കാഡ്‌സ് ഗ്രീന്‍ ഫെസ്റ്റില്‍ ജനത്തിരക്ക്
തൊടുപുഴ: ജൈവകൃഷിയുടെ ശക്തമായ സന്ദേശം നല്‍കി, മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ച് കാഡ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ഗ്രീന്‍ഫെസ്റ്റില്‍ വന്‍ ജനത്തിരക്ക്. ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകളുടേയും തൈകളുടേയും അതിവിപുലമായ ശേഖരമാണ് ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കൂടിനുള്ളില്‍ വളര്‍ന്ന് നിറയെ കായ്ച്ചുനില്‍ക്കുന്ന മള്‍ട്ടിറൂട്ട് ജാതികളും പ്ലാവിന്‍തൈകളും ഏറെ കൗതുകത്തോടെയാണ് കര്‍ഷകര്‍ വീക്ഷിക്കുന്നത്. ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കപ്പത്തണ്ട് എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. കണ്ണാറ വാഴഗവേഷണ കേന്ദ്രത്തില്‍ നിന്ന് എത്തിച്ചേര്‍ന്ന ഉല്‍പ്പാദനക്ഷമതകൂടിയ ടിഷ്യുകള്‍ച്ചര്‍ ഏത്തവാഴയും നെടുനേത്രനും 60ഓളം ഇനം പച്ചക്കറി തൈകളുമെല്ലാം കൈകളിലേന്തിയാണ് മേളനഗറില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങുന്നത്. 20 ഇനം മാമ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാമ്പഴകൗണ്ടറില്‍ വന്‍തിരക്കാണ്. മുതലമടയില്‍ നിന്നും ശേഖരിച്ച ജൈവമാമ്പഴങ്ങളായ നടശാല, പ്രിയൂര്‍, കൊളമ്പ്, മല്ലിക, മള്‍ഗോവ, ശുഭദത്ത്, ഹിമപസന്ത്, മാമ്പഴങ്ങളിലെ കുഞ്ഞന്‍ എന്നറിയപ്പെടുന്ന ചന്ദ്രക്കാരന്‍, അല്‍ഫോന്‍സ,മൂവാണ്ടന്‍, കാലാപ്പടി എന്നിങ്ങനെ നീളുന്നു മാമ്പഴങ്ങള്‍.
ഫെസ്റ്റ്‌നഗറില്‍ ആരംഭിച്ച എഗ്ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് നിര്‍വഹിച്ചു. ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മാത്യു കണ്ടിരിക്കല്‍ അധ്യക്ഷനായി. കേരളത്തില്‍ ആദ്യമായാണ് എഗ് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് ഫെസ്റ്റിന്റെ പ്രദര്‍ശന സമയം. 10 വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രദര്‍ശനം സൗജന്യം. ഇന്ന് കുട്ടികള്‍ക്ക് പഴഞ്ചൊല്ല് മത്സരം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഉള്‍നാടന്‍ മത്സ്യക്കൃഷിയെക്കുറിച്ചുള്ള ക്ലാസിന് കേന്ദ്ര ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ മേധാവി ഡോ. സി.എ. ലക്ഷ്മിനാരായണ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."