ജോസഫ്. ജോസ് വിഭാഗത്തെ തിരികെയെടുത്താല്‍ മുന്നണി വിടുമെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നണികള്‍ തങ്ങളെ ക്ഷണിക്കുന്നതില്‍ ജോസഫിന് ഹാലിളകിയെന്നാണ് ഇതിനോട് ജോസ് പക്ഷം തിരിച്ചടിക്കുന്നത്.
എന്തായാലും കുറ്റനാട് ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം കൂടുതല്‍ കീറാമുട്ടിയാവുക യു.ഡി.എഫില്‍ തന്നെയാകും.
പാര്‍ട്ടി ചിഹ്നം ജോസ് വിഭാഗത്തിനു ലഭിച്ചതോടെ ജോസഫ് വിഭാഗം ഒരു മുഴംമുമ്പേ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടനാട്ടില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ് രംഗത്തെത്തി. ഇത് സംബന്ധിച്ച് മുന്നണിയില്‍ ധാരണയായതാണെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."