ചെങ്ങന്നൂര്‍ ഉപജില്ലയില്‍ 55 സ്‌കൂളുകള്‍ തുറന്നു
ചെങ്ങന്നൂര്‍: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചിരുന്ന ചെങ്ങന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ 55 സ്‌കൂളുകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രളയം ഏറെ ദുരന്തംവിതച്ച ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളുടെ പാഠ്യവസ്തുക്കളെല്ലാം നഷ്ടപ്പെട്ടിരുന്നു. കുട്ടികളുടെ പുസ്തകവും, യൂണിഫോമുമടക്കം നഷ്ടപ്പെട്ട എല്ലാ വസ്തുക്കളും സര്‍ക്കാര്‍ നല്‍കുമെന്ന് എ.ഇ.ഒ എല്‍. ബിന്ദു പറഞ്ഞു. പരമാവധി കുട്ടികളെ ക്ലാസുകളില്‍ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്.
നീണ്ട അവധികള്‍ക്കും പ്രളയത്തിനും ശേഷം സ്‌കൂള്‍ തുറന്നതിനാല്‍ ക്ലാസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഇതിനെതുടര്‍ന്ന് പ്രധാനാധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ സ്‌കൂളുകളിലെത്തിക്കാനാണ് തീരുമാനം. ഇതുവഴി അധ്യയനം പൂര്‍ണമായും പുനസ്ഥാപിക്കും.
വിദ്യാര്‍ഥികളുടെ മാനസികനിലയെ പ്രളയം ബാധിച്ചതിനാല്‍ പ്രധാനമായും മാനസികോല്ലാസത്തിനുള്ള വിവിധ പ്രോഗ്രാമുകളാണ് ആദ്യവാരം സംഘടിപ്പിക്കുന്നത്. കുട്ടികളെ മാനസികമായി തയാറാക്കുന്നതിനുള്ള ക്ലാസുകളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും എ.ഇ.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."