സഊദിയിൽ ജയിലുകളിൽ കഴിയുന്ന എണ്ണൂറോളം ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നു
റിയാദ്: സഊദിയിൽ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരിൽ എണ്ണൂറോളം പേരെ ഉടൻ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സഊദി എയര്‍ലൈന്‍സിന്റെ ആറ് വിമാനങ്ങളിലാണ് വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കുകയെന്നാണ് വിവരം. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്വാറന്റൈൻ സൗകര്യം വിലയിരുത്തിയാണ് ഇവർക്കുള്ള യാത്രാ സൗകര്യം ലഭ്യമാക്കുക. സഊദി ഗവൺമെന്റിന്റെ ചെലവിൽ സഊദി എയർലൈൻസ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിക്കുക.
കൊവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതോടെയാണ് ജയിലുകളില്‍ കഴിഞ്ഞിരുന്നവരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ക്കും തടസ്സം നേരിട്ടത്. ഇവരെയാണ് ഇപ്പോൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ജിദ്ദ, റിയാദ്, ദമാം തർഹീലുകളിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാർക്കും പാസ്‌പോർട്ടുകളോ എമർജൻസി സർട്ടിഫിക്കറ്റുകളോ നൽകിയിട്ടുണ്ട്. ദൽഹി, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ ഏതാനും വിമാനത്താവളങ്ങളിലേക്കായിരിക്കും ഇവരെ എത്തിക്കുക. നടപടിക്രമം മുഴുവന്‍ പൂര്‍ത്തിയായെങ്കിലും വിമാന സര്‍വീസിനുള്ള അന്തിമ അനുമതി കൂടി ലഭ്യമാകുന്നതോടെ മാത്രമേ കൃത്യമായ യാത്രാ വിവരങ്ങള്‍ വ്യക്തമാകൂ.
മറ്റു രാജ്യക്കാരായി തർഹീലിലുണ്ടായിരുന്നവരെ അവരുടെ എംബസികൾ ഇടപെട്ട് നാട്ടിലെത്തിക്കാൻ നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് ഇവരെ നാട്ടിലെത്തിക്കുന്നത് വൈകിച്ചത്. എങ്കിലും ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ഇവരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
തർഹീലിലുള്ളവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് വിഭാഗം കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞ ദിവസം ഇമെയിൽ അയച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, എം.പിമാരായ രാഹുൽ ഗാന്ധി, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, സഊദിയിലെ ഇന്ത്യൻ അംബാസഡർ, ഡിസിഎം എന്നിവർക്കാണ് ഇമെയിൽ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."