അനുപമക്കെതിരേ വീണ്ടും സൈബര്‍ ആക്രമണം: തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക്; സര്‍ക്കാരിനുവേണ്ടി കലക്ടര്‍ കളിക്കേണ്ടന്നും മുന്നറിയിപ്പ്
തൃശൂര്‍: നീതി നടപ്പാക്കാന്‍ ഇറങ്ങിപുറപ്പെട്ടതിന്റെ പേരില്‍ തത്പരകക്ഷികളുടെ കണ്ണിലെ കരടായിരുന്നു ടി.വി അനുപമ ഐ.എ.എസ്. മുഖം നോക്കാതെ നടപടി എടുത്തതിന്റെ പേരിലാണ് അവര്‍ പലരുടെയും ശത്രുതാ ലിസ്റ്റില്‍ ഇടം പിടിച്ചത്. ഏറ്റവും ഒടുവില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മെഗാസ്റ്റാര്‍ സുരേഷ് ഗോപിവരേ അവരെ വാക്കുകള്‍കൊണ്ട് കുത്തിനോവിക്കുന്നതും കണ്ടു.
എന്നാല്‍ അതോടെ സംഘ് പരിവാര്‍ പോരാളികളുടെ നോട്ടപ്പുള്ളികൂടിയായി തൃശൂര്‍ ജില്ലാ കലക്ടറായ ടി.വി അനുപമ. സൈബര്‍ പോരാളികളാണ് അനുപമയെ കണക്കറ്റ് ശകാരിച്ചത്.
അച്ചടി ഭാഷയിലില്ലാത്ത വാക്കുകള്‍ കൊണ്ട് തെറിവിളിച്ചവര്‍ ഇപ്പോള്‍ തൃശൂര്‍ പൂരത്തിന് സുരക്ഷ ഉറപ്പാക്കാനായി തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലും അവര്‍ക്കെതിരേ വാളെടുത്തിരിക്കുകയാണ്.
സൈബറിടത്തുതന്നെയാണ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഞങ്ങടെ വികാരമാണെന്നും സര്‍ക്കാരിനുവേണ്ടി കലക്ടര്‍ കളിക്കേണ്ടന്നും ചിലര്‍ ടി.വി അനുപമയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംഘപരിവാര ഗ്രൂപ്പുകളില്‍ കലക്ടര്‍ അനുപമയ്‌ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷവും മതവികാരമുണര്‍ത്തുന്ന കുറിപ്പുകളും ശബ്ദസന്ദേശങ്ങളും നിറയുന്നുണ്ട്.
പൂരങ്ങള്‍ക്ക് ചിലപ്പോള്‍ ആനകള്‍ ഇടയും, കലക്ടര്‍ക്കും മറ്റാര്‍ക്കെങ്കിലും പേടിയുണ്ടെങ്കില്‍ വരണ്ട. പേടിയില്ലാത്തവര്‍ വന്നാല്‍മതി എന്ന പോസ്റ്റും പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."