വയറിളക്ക രോഗങ്ങള്‍ തടയാം; പ്രതിരോധം തന്നെ മുഖ്യം
മലപ്പുറം: മഴക്കാലത്തോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വയറിളക്കം, കോളറ എന്നീ ജലജന്യ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലുടെയും ജൈവാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതു വഴി ദഹനേന്ദ്രിയ വ്യൂഹത്തെ ബാധിക്കുന്ന രോഗമാണിത്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടായാല്‍ ഇവയെ നിയന്ത്രിക്കാനും അതുമൂലമുള്ള മരണം തടയാനും സാധിക്കും. അതിനാല്‍ താഴെ കൊടുത്ത പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അഭ്യര്‍ഥിച്ചു.
ആഹാര ശുചിത്വം:
ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക. കുപ്പിപ്പാല്‍ ഒഴിവാക്കുക
വ്യക്തി ശുചിത്വം:
ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക കുഞ്ഞുങ്ങളുടെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക മലവിസര്‍ജനത്തിനു ശേഷം സോപ് ഉപയോഗിച്ച് കഴുകുക.
പാനീയ ചികിത്സ:
ഏതു വയറിളക്കവും അപകടകാരിയായി മാറാം. അതിനാല്‍ വയറിളക്കത്തിന്റെ ആരംഭം മുതല്‍തന്നെ പാനീയ ചികിത്സ തുടങ്ങണം. വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഉപ്പിട്ട മോരിന്‍വെള്ളം, കരിക്കിന്‍ വെള്ളം സാധാരണ ഉപയോഗിക്കുന്ന മറ്റു പാനീയങ്ങള്‍ എന്നിവ നല്‍കുക.
ഗൃഹപാനീയ
ചികിത്സയുടെ
നാലു നിയമങ്ങള്‍:
പാനീയം വര്‍ധിച്ച തോതില്‍ നല്‍കുക, ആഹാരം തുടര്‍ന്നും നല്‍കുക, നിര്‍ജലീകരണ ലക്ഷണങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കുക, മുലപ്പാല്‍ തുടര്‍ന്നും കൊടുക്കുക.
പരിസര ശുചിത്വം:
തുറസായ സ്ഥലത്ത് മല മൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക, വീടിന്റെ പരസരത്തു ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക, ഈച്ചശല്യം ഒഴിവാക്കുക, കന്നുകാലിത്തൊഴുത്തുകള്‍ കഴിവതും വീട്ടില്‍ നിന്ന് അകലെയായിരിക്കണം, പൊതുടാപ്പുകളും പരസരവും വൃത്തിയായി സൂക്ഷിക്കുക.
ശുദ്ധമായ കുടിവെള്ളം:
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക, കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, കിണറിനു ചുറ്റും മതില്‍ കെട്ടുക, ആഴ്ചയിലൊരിക്കല്‍ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, ചെറുതും വലുതുമായ കുടിവെള്ള പമ്പിങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുക.
ഒ.ആര്‍.എസ് ലായനി നല്‍കുക:
വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജലീകരണം പരിഹരിക്കുന്നതിന് വളരെ ലളിതവും ഉത്തമവുമായ ഔഷമാണ് ഒ.ആര്‍.എസ് ലായനി.
പാനീയ ചികിത്സയോടൊപ്പം സിങ്കും:
ലോകാരോഗ്യ സംഘടന, യുനിസെഫ്, ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദഗ്ധ സമിതി എന്നിവര്‍ സിങ്കിനെ വയറിളക്ക രോഗത്തിന്റെ ചികിത്സയില്‍ പാനീയ ചികിത്സയോടൊപ്പം നിര്‍ദേശിച്ചിട്ടുണ്ട്. സിങ്ക് വയറിളക്കത്തിന്റെ തീഷ്ണത കുറയ്ക്കുന്നതോടൊപ്പം അസുഖം വേഗത്തില്‍ മാറുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലും ദഹനേന്ദ്രിയത്തിലുമുള്ള സിങ്കിന്റെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. രണ്ടു മുതല്‍ ആറു മാസം വരെയുള്ള കുട്ടികള്‍ക്ക് 10. മി.ഗ്രാം ദിവസേന 14 ദിവസവും ആറ് മാസത്തിന് മുകളിലുള്ള കുട്ടികള്‍ക്ക് 20 മി.ഗ്രാം ദിവസേന 14 ദിവസവും നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."