15 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം: അമ്മ അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവെന്ന് വ്യക്തമായി. പൊലിസിന്റെ നിര്‍ണായകമായ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് യുവതി സമ്മതിച്ചു. എന്നാല്‍ എങ്ങനെയാണോ കൊലപ്പെടുത്തിയതെന്നോ എന്തിനുവേണ്ടിയാണോ കൊന്നതെന്നോ ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
ഇതോടെ ഇവരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.
മരണവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തശ്ശിയുടെ നിര്‍ണായകമൊഴിയില്‍ കുഞ്ഞിനെ പതിവായി മാതാവ് ഉപദ്രവിക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും മുത്തശ്ശി മൊഴിയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്നു കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായിരുന്നു.
ചോദ്യം ചെയ്യുന്നതിനായി അമ്മ ആതിരയെയും അച്ഛന് ഷാരോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് കൊലനടത്തിയത് അമ്മ ആതിരയാണെന്ന് വ്യക്തമായത്. കുട്ടിയുടെ മുത്തശ്ശനെയും പൊലീസ് ചോദ്യം ചെയ്യും. നാലുമാസം മുന്‍പ് ഭാര്യയുടെ അമ്മയെ മര്‍ദിച്ചതിന്റെ പേരില്‍ ഷാരോണിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ശ്വാസംമുട്ടിയായിരുന്നു മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് പുതിയകാവ് കൊല്ലംപള്ളി കോളനിയില്‍ കുട്ടിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുഞ്ഞിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."