സഊദിയിൽ മയക്കുമരുന്ന് കടത്ത്, മദ്യ വിതരണ കേസുകളിൽ നിരവധി ഇന്ത്യക്കാർ പിടിയിൽ
റിയാദ്: സഊദിയിൽ മയക്കുമരുന്ന് കടത്ത്, മദ്യ നിർമ്മാണ കേസുകളിൽ നിരവധി ഇന്ത്യക്കാർ പിടിയിൽ. ട്രക്കിൽ ചരക്കിനോടൊപ്പം വൻ ലഹരി ശേഖരം കടത്തിയ കേസിൽ ഇന്ത്യക്കാരനെയും റിയാദിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് മദ്യം നിർമിച്ച് വിതരണം ചെയ്ത നാലു ഇന്ത്യക്കാരെയുമാണ് സുരക്ഷാ സേന പിടികൂടിയത്. ഏതാനും അയൽ രാജ്യങ്ങൾ വഴി വൻ ലഹരി ഗുളിക ശേഖരം രാജ്യത്തേക്ക് കടത്താനുള്ള പദ്ധതി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് കണ്ടെത്തുകയായിരുന്നു. ഈ കേസിലാണ് യമനി പൗരനോടൊപ്പം ഇന്ത്യക്കാരനെ പിടികൂടിയത്.
വെള്ളക്കടല ലോഡിനകത്ത് ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 1,63,43,000 ലഹരി ഗുളികകളാണ് പിടികൂടിയത്. മയക്കുമരുന്ന് ശേഖരം സഊദിയിൽ സ്വീകരിച്ച ഇന്ത്യക്കാരനും യെമനിയുമാണ് അറസ്റ്റിലായതെന്നും ഇരുവർക്കുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽനുജൈദി അറിയിച്ചു.
റിയാദിൽ മറ്റൊരു കേസിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് മദ്യം നിർമിച്ച് വിതരണം ചെയ്യുന്ന മേഖലയിൽ പ്രവർത്തിച്ച നാലു ഇന്ത്യക്കാരെയും പോലീസ് പിടികൂടി 21 ബാരൽ വാഷും 41 കന്നാസ് മദ്യവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും അസംസ്‌കൃത വസ്തുക്കളുമാണ് പോലീസ് ഇവിടെ നിന്നും പിടികൂടിയത്. രണ്ട് കേസുകളിലും പ്രതികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."